ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ മാസ്റ്റർ പ്ലാനുകൾക്ക് രൂപരേഖയായി
text_fieldsതിരുവനന്തപുരം: ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയോട് അനുബന്ധിച്ചുള്ള ജില്ലാ സമ്മിറ്റുകൾ പൂർത്തിയായി. അന്താരാഷ്ട്ര സമ്മിറ്റിന്റെ മാതൃകയിൽ വിപുലമായ പങ്കാളിത്തത്തോടെയാണ് ജില്ലാ സമ്മിറ്റുകൾ സംഘടിപ്പിച്ചത്.
എം.എൽ.എമാർ, എം.പിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾ, വ്യത്യസ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം എല്ലാ ജില്ലാ സമ്മിറ്റുകളിലും ഉറപ്പാക്കിയിരുന്നു. കായിക രംഗത്തെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹ്യ, സന്നദ്ധ സംഘടനകൾ, വ്യാപാര വാണിജ്യ സംഘടനകൾ തുടങ്ങിയവരും ജില്ലാ സമ്മിറ്റുകളുടെ ഭാഗമായി.
ജില്ലാ തല കായിക പദ്ധതികളുടെ ആസൂത്രണമാണ് മുഖ്യമായും സമ്മേളനങ്ങളിൽ നടന്നത്. അന്താരാഷ്ട്ര സമ്മിറ്റിൽ അവതരിപ്പിക്കാനുള്ള മാസ്റ്റർപ്ലാനിന്റെ കരട് രൂപം ജില്ലാ സമ്മിറ്റുകളിൽ തയാറാക്കി. 200 ൽ അധികം പദ്ധതി നിർദേശങ്ങളും,100 ഓളം സ്കീമുകളും ജില്ലാ സമ്മിറ്റുകളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്, പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകളിൽ നിന്നുള്ള പദ്ധതികൾ കൂടി ചേർത്ത് ഇവ വിപുലീകരിക്കും. തുടർന്ന് ജില്ലകളുടെ സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കി അന്താരാഷ്ട്ര സമ്മിറ്റിൽ അവതരിപ്പിക്കും.
പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ നടന്ന് വരികയാണ്. 300 ൽ കൂടുതൽ സമ്മിറ്റുകൾ പൂർത്തിയായി. 20 ന് മുൻപായി മുഴുവൻ മൈക്രോ സമ്മിറ്റുകളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കൗൺസിലുകളും, പഞ്ചായത്ത്, മുൻസിപ്പൽ സ്പോർട്സ് കൗൺസിലുകളും തയാറാക്കുന്ന പദ്ധതികൾ പങ്കാളിത്ത സ്വഭാവത്തിൽ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.