ഇന്ന് ഏപ്രിൽ 01; മാർച്ചും കഴിഞ്ഞു, മെസ്സി വന്നില്ല
text_fieldsകോഴിക്കോട്: ഇന്ന് ഏപ്രിൽ 01. അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയെ കൊണ്ടുവരുമെന്ന് കേരളത്തിലെ ഫുട്ബാൾ ആരാധകർക്ക് കായികമന്ത്രി വീണ്ടും വാഗ്ദാനം നൽകിയിട്ട് ഒമ്പത് മാസവും ഏഴ് ദിവസവും തികഞ്ഞു. പ്രഖ്യാപനങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ വാർത്തകൾക്കൊടുവിൽ മെസ്സി മാർച്ചിൽ എത്തുമെന്നാണ് അവസാനം മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത്. എന്നാൽ, മാർച്ച് മാസവും കഴിഞ്ഞതോടെ മെസ്സി കേരളത്തിൽ കളിക്കുന്നത് വെറും ദിവാസ്വപ്നമായി. അർജന്റീന ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിരാകരിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ തുടക്കം.
അന്നുമുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായികമന്ത്രി തന്റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. ഒക്ടോബറിൽ കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. ഇതിനായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) പ്രതിനിധികളുമായി കായികമന്ത്രി സ്പെയിലെ മഡ്രിഡിൽ കൂടിക്കാഴ്ചയും നടത്തി. എന്നാൽ, അർജന്റീന ടീമിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. സ്പോൺസർമാർ പണം കൊടുക്കാത്തതിന് സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അപ്പോൾ മന്ത്രിയുടെ പ്രതികരണം.ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായും 2026ൽ വരാമെന്ന വാഗ്ദാനം സ്പോൺസർമാർ നിരസിച്ചതായും പിന്നീട് മന്ത്രി പറഞ്ഞു. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷനും പറഞ്ഞു. പിന്നാലെ, മെസ്സി ഉള്‍പ്പെടുന്ന ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സ്പോൺസറായിരുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി വലിയ പ്രചാരണം നടത്തുകയും കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പണി തുടങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്ന് സ്പോൺസർ പറഞ്ഞു. അതോടൊപ്പം അടുത്ത മാർച്ചിൽ കളിക്കുമെന്നും സ്പോൺസർ പ്രഖ്യാപിച്ചു.
മെസ്സിയെ കൊണ്ടുവരാനുള്ള ഈ ശ്രമത്തിന് സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന അബ്ദുറഹിമാന്റെ വാദവും അതിനിടെ പൊളിഞ്ഞു. ടീമിന്റെ ക്ഷണപ്രകാരം സ്പെയിനിലേക്ക് നടത്തിയ യാത്രക്ക് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. 2024 സെപ്റ്റംബറിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്പെയിൻ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

