മരുന്നടി; എം.ആർ. പൂവമ്മക്ക് മൂന്നു മാസത്തെ സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യയുടെ അന്തർദേശീയ അത് ലറ്റ് എം.ആർ. പൂവമ്മയെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേത്രിയായ കർണാടക സ്വദേശിനിക്കെതിരെ അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്. 2021 ഫെബ്രുവരിയിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രിക്കിടെ ശേഖരിച്ച സാമ്പിളിൽ മീഥൈൽ ഹെക്സാനിയാമിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
പൂവമ്മയുടെ ലോക ചാമ്പ്യൻഷിപ് മോഹങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് നടപടി. ഈ മാസം പകുതിയോടെ അമേരിക്കയിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ ലോക റാങ്കിങ് േക്വാട്ടയിൽ ഇവർക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2018ലെ ജകാർത്ത ഏഷ്യൻ ഗെയിംസ് 4 x 400 മീ. വനിത റിലേ, മിക്സഡ് റിലേകളിൽ സ്വർണം നേടിയ ടീമിലെ അംഗമാണ് പൂവമ്മ.
2014ലെ ഇഞ്ചിയോൺ ഏഷ്യാഡിൽ വനിത റിലേയിൽ സ്വർണവും 400 മീ. വ്യക്തിഗത ഇനത്തിൽ വെങ്കലവും ലഭിച്ചു. ഇക്കൊല്ലം തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രിയിലും തുടർന്ന് കാലിക്കറ്റ് സർവകലാശാല വേദിയായ ഫെഡറേഷൻ കപ്പിലും പൂവമ്മ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് 400 മീറ്ററിൽ സീസണിലെ മികച്ച സമയവും (52.44 സെക്കൻഡ്) കുറിച്ചു.