ദേശീയ സീനിയർ വോളിബാൾ; കിരീടനിറവിൽ കേരളം
text_fieldsദേശീയ സീനിയർ പുരുഷ വോളിബാൾ ചാമ്പ്യന്മാരായ കേരള ടീം ട്രോഫിയുമായി
ജയ്പൂർ: വോളിബാളിൽ കീഴടങ്ങാൻ മനസ്സില്ലെന്ന പ്രഖ്യാപനമായി കേരള സീനിയർ പുരുഷ ടീമിന്റെ കിരീടധാരണം. ടീം കിരീടം നിലനിർത്തിയപ്പോൾ വനിത വിഭാഗത്തിൽ റെയിൽവേസിനു മുന്നിൽ തോൽവി സമ്മതിച്ച മലയാളി പെൺകൊടികൾ റണ്ണേഴ്സ് അപ്പായി.
ജയ്പൂർ സവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഒരാഴ്ചയായി 69ാമത് ദേശീയ വോളിയിലായിരുന്നു പുരുഷ, വനിത കലാശപ്പോരിൽ കേരളം ഇറങ്ങിയത്. രണ്ടുമണിക്കൂർ നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിലായിരുന്നു സർവിസസിനെതിരെ കേരള പുരുഷന്മാരുടെ ആധികാരിക ജയം. ഗ്രൂപ് ഘട്ടത്തിൽ ഇതേ സർവിസസിനോട് വഴങ്ങിയ തോൽവിക്ക് മധുരപ്രതികാരം കൂടിയായി കിരീടപ്പോരിലെ ജയം. സ്കോർ: 25-20, 26-24, 19-25, 21-25, 15-12. ആദ്യ രണ്ടു സെറ്റ് നേടിയ ശേഷം തിരിച്ചുകയറിയ പട്ടാളക്കാർ അടുത്ത രണ്ടും നേടിയതോടെ ആവേശം പരകോടിയിലെത്തിയ പോരാട്ടത്തിൽ നിർണായകമായ അഞ്ചാം സെറ്റ് 12-12ൽ നിന്നതോടെ എന്തും സംഭവിക്കുമെന്നായി. എന്നാൽ, പിന്നീട് മൂന്ന് പോയന്റും അടിച്ചെടുത്തായിരുന്നു കാത്തിരുന്ന ഗംഭീര വിജയം. ‘‘അന്നും അഞ്ച് സെറ്റിൽ തോറ്റ് ഗ്രൂപ്പിൽ രണ്ടാമതായതാണ് കേരളം. എന്നാൽ, മധുര പ്രതികാരമായിരുന്നു ഞങ്ങളുടെ മനസ്സിൽ. ആദ്യ സെറ്റുകൾ നേടിയതിന്റെ ആലസ്യത്തിലായതിനാൽ അതേ ഊർജം നിലനിർത്താനായില്ല. അവസരമാക്കി സർവിസസ് അടുത്ത രണ്ടും പിടിച്ചു. എന്നാൽ, ഒടുക്കം കിരീടം കൈപ്പിടിയിൽ നിർത്തുന്നതിൽ വിജയമായി’’- കേരള ക്യാപ്റ്റൻ അബ്ദുൽ റഹീമിന്റെ വാക്കുകൾ. റെയിൽവേസിനെ അഞ്ച് സെറ്റ് പോരാട്ടത്തിൽ കടന്ന് തമിഴ്നാട് പുരുഷവിഭാഗത്തിൽ മൂന്നാമന്മാരായി.
വനിതകളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ നാല് സെറ്റ് പോരാട്ടത്തിലാണ് റെയിൽവേസ് വീഴ്ത്തിയത്. സ്കോർ 25-18, 24-26, 25-15, 25-12. രണ്ടാം സെറ്റിൽ മാത്രമായിരുന്നു കേരള വനിതകൾ ആധികാരികമായി കളിച്ച് ഒപ്പം നിന്നത്. അവസാന സെറ്റുകളിൽ അനായാസം കളി കൈവിട്ട് എതിരാളികൾക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. തമിഴ്നാടിനെ വീഴ്ത്തി പശ്ചിമ ബംഗാൾ വനിതകൾ മൂന്നാമരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

