കൊന്നിചിവ നിഹോൺ; ഹലോ ജപ്പാൻ
text_fieldsഏഷ്യൻ ഗെയിംസ് ദീപശിഖ പ്രയാണം ജപ്പാനിലെ ഗാമഗോരി നഗരത്തിൽ
നാഗോയ (ജപ്പാൻ): വൻകരയുടെ കായിക മാമാങ്കത്തിന്റെ 20ാം പതിപ്പിന് ജപ്പാനിലെ ഐച്ചി പ്രിഫെക്ചറും നാഗോയ നഗരവും ഒരുങ്ങി. ചില മത്സരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും ശനിയാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. ഐച്ചി-നാഗോയ കൂടാതെ ടോക്യോ, ഒസാക്ക തുടങ്ങിയ ചില അയൽ നഗരങ്ങളും ഏഷ്യൻ ഗെയിംസിന്റെ സഹവേദികളാണ്. 43 കായിക ഇനങ്ങളിലായി 469 മെഡൽ മത്സരങ്ങളാണ് നടക്കുന്നത്. വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ ഏറക്കുറെ ജപ്പാനിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
കർശന പെരുമാറ്റച്ചട്ടങ്ങൾ
ഇന്ത്യൻ കായികതാരങ്ങൾക്ക് കർശനമായ പെരുമാറ്റച്ചട്ടങ്ങൾ നൽകിയിട്ടുണ്ട്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഡെപ്യൂട്ടി ചീഫ് ഡി മിഷൻ അചന്ത ശരത് കമലും ചേർന്നാണ് അത്ലറ്റുകൾക്ക് ജപ്പാനിലെ സാമൂഹിക നിയമങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകിയത്. മാലിന്യ നിർമാർജനം, ശബ്ദ നിയന്ത്രണം, പൊതു പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് പെരുമാറ്റച്ചട്ടം. ജപ്പാനിൽ പൊതു ഡസ്റ്റ്ബിന്നുകൾ കുറവായതിനാൽ, സ്വന്തമായി ട്രാഷ് ബാഗുകൾ കരുതാനും മാലിന്യങ്ങൾ പിന്നീട് കൃത്യമായി സംസ്കരിക്കാനും നിർദേശമുണ്ട്. പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നത് ജപ്പാനിൽ നിരോധിച്ചിരിക്കുന്നു. ഫോണുകൾ സൈലന്റ് മോഡിൽ സൂക്ഷിക്കുകയും ഇയർഫോണുകൾ മാത്രം ഉപയോഗിക്കുകയും വേണമെന്ന് താരങ്ങളെ അറിയിച്ചിട്ടുണ്ട്. കൃത്യമായി ക്യൂ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ അപരിചിതരെ കെട്ടിപ്പിടിക്കുകയോ സ്പർശിക്കുകയോ ചെയ്യാതിരിക്കണമെന്നും നിർദേശം നൽകി. വീടുകൾ, ആരാധനാലയങ്ങൾ, ചില താമസസ്ഥലങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുമ്പോൾ പുറത്തുപയോഗിക്കുന്ന ചെരിപ്പുകൾ മാറ്റിവെച്ച് ഇൻഡോർ സ്ലിപ്പറുകൾ ഉപയോഗിക്കണം. ജപ്പാനിലെ റസ്റ്റാറന്റുകളിൽ ടിപ്പ് നൽകുന്ന പതിവില്ലെന്നും താരങ്ങളെ ഓർമപ്പെടുത്തിയിട്ടുണ്ട്.
