അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് ആദ്യ സ്വർണവുമായി ആതിഥേയർ
text_fields10,000 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ മംഗളൂരു സർവകലാശാലയുടെ ആദേശ് യാദവിനെ ആശ്ലേഷിക്കുന്ന
പരിശീലകൻ ബിജീന്ദർ സിങ് -പി. സന്ദീപ്
മൂഢബിദ്രി (മംഗളൂരു): 10,000 മീറ്ററിലെ മീറ്റ് റെക്കോഡ് സ്വർണത്തോടെ 81ാമത് അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്ലറ്റിക്മീറ്റിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മംഗളൂരു കുതിപ്പ് തുടങ്ങി. മൂഢബിദ്രി സ്വരാജ് മൈതാനിയിൽ ആദ്യദിനത്തിൽ നടന്ന ഏക ഫൈനലിൽ ഉത്തർപ്രദേശ് ആഗ്ര സ്വദേശിയും ആൽവാസ് കോളജ് ബി.എസ്സി വിദ്യാർഥിയുമായ ആദേശ് യാദവ് (29:15:46 സെ.) ആണ് മീറ്റിലെ ആദ്യ സ്വർണം സ്വന്തമാക്കിയത്. മൂഢബിദ്രിയിൽ കഴിഞ്ഞതവണ മീറ്റ് റെക്കോഡ് നേടിയ, സുഹൃത്ത് കൂടിയായ നരേന്ദ്ര പ്രതാപ് സിങ്ങിന്റെ സമയമാണ് (29:42:19 സെ.) ആദേശ് ഇത്തവണ മറികടന്നത്. കഴിഞ്ഞതവണ 5000 മീറ്ററിൽ നരേന്ദ്ര സ്വർണമണിഞ്ഞപ്പോൾ ആദേശിനായിരുന്നു വെള്ളി. ആഗ്രയിലെ കർഷകരായ രാംബ്രേസ് യാദവ് -രാംരല്ലി യാദവ് ദമ്പതികളുടെ നാലാമത്തെ മകനാണ് ആദേശ്.
ഡൽഹിയിൽ നടന്ന സംസ്ഥാന മീറ്റിനിടെയാണ് നരേന്ദ്രയുമായി പരിചയപ്പെടുന്നതും അടുപ്പക്കാരനാവുന്നതും. ഈയടുപ്പമാണ് നരേന്ദ്രയുടെ വഴിയേ ആദേശിനെയും ആൽവാസ് കോളജിലെത്തിച്ചത്. കൂട്ടുകാരന്റെ സ്വർണനേട്ടത്തിൽ അഭിമാനിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ നരേന്ദ്ര പറഞ്ഞു. വെള്ളി നേടിയ ഉത്തർപ്രദേശിലെ ജനനായക് ചന്ദ്രശേഖർ സർവകലാശാലയിലെ ആരിഫ് അലിയും (29:18:82 സെ.) മീറ്റ് റെക്കോഡ് മറികടന്നു. ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലെ ശുഭം സിന്ധുവിനാണ് വെങ്കലം.
മേളയുടെ രണ്ടാംദിനമായ ബുധനാഴ്ച ഹൈജംപ് ഫൈനലിൽ കാലിക്കറ്റ് സർവകലാശാലയുടെ മുഹമ്മദ് ജസീം, എം.ജിയുടെ ടി.എൻ. ദിൽഷിത് എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ട്രിപ്ൾ ജംപിൽ എം.ജിയുടെ ആകാശ് എം. വർഗീസ്, കാലിക്കറ്റിന്റെ സി.ഡി. അഖിൽകുമാർ എന്നിവരും ട്രാക്കിലിറങ്ങും. 400 മീറ്ററിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ മലയാളി അത്ലറ്റ് ടി.എസ്. മനു ഫൈനൽ കാണാതെ സെമിയിൽ പുറത്തായി. ഏഴ് ഫൈനലുകളാണ് ബുധനാഴ്ച നടക്കുക.