Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഅതിവേഗ പഞ്ചുകളിലൂടെ...

അതിവേഗ പഞ്ചുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച താരം; ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഓർമകൾക്ക് ഇന്ന് ഒരു ദശാബ്ദം

text_fields
bookmark_border
അതിവേഗ പഞ്ചുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച താരം; ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ  ഓർമകൾക്ക് ഇന്ന് ഒരു ദശാബ്ദം
cancel

അതിവേഗ പഞ്ചുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ബോക്സിങ് താരം. ഒളിമ്പിക്സിൽ ചരിത്ര വിജയം നേടിയിട്ടും സ്വന്തം നാട്ടിൽ നിന്നും അപമാനം ഏറ്റുവാങ്ങിയ വ്യക്തിത്വം, നിരാശ മൂത്ത് തന്‍റെ മെഡൽ അമേരിക്കയിലെ ഒ​ഹാ​യോ ന​ദിയിൽ വലിച്ചെറിഞ്ഞപ്പോൾ ലോകം കരുതിയില്ല ആഴങ്ങളിൽ നിന്നും ഉയർന്നു വരുന്നത് അണയാത്ത കരുത്താണെന്ന്. പിന്നീട് ലോകം കണ്ടത് അതിവേഗ പഞ്ചുകളിലൂടെ റിങിലും പുറത്തും വിജയം കൊയ്ത ബോക്സിങ് രാജാവിനെയാണ്. ബോക്സിംങ് ഇതിഹാസം മുഹമ്മദ് അലി ഓർമയായിട്ട് ഇന്ന് ഒരു ദശാബ്ദം തികയുകയാണ്. റിങ്ങിലും പുറത്തും അലി ഒരുപോലെ കലഹിച്ചു. ഇടിക്കൂട്ടിലെ സിംഹമാവാനും അധികാരികളിൽ നിന്നും അവകാശം നേടിയെടുക്കാനും അലി ശക്തമായ പഞ്ചുകൾ തൊടുത്തുകൊണ്ടേയിരുന്നു. 12-ാം വയസ്സിൽ തികച്ചും യാദൃശ്ചികമായി ഒരു ജിംന്യേഷത്തിലെത്തിയതാണ് അലിയുടെ ബോക്സിങ് ജീവിതത്തിന്‍റെ ഉദയത്തിനു കാരണം.

1942 ജനുവരി 17-ന് കെന്റക്കിയിലെ ലൂയി വില്ലെയിലാണ് കാ​ഷ്യ​സ് ക്ലേ എന്ന അലി ജനിച്ചത്. തന്റെ 12-ാം വയസ്സിൽ തന്നെ ബോക്സിംഗ് ആരംഭിച്ചു. വളരുന്നതിനൊപ്പം നിരവധി ഗോൾഡൻ ഗ്ലോവ്സ് ബോക്സിംഗ് കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കി. ഇത് 1960ൽ റോമിൽ നടന്ന ഒളിമ്പിക്സിലേക്ക് അദ്ദേഹത്തെ നയിക്കുകയും അവിടെ ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനായി സ്വർണ്ണ മെഡൽ നേടുകയും ചെയ്തു.

ഒളിമ്പിക്സിന് തൊട്ടുപിന്നാലെ അലി പ്രൊഫഷണൽ ബോക്സിംഗിലേക്ക് തിരിഞ്ഞു. തന്റെ കഴിവുകളെയും മിടുക്കിനെയും കുറിച്ച് അമിതമായി സംസാരിക്കുന്ന ശീലം അദ്ദേഹത്തിന് ലൂയിസ്‌വില്ലെ ലിപ് എന്ന വിളിപ്പേര് നേടിക്കൊടുത്തു. എന്നാൽ അലി വെറുതെ വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല ചെയ്തത്, തന്റെ വാക്കുകളെ പ്രവൃത്തിയിലൂടെ തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

1964-ൽ ഫ്ലോറിഡയിലെ മിയാമിയിൽ വെച്ച് ഹെവിവെയ്റ്റ് ചാമ്പ്യനായ സോണി ലിസ്റ്റണുമായി നടന്ന മത്സരത്തിൽ ഇത് വ്യക്തമായി. മത്സരത്തിന് മുന്നോടിയായി അലി തന്റെ പ്രശസ്തമായ ശൈലിയിൽ കവിത പോലുള്ള പരിഹാസങ്ങളും വരികളും പ്രയോഗിച്ചു. അതിലൊന്നായിരുന്നു അദ്ദേഹത്തിന്റെ ഐതിഹാസികമായ ഈ വരികൾ, 'ഒരു ചിത്രശലഭത്തെപ്പോലെ പറക്കുക, തേനീച്ചയെപ്പോലെ കുത്തുക' (Float like a butterfly, sting like a bee).

