കായികതാരം അബ്ദുൽ റസാഖിനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി
text_fieldsരാജ്യാന്തര കായികതാരം അബ്ദുൽ റസാഖിനെ അനുമോദിക്കാൻ കായിക മന്ത്രി അബ്ദുറഹ്മാൻ വീട്ടിലെത്തിയപ്പോൾ
പെരിങ്ങോട്ടുകുറുശ്ശി: അന്തർദേശീയതലത്തിൽ രാജ്യത്തിനായി നിരവധി മെഡലുകൾ നേടിയ മാത്തൂർ സി.എഫ്.ഡി അത്ലറ്റിക് ക്ലബിലെ അബ്ദുൽ റസാഖിനെയും കോച്ച് കെ. സുരേന്ദ്രനെയും അനുമോദിക്കാൻ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ റസാഖിെൻറ വീട്ടിലെത്തി. സ്പോർട്സ് േക്വാട്ടയിൽ ഇന്ത്യൻ നേവിയിൽ ജോലി ലഭിച്ച റസാഖ് കെനിയ നെയ്റോബിയിലെ മത്സരം കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് മന്ത്രി എത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി ചെരാൻകുളങ്ങര വീട്ടിൽ എത്തിയ മന്ത്രിയെ മാതാപിതാക്കളായ റഷീദും ഷാജിതയും ചേർന്ന് സ്വീകരിച്ചു.
താരത്തെയും പരിശീലകൻ സുരേന്ദ്രനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മന്ത്രിയോടൊപ്പം പി.പി. സുമോദ് എം.എൽ.എ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സി കുട്ടൻ, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് അംഗം ഇ.ആർ. രാമദാസ് എന്നിവരും ഉണ്ടായിരുന്നു.
നാലുതവണ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച് മെഡലുകളും 11 തവണ വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് ഒമ്പത് മെഡലുകളും നേടിയ താരമാണ് അബ്ദുൽ റസാഖ്. ഈ വർഷം ലോക ജൂനിയർ മീറ്റിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക കായിക താരമാണ്.