കല്ലുകടി നേരിട്ട് താരങ്ങൾ
ഇന്ത്യൻ താരങ്ങൾ നാഗോയയിൽ എത്തിച്ചേർന്ന് താമസസ്ഥലങ്ങളിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും, ആദ്യ ഘട്ടത്തിൽ കടുത്ത ലോജിസ്റ്റിക്സ് ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പരമ്പരാഗതമായ ഒരു ‘ഗെയിംസ് വില്ലേജ്’ ഇല്ലാത്തതിനാൽ ആഡംബര കപ്പൽ, ഷിപ്പിങ് കണ്ടെയ്നറുകൾ, വിവിധ ഹോട്ടലുകൾ എന്നിവയിലായാണ് അത്ലറ്റുകളുടെ താമസം ഒരുക്കിയിരിക്കുന്നത്. എന്നാൽ, തുടക്കത്തിൽ തന്നെ വലിയ ഏകോപനമില്ലായ്മയാണ് അത്ലറ്റുകൾക്ക് നേരിടേണ്ടിവന്നത്. 12 മണിക്കൂറിലധികം നീണ്ട യാത്രക്കു ശേഷം എത്തിയ മറ്റ് ചില ഇന്ത്യൻ താരങ്ങൾക്ക് കപ്പലിൽ മുറി ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പിന്നീട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇടപെട്ടാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്.
താമസം, കാലാവസ്ഥ, ദൂരം വെല്ലുവിളി
‘‘കണ്ടയ്നറുകളിലും ക്രൂയിസ് കപ്പലുകളിലും താമസിക്കുന്ന എല്ലാ അത്ലറ്റുകളോടും അവിടെ സ്ഥലപരിമിതി ഉണ്ടാകുമെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ബംഗളൂരു, പട്യാല തുടങ്ങിയ ദേശീയ പരിശീലന കേന്ദ്രങ്ങളിൽ ഞങ്ങൾ ചില കണ്ടെയ്നർ മാതൃകകൾ തയാറാക്കിയിരുന്നു. അത്ലറ്റുകൾക്ക് അവിടെ ചെന്നപ്പോൾ പെട്ടെന്നൊരു ബുദ്ധിമുട്ട് തോന്നാതിരിക്കാൻ ഞങ്ങൾ അവരെ ആ കണ്ടെയ്നറുകളിൽ ഉറങ്ങാൻ വരെ അനുവദിച്ചിരുന്നു’’-ശരത് പറഞ്ഞു. ‘‘ഏറ്റവും വലിയ മാറ്റം കാലാവസ്ഥയിലാണ്. കഴിഞ്ഞ വർഷം 40 ഡിഗ്രി ചൂടും തെളിഞ്ഞ ആകാശവുമായിരുന്നു. തണുപ്പുകാലത്തെ വസ്ത്രങ്ങളൊന്നും ഒട്ടും ആവശ്യമില്ലെന്നാണ് ഞാൻ അന്ന് കരുതിയത്. എന്നാൽ, ഈ വർഷം ടൈഫൂണുകൾ (ചുഴലിക്കാറ്റുകൾ) ഉണ്ടായിരിക്കുന്നു. ഇവിടെ ഇപ്പോഴും മേഘാവൃതമാണ്, കുറച്ചു ദിവസങ്ങൾക്കു മുമ്പ് വെള്ളപ്പൊക്കവുമുണ്ടായി. എന്നാൽ, ഇപ്പോൾ റോഡുകളെല്ലാം തികച്ചും സജ്ജമാണ്.’’-അദ്ദേഹം തുടർന്നു. ചൈനയിലെ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞ ഗെയിംസിനേക്കാൾ കാര്യങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ശരത് സമ്മതിക്കുന്നു. ‘‘ഹാങ്ചൗവിൽ ഗെയിംസ് ഏതാണ്ട് ഒരേ കേന്ദ്രത്തിലായിരുന്നു. എന്നാൽ, നാഗോയയിൽ ഇത് വളരെ വലിയൊരു പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു എന്നതാണ് വ്യത്യാസം. ഇത് ഡൽഹിയുടെ നാഷനൽ കാപിറ്റൽ റീജ്യനിൽ ഗെയിംസ് നടക്കുന്നതുപോലെയാണ്. അതായത് ചില മത്സരങ്ങൾ ഗാസിയാബാദിലും, ചിലത് ഗുഡ്ഗാവിലും, ചിലത് നോയിഡയിലും, ചിലത് മീററ്റിലും നടക്കും, ഒപ്പം കുറേ കാര്യങ്ങൾ സെൻട്രൽ ഡൽഹിയിലും നടക്കും’’-അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

