അരങ്ങേറ്റം സ്വപ്നതുല്യം; മാളവിക ആസ്ട്രേലിയയിലേക്ക്
text_fieldsനീലേശ്വരം: നാട്ടിൻപുറങ്ങളിലെ മണ്ണിൽ പന്തുതട്ടി വളർന്ന മടിക്കൈ സ്വദേശിനി പി. മാളവികക്ക് ഇന്ത്യൻ ജഴ്സിയിൽ സ്വപ്നതുല്യ അരങ്ങേറ്റം. തായ്ലൻഡിൽ നടന്ന യോഗ്യത മത്സരത്തിൽ മാളവിക ഉൾപ്പെടുന്ന ഇന്ത്യൻ വനിത ഫുട്ബാൾ ടീം നാല് രാജ്യങ്ങളോട് കളിച്ചു വിജയിച്ച് 2026ൽ ആസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ യോഗ്യത നേടിയിരിക്കുകയാണ്. പ്രഥമ യോഗ്യത മത്സരത്തിൽ മംഗോളിയയെ 13-0ത്തിന് തകർത്ത് ടീം വൻ വിജയം സ്വന്തമാക്കിയപ്പോൾ മാളവിക ഒരു ഗോൾ നേടിയത് മലയാളികൾക്ക് എന്നും ഓർമിക്കാനുള്ള അഭിമാന മുഹൂർത്തമാണ്. ഇറാഖ്, തിമോർ ലെസ്റ്റെ, തായ്ലൻഡ് എന്നിവരെയും പരാജയപ്പെടുത്തി നാലു മത്സരങ്ങളിൽനിന്ന് 12 പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടി യോഗ്യത കൈവരിച്ചു.
25 വർഷത്തിനുശേഷമാണ് ഇന്ത്യൻ സീനിയർ വനിത ഫുട്ബാൾ ടീമിൽ ഒരു മലയാളി വനിത എത്തിയത്. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലുള്ള സംഘത്തിൽ 21കാരിയായ മാളവിക വലത് വിങ്ങറായാണ് ജഴ്സിയണിഞ്ഞത്. കഴിഞ്ഞ ഇന്ത്യൻ വനിത ലീഗിൽ തമിഴ്നാട് ക്ലബിനായി നടത്തിയ കളിയിലെ മികച്ച പ്രകടനമാണ് രാജ്യത്തിനുവേണ്ടി ബൂട്ടണിയാൻ കാരണം. തുടർന്നാണ് ഇന്ത്യൻ ക്യാമ്പിൽനിന്ന് കോച്ച് ക്രിസ്പിൻ ഛേത്രിയുടെ വിളി വന്നത്. ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ നാട്ടുകാരനായ നിധീഷ് ബങ്കളമെന്ന പരിശീലകനാണ് ഈ പ്രതിഭയെ തിരിച്ചറിഞ്ഞത്. 2018, 2019 കേരള സബ് ജൂനിയർ ടീമിലെ കളിയുടെ മികവിൽ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലെത്തി.
ഉസ്ബകിസ്താനുമായുള്ള സൗഹൃദ ഫുട്ബാളിൽ കഴിഞ്ഞദിവസം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തൃശൂർ കാർമൽ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിനിയായ ഈ മിടുക്കി മികച്ച വനിത താരത്തിനുള്ള കേരള ഫുട്ബാൾ അസോസിയേഷൻ പുരസ്കാരവും നേടിയിരുന്നു. ബങ്കളത്തെ പരേതനായ പ്രസാദ്-മിനി ദമ്പതികളുടെ മകളാണ്. ഏഷ്യൻ കപ്പ് യോഗ്യത നേടിയശേഷം നാട്ടിലെത്തുന്ന മാളവികയെ വരവേൽക്കാനായി മടിക്കൈ ഗ്രാമം ഒരുങ്ങിനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

