വെറും കോർട്ടിലല്ല ഹൈകോർട്ടിലാണ് വോളി
text_fieldsകോഴിക്കോട്: ദേശീയ ഗെയിംസ് വോളിബാൾ കേരള ടീമിനെച്ചൊല്ലിയുള്ള തർക്കം ഇക്കുറിയും കോടതി കയറി. കേരള ഒളിമ്പിക് അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും പതിവുപോലെ വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടി മൂത്ത് കഴിഞ്ഞ തവണത്തെ ഗോവ ദേശീയ ഗെയിംസിൽനിന്ന് വോളിബാൾ തന്നെ ഒഴിവാക്കിയിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദേശപ്രകാരം കേരള ഒളിമ്പിക് അസോസിയേഷൻ ഇത്തവണ പങ്കെടുക്കുന്ന പുരുഷ, വനിത ടീമുകളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ അംഗീകാരമുള്ള ടീമുകളെ കളിപ്പിക്കുന്നതിനായി കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസയച്ചിട്ടുണ്ട്. 2022ലെ ഗുജറാത്ത് ഗെയിംസിലാണ് അവസാനമായി വോളിബാൾ നടന്നത്. ഇരു വിഭാഗങ്ങളിലും കേരളം സ്വർണം നേടിയിരുന്നു.
വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള വോളിബാൾ അസോസിയേഷനും കുറേക്കാലമായി സസ്പെൻഷനിലാണ്. ആയതിനാൽ അസോസിയേഷന് ടീമിനെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നാണ് സ്പോർട്സ് കൗൺസിൽ വാദിക്കുന്നത്. ഐ.ഒ.എ ടീം ലിസ്റ്റ് ചോദിച്ചത് കേരള ഒളിമ്പിക് അസോസിയേഷനോടാണ്. ഇവരാവട്ടെ വോളിബാൾ അസോസിയേഷന്റെ സഹകരണത്തോടെ പട്ടികയുണ്ടാക്കി സമർപ്പിക്കുകയും ചെയ്തു.
2022ൽ തർക്കമുണ്ടായപ്പോൾ താരങ്ങൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി പ്രഖ്യാപിച്ച ടീമിന് അനുകൂലമായി വിധി വന്നു. ഏറക്കുറെ ഒരേ താരങ്ങളാണ് രണ്ട് കൂട്ടരുടെയും ടീമുകളിലുണ്ടാവാറ്. ഇവർ വെവ്വേറെ ക്യാമ്പുകളും തുടങ്ങിയതോടെ കളിക്കാർ തീർത്തും ആശയക്കുഴപ്പത്തിലുമായി. കെ.ഒ.എ നൽകിയ ടീമിന് അനുകൂലമായാണ് കഴിഞ്ഞ ദിവസം ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷ പ്രതികരിച്ചത്. വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയെ ഐ.ഒ.എയെ സസ്പെൻഡ് ചെയ്ത് രൂപം നൽകിയ അഡ്ഹോക് കമ്മിറ്റിയാണ് ഇപ്പോൾ ദേശീയ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

