നീരജിന് ഇന്ന് ക്വാളിഫയേറ്
text_fieldsനീരജ് ചോപ്ര
ടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ പുരുഷ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ബുധനാഴ്ച യോഗ്യത റൗണ്ടിൽ ഇറങ്ങുന്നു. സെപ്റ്റംബർ 19ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി ലോക ചാമ്പ്യൻപട്ടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് നീരജ്. ചരിത്രത്തിലാദ്യമായി നാല് ഇന്ത്യക്കാർ ഇക്കുറി പുരുഷ ജാവലിൻ ത്രോയിൽ മത്സരിക്കുന്നുണ്ട്. നീരജിന് പുറമെ, സചിൻ യാദവ്, രോഹിത് യാദവ്, യശ്വീർ സിങ് എന്നിവരാണ് രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത്. പാരിസ് ഒളിമ്പിക്സ് ചാമ്പ്യൻ പാകിസ്താന്റെ അർഷദ് നദീമാണ് നീരജിന്റെ പ്രധാന എതിരാളി. പാരിസ് ഒളിമ്പിക്സിനു ശേഷം ആദ്യമായാണ് ഇരുവരും നേർക്കുനേർ എത്തുന്നത്.
രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യത മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ നീരജ്, സചിൻ ജർമനിയുടെ ഡയമണ്ട് ലീഗ് ചാമ്പ്യൻ ജൂലിയൻ വെബർ, ചെക് റിപബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ്, ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ മുൻ ഒളിമ്പിക് ചാമ്പ്യൻ കെഷോൺ വാൽക്കോട്ട് തുടങ്ങിയവരും ബിയിൽ നദീം, രോഹിത്, യശ്വീർ, ബ്രസീലിന്റെ ലൂയിസ് ഡാ സിൽവ, മുൻ ചാമ്പ്യന്മാരായ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, കെനിയയുടെ ജൂലിയസ് യെഗോ തുടങ്ങിയവരും മാറ്റുരക്കും.
ഇന്ത്യയിൽനിന്ന് നീരജ് മാത്രമാണ് 90 മീറ്റർ പിന്നിട്ടിട്ടുള്ളത്. ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും ഓരോ സ്വർണവും വെള്ളിയും കൈക്കലാക്കിയ താരം നാലു മാസം മുമ്പ് നടന്ന ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ എറിഞ്ഞ് ചരിത്രം കുറിച്ചിരുന്നു. യോഗ്യത റൗണ്ടിൽ മത്സരിക്കുന്ന പലരും ഈ നേട്ടം മുമ്പേ കരസ്ഥമാക്കിയവരാണ്. പാരിസ് ഒളിമ്പിക്സിലും ഡയമണ്ട് ലീഗ് ഫൈനലിലും രണ്ടാം സ്ഥാനത്തായ നീരജിന് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണിത്.
സബാഷ് കുഷാരെ; ഹൈജംപിൽ ഇന്ത്യൻ താരത്തിന് ആറാംസ്ഥാനം
ടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് പുരുഷ ഹൈജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം കുറിച്ച സർവേഷ് അനിൽ കുഷാരെ മികച്ച പ്രകടനത്തോടെ അവസാനിപ്പിച്ചു. 13 പേർ പങ്കെടുത്ത ഫൈനലിൽ ആറാം സ്ഥാനം ലഭിച്ചു കുഷാരെക്ക്. മികച്ച വ്യക്തിഗത പ്രകടനമായ 2.28 മീറ്റർ ചാടാൻ താരത്തിനായി. വേൾഡ് ലീഡോടെ ന്യൂസിലൻഡിന്റെ ഹാമിഷ് കെർ (2.36 മീ.) സ്വർണവും ദക്ഷിണ കൊറിയയുടെ സാംഗ്യോക് വൂ (2.34 മീ.) വെള്ളിയും നേടി. ചെക് റിപ്പബ്ലിക്കിന്റെ ജാൻ സ്റ്റെഫാലക്കാണ് (2.31 മീ.) വെങ്കലം.
ഇന്ത്യ ഇന്ന്
3.35pm പുരുഷ ട്രിപ്ൾ ജംപ് യോഗ്യത -അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ
3.40pm പുരുഷ ജാവലിൻ ത്രോ യോഗ്യത ഗ്രൂപ് എ -നീരജ് ചോപ്ര, സചിൻ യാദവ്
5.15pm പുരുഷ ജാവലിൻ ത്രോ യോഗ്യത ഗ്രൂപ് ബി- യശ്വീർ സിങ്, രോഹിത് യാദവ്
4.45pm പുരുഷ 200 മീ. ഹീറ്റ്സ് -അനിമേഷ് കുജൂർ
ആദ്യ ശ്രമത്തിൽത്തന്നെ 2.20 മീ. ക്ലിയർ ചെയ്താണ് കുഷാരെ തുടങ്ങിയത്. തുടർന്ന് 2.24 മീ. രണ്ടാം ശ്രമത്തിലും മറികടന്നു. രണ്ട് ഫൗളുകൾക്ക് ശേഷം മൂന്നാം ശ്രമത്തിലും 2.28 മീറ്റർ കൈവരിച്ചതോടെ വ്യക്തിഗത പ്രകടനമായ 2.27 മീറ്ററിന് മുകളിലെത്തി കുഷാരെ. പിന്നാലെ 2.31ലെ മൂന്ന് ശ്രമങ്ങളും പാഴായി. ഫൈനലിൽ മത്സരിച്ച 13ൽ 12 താരങ്ങളും വ്യക്തിഗത പ്രകടനത്തിൽ കുഷാരെക്ക് മുകളിലുള്ളവരായിരുന്നുവെന്നതാണ് ഇന്ത്യൻ താരത്തിന്റെ ആറാം സ്ഥാനത്തിന് തിളക്കം കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

