
ക്രെഡിറ്റ് ട്രക് ഡ്രൈവർമാർക്ക്; 25കി.മി താണ്ടി പരീശീലനകേന്ദ്രത്തിലെത്താൻ സഹായിച്ചവർക്ക് ചാനുവിന്‍റെ ആദരം
text_fieldsഇംഫാൽ: മീരാഭായ് ചാനു, ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലൂടെ ആദ്യ മെഡൽ ഇന്ത്യക്ക് സമ്മാനിച്ച താരം.സ്വന്തം ഗ്രാമമായ നോങ്പോക് കാച്ചിങ്ങിൽനിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ഇംഫാലിലെ സ്പോർട്സ് അകാദമിയിലേക്ക് ചാനു എത്തിയിരുന്നത്. പണമില്ലാത്തതിനാൽ ഇൗ ദീർഘദൂരയാത്ര ദുഷ്കരമായിരുന്നു.
എന്നാൽ, അവിടെ ചാനുവിന് സഹായവുമായെത്തിയത് ട്രക്ക് ഡ്രൈവർമാരായിരുന്നു. ഇംഫാലിലേക്ക് മണൽ കയറ്റിപോകുന്ന ട്രക്കുകളിൽ ചാനു ദിവസവും സ്ഥാനം പിടിച്ചു. വർഷങ്ങളായി ദിവസവും ഇത് തുടർന്നു.
ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി ഗ്രാമത്തിലെത്തിയ ചാനു വ്യാഴാഴ്ച സമയം കണ്ടെത്തിയത് തന്‍റെ വിജയ പാതക്ക് കരുത്തേകിയ ട്രക്ക് ഡ്രൈവർമാരെ ആദരിക്കാനായിരുന്നു. 150ഓളം ട്രക്ക് ഡ്രൈവർമാർ ചാനുവിന്‍റെ ആദരം ഏറ്റുവാങ്ങി. ഇവർക്ക് ഒരു ഷർട്ട്, മണിപ്പൂരി സ്കാർഫ്, ഭക്ഷണം എന്നിവ നൽകിയാണ് മടക്കിയത്.
ട്രക്ക് ഡ്രൈവർമാരെ കണ്ടതും ചാനു വികാരധീനയായിരുന്നു. വെയിറ്റ്ലിഫ്റ്റർ എന്ന ആഗ്രഹം പൂർത്തിയാക്കാൻ തന്നെ സഹായിച്ചവരാണ് ഇവരെല്ലാമെന്ന് ചാനു പറഞ്ഞു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് 26കാരിയായ ചാനു 202കിലോഗ്രാം ഉയർത്തി വെള്ളിമെഡൽ നേടിയത്. ഇതോടെ കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വെയിറ്റ് ലിഫ്റ്ററായി ചാനു.