ദേശീയ പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്: പുലാമന്തോളിൽനിന്ന് 18 പേർ
text_fieldsദേശീയ പെങ്കാക്ക് സിലാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ഹരിയാനയിലേക്ക് പുറപ്പെട്ട 18 അംഗ സംഘത്തിന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകിയപ്പോൾ
പുലാമന്തോൾ: ദേശീയ പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 18 അംഗ സംഘം ഹരിയാനയിലേക്ക് യാത്രയായി. ഡിസംബർ 24 മുതൽ 27 വരെ ഹരിയാനയിലെ റോത്തക്ക് എം.ടി യൂനിവേഴ്സിറ്റിയിൽ നടക്കുന്ന ദേശീയ പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിലേക്കാണ് 18 പേരടങ്ങുന്ന സംഘം കേരളത്തിനു വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 18, 19 തീയതികളിലായി തിരുവനന്തപുരം പൊത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ നടന്ന സംസ്ഥാന പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിലാണ് 18 അംഗ സംഘം ദേശീയ പെങ്കാക്ക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
ദേശീയ തലത്തിൽ കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ സ്വർണമടക്കം ഏഴു മെഡലുകൾ ഈ സംഘം നേടിയിരുന്നു.
പുലാമന്തോൾ ഐ.എസ്.കെ മാർഷ്യൽ ആർട്സിലെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയാണ് സംഘത്തിന് പരിശീലനം നൽകുന്നത്. ഹരിയാനയിലേക്ക് യാത്രയായ 18 അംഗ സംഘത്തിന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.