ഫിഫ അണ്ടർ 17; ഡെന്മാർക്കിനെ ഞെട്ടിച്ച് മൊസാംബിക്
text_fieldsദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ യൂറോപ്യൻ കരുത്തരായ ഡെന്മാർക്കിനെതിരെ മൊസാംബിക്കിന് അട്ടിമറി ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മൊസാംബിക് ഡെന്മാർക്കിനെ തകർത്തത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ അലിരിയോ കുനയുടെ തകർപ്പൻ പ്രകടനമാണ് മൊസാംബിക്കിന് അനായാസ ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മൊസാംബിക് നാലാം മിനിറ്റിൽ തന്നെ ലീഡ് നേടി. ചൗസൺ നൽകിയ പാസിൽ ഖെൻസാനെ ആദ്യ ഗോൾ നേടി. തിരിച്ചടിക്കാൻ ഡെന്മാർക്ക് ശ്രമിച്ചെങ്കിലും മൊസാംബിക്കിന്റെ പ്രതിരോധനിര ഉറച്ചുനിന്നു. 32-ാം മിനിറ്റിൽ അലന്റെ അസിസ്റ്റിൽ അലിരിയോ കുന മൊസാംബിക്കിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ 44-ാം മിനിറ്റിൽ വീണ്ടും എതിർവല കുലുക്കി കുന ടീമിന് 3-0 എന്ന സുരക്ഷിത ലീഡ് നൽകി.
രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളുമായാണ് ഡെന്മാർക്ക് കളത്തിലിറങ്ങിയത്. നോഹ മനാറ്റ, ചുക്വുവാനി, ഏലിയാസ് വാമിങ് എന്നിവരെ കളത്തിലിറക്കി കളി തിരിച്ചുപിടിക്കാൻ ഡെന്മാർക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കളിയുടെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മുബൈ മൊസാംബിക്കിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
മറ്റൊരു കളിയിൽ ഉഗാണ്ടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയക്ക് തകർപ്പൻ ജയം. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊറിയൻ യുവനിരക്കായി കിം ജിഹോ, കിം ജിവൂ എന്നിവർ വല കുലുക്കിയപ്പോൾ ഉഗാണ്ടൻ താരം മുജാദ് എംബാലിരെയുടെ സെൽഫ് ഗോളും കൊറിയക്ക് തുണയായി.

