ഈ വിജയം കാണാൻ ഉമ്മയില്ലല്ലോ; മാതാവിന്റെ വേർപാടിന്റെ 19-ാം നാൾ അർജുന അവാർഡ് തിളക്കത്തിൽ മുഹമ്മദ് അജ്മൽ
text_fieldsമുഹമ്മദ് അജ്മലും ഭാര്യ ജംഷീലയും വിവാഹവേളയിൽ കുടുംബാംഗങ്ങൾക്കൊപ്പം
പാലക്കാട്: അർജുന അവാർഡ് തിളക്കത്തിലാണെങ്കിലും മാതാവ് ആസ്യയുടെ വിയോഗ ദുഃഖത്തിലാണ് മുഹമ്മദ് അജ്മൽ. 19 ദിവസം മുമ്പാണ് ആസ്യ മരിച്ചത്. അഭിമാനകരമായ നേട്ടം കാണാൻ ആസിയ ജീവിച്ചിരിപ്പില്ലല്ലോ എന്ന നൊമ്പരത്തിലാണ് കുടുംബാംഗങ്ങളെല്ലാം. കല്ലടി സ്കൂളിൽ പ്ലസ് വണിന് പഠിക്കുമ്പോഴാണ് അജ്മൽ കായികരംഗത്തേക്ക് ഓടിക്കയറിയത്. നിരവധി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മിക്സ്ഡ് റിലേയിൽ വെള്ളിയും സ്വന്തമാക്കി. 2022 ഏഷ്യൻ ഗെയിംസിലും ഇതേ ഇനത്തിൽ സ്വർണം നേടി. 2024ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്തു. അതേവർഷം തന്നെ പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി അജ്മൽ വിശ്രമത്തിലായിരുന്നു. വീണ്ടും മത്സരങ്ങളിലെല്ലാം പങ്കെടുത്തു തുടങ്ങിയതായി അജ്മൽ ‘മാധ്യമ’ത്തോട് പറഞ്ഞു. കോതമംഗലം എം.എ കോളജിൽ പഠിക്കുമ്പോൾ 100, 200 മീറ്ററുകളിൽ പങ്കെടുത്തിരുന്ന അജ്മൽ ഇന്ത്യൻ നേവിയിൽ ജോലി ലഭിച്ചതിന് ശേഷമാണ് 400 മീറ്ററിലേക്ക് മാറിയത്. 2019ൽ ആണ് നേവിയിൽ ജോലിക്ക് കയറിയത്. ഇപ്പോൾ ചീഫ് പെറ്റി ഓഫിസർ ആയാണ് പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരത്താണ് പരിശീലനം നടത്തുന്നത്. കുഞ്ഞാലി-ആസിയ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമത്തെയാളാണ് അജ്മൽ. കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നതെന്ന് അജ്മൽ പറഞ്ഞു. ഭാര്യ ടി.ജെ. ജംഷീലയും കായികതാരമാണ്. അത്ലറ്റിക്സിൽ നാഷനൽ ഗെയിംസ് മെഡൽ ജേതാവാണ് ജംഷീല. സഹോദരങ്ങൾ: മിദ്ലാജ്, ജസീല, തസ്നി, ഹലീമ, സുരയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

