ഹൈജംപിൽ മുഅതസ് ബർഷിമിനും ട്രിപ്ൾ ജംപിൽ റോജാസിനും ഹാട്രിക്
text_fieldsഹൈ ജംപിൽ സ്വർണം നേടിയ ശേഷം മുഅതസ് ബർഷിം പത്നി അലക്സാൻഡ്രക്കും മകൻ ജോസഫിനുമൊപ്പം ഗാലറിയിൽ
യൂജീൻ (യു.എസ്): ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് പുരുഷ ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ഈസ ബർഷിമിനും വനിത ട്രിപ്ൾ ജംപിൽ വെനിസ്വേലയുടെ യൂലിമർ റോജാസിനും ഹാട്രിക് നേട്ടം. ഈ ഇനങ്ങളിൽ തുടർച്ചയായ മൂന്ന് ലോക ചമ്പ്യൻഷിപ് സ്വർണ മെഡലുകൾ നേടുന്ന ആദ്യ താരങ്ങളായി ഇരുവരും.
കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ഹൈജംപ് സ്വർണം പങ്കിട്ട് വാർത്തകളിൽ നിറഞ്ഞ മുഅതസ് സീസണിൽ ലോകത്തെ മികച്ച ഉയരം ചാടിയാണ് കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനക്കാരനായത്, 2.37 മീറ്റർ. ദക്ഷിണ കൊറിയയുടെ സാങ്യൂക് വൂ വെള്ളിയും (2.35) യുക്രെയ്ന്റെ ആൻഡ്രി പ്രസെങ്കോ വെങ്കലവും (2.33) കഴുത്തിലണിഞ്ഞു. ഒളിമ്പിക്സിൽ മുഅതസുമായി സ്വർണം പങ്കുവെച്ച ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി നാലാമതായി.
ചാമ്പ്യൻഷിപ് റെക്കോഡായ 2.42 മീറ്റർ എത്തിപ്പിടിക്കാനുള്ള മുതാസിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. 15.47 മീറ്റർ ചാടിയാണ് ട്രിപ്ൾ ജംപിൽ റോജാസ് വീണ്ടും സുവർണതാരമായത്. സീസണിൽ ലോകത്തെ മികച്ച ദൂരം. ജമൈക്കയുടെ ഷനീക റിക്കെറ്റ്സിന് (14.89) ഇക്കുറിയും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്കയുടെ ടോറി ഫ്രാങ്ക്ളിനാണ് (14.72) വെങ്കലം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.