മത്സരത്തിന്റെ ആറാം റൗണ്ടിൽ ഒരു ടെക്നിക്കൽ നോക്കൗട്ടിലൂടെ ലിസ്റ്റണെ വീഴ്ത്തിക്കൊണ്ട് അലി ലോകത്തെ അത്ഭുതപ്പെടുത്തി. മത്സരത്തിന് ശേഷം അലി പ്രഖ്യാപിച്ചതിങ്ങനെ, "ഞാനാണ് ഏറ്റവും മികച്ചവൻ! ഞാനാണ് ഏറ്റവും മികച്ചവൻ! ഞാൻ ലോകത്തിന്റെ രാജാവാണ്". തുടർന്നുള്ള വർഷങ്ങളിൽ, അലി വെറും വാചകക്കസർത്തുകാരനായ ഒരു ബോക്സറിൽ നിന്ന് അതിശക്തനായ, വേഗതയേറിയ ഒരു ചാമ്പ്യനായി മാറി. എക്കാലത്തെയും മികച്ച ഹെവിവെയ്റ്റ് ബോക്സറായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

ലോകം ഇന്നും അലിയുടെ ഓർമ്മകളിൽ മയങ്ങിനിൽക്കുകയാണ്. റിങ്ങിലെ മുഹമ്മദലിയുടെ ഓരോ മുഹൂർത്തങ്ങളും ഇന്നും കോരിത്തരിപ്പിക്കുന്നതാണ്. എന്നാൽ അലി വെറുമൊരു റിങ്ങിലെ പ്രചോദനം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ കരിയർ വളർന്നതോടെ, മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി.

അക്കാലത്ത് കറുത്തവർഗ്ഗക്കാർക്ക് ബസുകളുടെ മുൻസീറ്റുകളിൽ ഇരിക്കാൻ അനുവാദം നിഷേധിക്കപ്പെടുകയും റെസ്റ്റോറന്റുകളിൽ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ, കാ​ഷ്യ​സ് ക്ലേ എന്ന തന്റെ ജന്മനാമം ഒരു അടിമപ്പേര് ആണെന്ന് പറഞ്ഞ് അദ്ദേഹം അത് ഉപേക്ഷിക്കുകയും നേഷൻ ഓഫ് ഇസ്‌ലാം എന്ന സംഘടനയിലൂടെ വഴിനടത്തപ്പെടുകയും ചെയ്തു. അക്കാലത്തെ ഭൂരിഭാഗം സിവിൽ റൈറ്റ്സ് പ്രസ്ഥാനങ്ങളുടെയും ശാന്തമായ സമരരീതികളെ നിരസിച്ച്, വെളുത്തവർഗ്ഗക്കാരുടെ വംശീയതയ്‌ക്കെതിരെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തെ ശക്തരാക്കുക എന്നതായിരുന്നു അലിയുടെ ലക്ഷ്യം.

1964-ൽ അദ്ദേഹം പരസ്യമായി ഇസ്‌ലാം മതം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നിർണ്ണായക നിമിഷമായിരുന്നു. നേഷൻ ഓഫ് ഇസ്‌ലാമിന്റെ നേതാവായ എലിജാ മുഹമ്മദ് അദ്ദേഹത്തിന് മുഹമ്മദ് അലി എന്ന് പേരിട്ടു. ഏറ്റവും ഉയർന്ന പ്രശംസയ്ക്ക് അർഹനായവൻ എന്നാണ് ഈ പേരിന്റെ അർത്ഥം. അദ്ദേഹത്തെ വിമർശിക്കുന്ന പലരും കാഷ്യസ് ക്ലേ എന്ന പഴയ പേരിൽ തന്നെ വിളിക്കുന്നത് തുടർന്നു, എന്നാൽ ഇതൊന്നും തന്റെ മുസ്ലീം വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതിൽ നിന്ന് അലിയെ പിന്തിരിപ്പിച്ചില്ല.

ഞാൻ അമേരിക്കക്കാരനാണ്. നിങ്ങൾ അംഗീകരിക്കാൻ മടിക്കുന്ന ഭാഗമാണ് ഞാൻ. എന്നാൽ എന്നെ അംഗീകരിക്കാൻ നിങ്ങൾ ശീലിക്കുക. കറുത്തവൻ, ആത്മവിശ്വാസമുള്ളവൻ, ധിക്കാരി. എന്റെ പേര് നിങ്ങളുടേതല്ല. എന്റെ മതം നിങ്ങളുടേതല്ല. എന്റെ ലക്ഷ്യങ്ങൾ എന്റേത് മാത്രം. എന്നെ അംഗീകരിക്കാൻ ശീലിക്കുക.വിമർശകർക്കുള്ള അലിയുടെ മറുപടി ഇപ്രകാരമായിരുന്നു.

