'വടംവലി'യിൽ ആരടിക്കും കപ്പ്
text_fieldsകോഴിക്കോട്: ദേശീയ ഗെയിംസ് ജനുവരി 28ന് ഉത്തരാഖണ്ഡിൽ ആരംഭിക്കവെ ഒരുക്കത്തിൽ കേരള ഒളിമ്പിക് അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും തമ്മിൽ ഏകോപനമില്ലാത്തത് കല്ലുകടിയാവുന്നു. കഴിഞ്ഞ ദിവസം സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്തസമ്മേളനം വിളിച്ച് കേരളത്തിൽനിന്ന് പങ്കെടുക്കുന്നവരുടെ എണ്ണവും കോഓഡിനേറ്ററുടെ പേരും പ്രഖ്യാപിക്കുകയും തയാറെടുപ്പുകൾ വിശദീകരിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച തിരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷന്റെ വാർത്തസമ്മേളനവുമുണ്ട്. കേരള ടീമിന്റെ ഒരുക്കവും മറ്റും വിശദീകരിക്കുന്നതിനായാണിതെന്ന് അറിയിപ്പിൽ പറയുന്നു. പതാക വഹിക്കുന്നതാരെന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
479 താരങ്ങൾ കേരളത്തെ പ്രതിനിധാനംചെയ്യുമെന്ന് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ച സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ടീം കോഓഡിനേറ്ററായി കെ.സി. ലേഖയെ നിയമിച്ചതായും വ്യക്തമാക്കിയിരുന്നു. സർക്കാർതലത്തിൽ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചു.
കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷറർ കൂടിയായ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്തും വാർത്തസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ദേശീയ ഗെയിംസ് വോളിബാളിന് സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും വെവ്വേറെ ടീമുകളെ തെരഞ്ഞെടുത്തിരുന്നു.
കെ.ഒ.എയുടെ ടീമിന് അനുകൂലമായ നിലപാടാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സ്വീകരിച്ചത്. തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി ഹൈകോടതിയിലുമെത്തി. ഈ നിയമയുദ്ധം നടക്കവെയാണ് പതിവില്ലാത്ത വാർത്തസമ്മേളനങ്ങളും.
വോളി വിഷയത്തിൽ സ്പോർട്സ് കൗൺസിലിനൊപ്പമാണെന്ന് കെ.ഒ.എ ട്രഷററായിട്ടും രഞ്ജിത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ ഗോവയിൽ നടന്ന ദേശീയ ഗെയിംസിന് സ്പോർട്സ് കൗൺസിൽ ദൗത്യസംഘത്തലവനെ നിയമിച്ചെങ്കിലും കെ.ഒ.എ ചുമതലപ്പെടുത്തിയയാളെയാണ് ഐ.ഒ.എ അംഗീകരിച്ചത്.
ഇക്കുറി ചീഫ് ദ മിഷനായി മുൻ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറെ കെ.ഒ.എ നിയോഗിച്ചിട്ടുണ്ട്. ടീം ക്യാപ്റ്റനെയും അസോസിയേഷൻ പ്രഖ്യാപിക്കാനിരിക്കെയാണ് കോഓഡിനേറ്ററെ സ്പോർട്സ് കൗൺസിൽ നിയമിച്ചിരിക്കുന്നത്. താരങ്ങളുടെയും ഒഫിഷ്യലുകളുടെയും എണ്ണം ഇന്ന് കെ.ഒ.എ വാർത്തസമ്മേളനത്തിലും അറിയിക്കുമെന്നാണ് കരുതുന്നത്.
സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾക്കും സാധ്യതയുണ്ട്. സർക്കാർ ചെലവിലാണ് താരങ്ങളുടെ പരിശീലനവും യാത്രയുമെല്ലാം. ഇതാണ് സ്പോർട്സ് കൗൺസിലിന്റെ ഇടപെടലിന് കാരണം. എന്നാൽ, ഐ.ഒ.എ ഗെയിംസ് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സംസ്ഥാന അസോസിയേഷനുകളുമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

