ജോമോന് സ്വർണം; അനീസിന് വെള്ളി
text_fieldsലോങ് ജംപിൽ വെള്ളി നേടിയ മുഹമ്മദ് അനീസിന്റെ പ്രകടനം, ഹൈജംപിൽ സ്വർണം നേടിയ
ജോമോൻ ജോയ്
ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം കേരളത്തിന്റെ ക്രഡിറ്റിലേക്ക് ഒരോ സ്വർണവും വെള്ളിയും കൂടി. പുരുഷന്മാരുടെ ഹൈജംപിൽ കൊല്ലം പോരുവഴി സ്വദേശി ജോമോൻ ജോയ് സ്വർണം നേടിയപ്പോൾ ലോങ് ജംപിൽ മുഹമ്മദ് അനീസ് വെള്ളിയണിഞ്ഞു. ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണം നേടിയ അനീസിന് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റെയിൽവേസിന്റെ എസ്. ആര്യ ഈയിനത്തിൽ സ്വർണം നേടി. പുരുഷന്മാരുടെ ഹൈജംപ് മത്സരത്തിൽ 2.14 മീറ്റർ കടന്നാണ് ജോമോന്റെ നേട്ടം. റെയിൽവേസിന്റെ ആദർശ് റാം വെള്ളി നേടി. കേരളത്തിനായി എ. അതുൽജിത്തും ബി. ഭരതും മത്സരിച്ചെങ്കിലും ആറും ഏഴും സ്ഥാനത്തൊതുങ്ങി.
പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ കേരളത്തിന്റെ മുഹമ്മദ് ഷാൻ, അഭിനവ്, ബിബിൻ, പ്രണവ് എന്നിവരടങ്ങുന്ന ടീമിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒഡിഷ സ്വർണവും റെയിൽവേസ് വെള്ളിയും നേടി. സർവിസസിന് പിന്നിലായാണ് കേരള ടീം ഫിനിഷ് ചെയ്തത്. വനിതകളുടെ ഈയിനത്തിൽ കർണാടക, റെയിൽവേസ്, ഒഡിഷ എന്നിവർ യഥാക്രമം വിജയികളായി. രണ്ടു വീതം സ്വർണവും വെള്ളിയുമാണ് മീറ്റിൽ ഇതുവരെ കേരളത്തിന്റെ സമ്പാദ്യം.