1967-ൽ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കാൻ തന്റെ മതപരമായ വിശ്വാസങ്ങൾ മുൻനിർത്തി അലി വിസമ്മതിച്ചു. ലോകമെമ്പടുമുള്ള കറുത്തവർഗ്ഗക്കാരുടെ മേൽ വെളുത്തവർഗ്ഗക്കാരായ അടിമ ഉടമകളുടെ ആധിപത്യം തുടരുന്നതിന് വേണ്ടി മാത്രം, മറ്റൊരു പാവപ്പെട്ട രാജ്യത്തെ ജനങ്ങളെ കൊല്ലാനും ചുട്ടുകരിക്കാനും സഹായിക്കാൻ ഞാൻ വീട്ടിൽ നിന്ന് പതിനായിരം മൈൽ അകലേക്ക് പോകില്ല എന്നാണ് അലി പറഞ്ഞത്.

ഇതിനെത്തുടർന്ന് സൈന്യത്തിൽ ചേരാൻ വിസമ്മതിക്കൽ കുറ്റത്തിന് അലി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും അദ്ദേഹത്തിന്റെ ഹെവിവെയ്റ്റ് കിരീടം റദ്ദാക്കുകയും ചെയ്തു. പിന്നീട് ഈ ശിക്ഷ റദ്ദാക്കപ്പെട്ടെങ്കിലും, ഇത്തരം ശക്തമായ നിലപാട് എടുത്തതിന്റെ പേരിൽ അദ്ദേഹത്തിന് മൂന്ന് വർഷത്തേക്ക് ബോക്സിംഗിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നു.

വിലക്ക് നീങ്ങിയതോടെ അലി റിങ്ങിലേക്ക് തിരിച്ചെത്തിയത് ജോ ഫ്രേസിയറുമായി നടന്ന മത്സരത്തോടെയായിരു്ന്നു. 1975-ൽ നടന്ന മത്സരം നൂറ്റാണ്ടിന്റെ പോരാട്ടമെന്നാണ് അറിയപ്പെടുന്നത്. ഇതിന് ത്രില്ല ഇൻ മനില എന്ന് പേരിട്ടു. അലിയും ഫ്രേസിയറും തങ്ങളുടെ സർവ്വശക്തിയും പുറത്തെടുത്ത് പരസ്പരം ശക്തമായ പ്രഹരങ്ങൾ ഏൽപ്പിച്ചു. ഒടുവിൽ 14-ാം റൗണ്ടിന്റെ അവസാനത്തിൽ ടെക്നിക്കൽ നോക്കൗട്ടിലൂടെ അലി ഫ്രേസിയർക്ക് മേൽ വിജയം നേടി. മത്സരത്തിന് ശേഷം താൻ പൂർണ്ണമായും തളർന്നുപോയതായി അലി സമ്മതിച്ചു.മരണത്തോട് ഏറ്റവും അടുത്ത അവസ്ഥയായിരുന്നു അത് എന്നാണ് അലി ആ മത്സരത്തെ വിശേഷിപ്പിച്ചത്. ഒപ്പം ഫ്രേസിയറെ എനിക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച പോരാളി എന്നും അദ്ദേഹം വിളിച്ചു.

റിങ് വിട്ടതിനു ശേഷം അലിയെ ലോകം കാണുന്നത് 1996ലെ അറ്റലാന്റ ഒളിംപിക്സിനു ഉദ്ഘാടനത്തിരി കൊളുത്താൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അപ്പോളേക്കും പാർക്കിൻസൻസ് രോഗം കാരണം അവശനായിരുന്നു അലി. അലിയുടെ വിറക്കുന്ന ശരീരത്തെ റിങിലെ ത്രസിപ്പിച്ച ഓർമകളോടെയാണ് ലോകം നോക്കിക്കണ്ടത്. 2016 ജൂൺ മൂന്നിനാണ് അലി വിടവാങ്ങിയത്.

വംശം, മതം, ലോകത്തെ ഭിന്നിപ്പിച്ചു നിർത്തിയ മറ്റെല്ലാ അതിർവരമ്പുകൾക്കും അതീതമായി വളർന്ന ഒരു ഭരണകൂട വിരുദ്ധ വ്യക്തിത്വമായിരുന്നു അലി. റിങ്ങിന് പുറത്തെ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ റിങ്ങിനുള്ളിലെ പോരാട്ടങ്ങൾക്ക് കൂടുതൽ തെളിച്ചം നൽകി. ബോക്സിങ് ഇതിഹാസത്തിന്‍റെ ഓർമകൾക്ക് ഒരു ദശാബ്ദം തികഞ്ഞിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingmuhammed aliDeath Anniversy
News Summary - muhammed ali death anniversary
Next Story