മെൽറ്റ്‌വാട്ടർ ചാമ്പ്യൻസ് ചെസ്; ഡിങ് ലിറണിനോട് പ്രഗ്നാനന്ദ പരാജയപ്പെട്ടു
text_fieldsന്യൂഡൽഹി: മെൽറ്റ്‌വാട്ടർ ചെസബിൾ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ചൈനയുടെ ഡിങ് ലിറണിനോട് പരാജയപ്പെട്ടു. അവസാന മത്സരത്തിലെ ടൈബ്രേക്കിൽ പതിനാറുകാരനായ പ്രഗ്നാനന്ദയെ തോൽപ്പിച്ചാണ് ഡിംഗ് ലിറൺ ചെസ്സബിൾ മാസ്റ്റേഴ്സ് കിരീടം നേടിയത്. പതിനൊന്നാം ക്ലാസ് അവസാന പരീക്ഷ എഴുതി മണിക്കൂറുകൾക്കകമാണ് പ്രഗ്നാനന്ദ മത്സരത്തിൽ പങ്കെടുത്തതെന്നത് ശ്രദ്ധേയമാണ്.
നാല് ഗെയിമുകൾ നീണ്ട ഏറ്റുമുട്ടലിൽ ആദ്യ സെറ്റിൽ ചൈനീസ് താരം വിജയിച്ചിരുന്നു. രണ്ടാം സെറ്റ് തൊട്ട് ശക്തമായി തിരിച്ചെത്തിയെ പ്രഗിനെ നാലാം സെറ്റിൽ സമനിലയിൽ തളച്ചാണ് ലിറൺ വിജയിച്ചത്. മത്സരം കഠിനമായിരുന്നെന്നും പ്രകടനത്തിൽ സന്തുഷ്ടനാണെന്നും വിജയത്തിന് ശേഷം 29 കാരനായ ഡിങ് ലിറൺ പറഞ്ഞു.
നേരത്തെ ലോക ചെസ്ചാമ്പ്യൻ മാഗ്നസ് കാൾസണെ സീസണിൽ രണ്ട് തവണ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. ചെസബ്ൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിലായിരുന്നു പ്രഗ്നാനന്ദയുടെ നേട്ടം. കളി സമനിലയിലേക്ക് നീങ്ങവെ 40-ാം നീക്കത്തിൽ കാൾസന്റെ അബദ്ധ നീക്കം മുതലെടുത്തായിരുന്നു 16കാരന്റെ ജയം. മൂന്നു മാസം മുമ്പും പ്രഗ്നാനന്ദ കാൾസണെ അട്ടിമറിച്ചിരുന്നു.