ദേശീയ ഗെയിംസ് വോളി: യോഗ്യത കെ.ഒ.എ തിരഞ്ഞെടുത്ത ടീമിനെന്ന് ഹൈകോടതി
text_fieldsകോഴിക്കോട്: 38 ാമത് ദേശീയ ഗെയിംസ് വോളിബാളിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിനെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. മത്സരിക്കാന്‍ യോഗ്യത കേരള ഒളിമ്പിക് അസോസിയേഷന് തിരഞ്ഞെടുത്ത ടീമിനാണെന്ന് കോടതി വിധിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മിറ്റി നല്കിയ ഹരജിയിലാണ് തീര്‍പ്പ് കൽപിച്ചത്. ഹരജി വെള്ളിയാഴ്ച സിംഗിൾ ബെഞ്ച് തള്ളിയതിന് പിന്നാലെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീൽ ഡിവിഷൻ ബെഞ്ചും നിരാകരിച്ചു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിര്‍ദേശപ്രകാരമാണ് കെ.ഒ.എ ടീം തിരഞ്ഞെടുത്തത്. 14 ജില്ലകളിലും മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കി സെലക്ഷന് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല സെലക്ഷന് പൂര്‍ത്തീകരിച്ചത്. ഈ ടീം ലിസ്റ്റ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കൈമാറിയിട്ടുണ്ട്. അതോടൊപ്പം സെലക്ഷന് സമയത്ത് കേരള സ്പോര്‍ട്സ് കൗണ്‍സിലിനെയും കൗണ്‍സില്‍ നിശ്ചയിച്ച ടെക്നിക്കല്‍ കമ്മിറ്റിയെയും അറിയിച്ചിരുന്നെങ്കിലും അതില്‍ പങ്കെടുക്കാതെ അവസാന നിമിഷം നല്കുന്ന ഹരജി പരിഗണിക്കാന്‍ സാധിക്കുന്നതല്ലെന്നും കോടതി അറിയിച്ചു. ഐ.ഒ.എ രൂപവത്കരിച്ച ദേശീയ വോളിബാൾ അഡ്ഹോക് കമ്മിറ്റിക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നൽകുന്ന നിര്‍ദേശങ്ങളെ മറികടന്ന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കില്ല എന്നും കോടതി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന് തിരഞ്ഞെടുപ്പ് പ്രക്രിയ റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തിലാണ് നടത്തിയത്.
കേരള വോളിബാള്‍ അസോസിയേഷന്റെ അംഗീകാരം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ റദ്ദ് ചെയ്തതാണെന്ന് ടെക്നിക്കല്‍ കമ്മിറ്റി വാദിച്ചെങ്കിലും റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തതിനാല്‍ കേരള വോളിബാൾ അസോസിയേഷന് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാം എന്നും കോടതി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന് കേരള വോളിബാള്‍ അസോസിയേഷനുമായി ചേര്‍ന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ തിരഞ്ഞെടുത്തത്.
അതേസമയം, ഗെയിംസ് ജനുവരി 28ന് തുടങ്ങാനിരിക്കെ സ്പോർട്സ് കൗൺസിൽ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. കേരള വോളിബാൾ അസോസിയേഷന്റെ അഫിലിയേഷൻ കേരള സ്പോർട്സ് കൗൺസിൽ നേരത്തേ റദ്ദു ചെയ്തിരുന്നു. അതിന് ബദലായി സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയെ നിയമിച്ചു. ഈ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്പോർട്സ് കൗൺസിൽ ദേശീയ ഗെയിംസിന് ടീമിനെ ഇറക്കിയത്. ഇവരെ കളിപ്പിക്കണം എന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

