നെഹ്റുട്രോഫി ജലമേള ഇന്ന്
text_fieldsആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരതീർത്ത് 69ാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് കെ. ദേശായി നിർവഹിക്കും. എ.എം. ആരിഫ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, മന്ത്രിമാരായ കെ.രാജൻ, സജി ചെറിയാൻ, പി. പ്രസാദ്, എം.ബി. രാജേഷ്, വീണ ജോർജ്, വി. അബ്ദുറഹിമാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല കലക്ടർ ഹരിത വി. കുമാർ, സബ് കലക്ടർ സൂരജ് ഷാജി എന്നിവർ പങ്കെടുക്കും.
രാവിലെ 11ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനുശേഷം മാസ്ഡ്രിൽ നടക്കും. ഇതിന് പിന്നാലെ ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്സുകളാണുള്ളത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലുവള്ളങ്ങൾ നെഹ്റുട്രോഫി ഫൈനലിൽ പോരിനിറങ്ങും. ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മത്സരിക്കുന്നത്. ചുണ്ടന് വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്-നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ്-നാല്, തെക്കനോടി (തറ)-മൂന്ന്, തെക്കനോടി (കെട്ട്)-നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.Nehrutrophy boat race
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

