ഇടിക്കൂട്ടിലെ താരമായി ശുഹൈബ്; ലോക ജിയു ജിത്സു ചാമ്പ്യൻഷിപ്പിൽ മലയാളിയും
text_fieldsഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ശുഹൈബ്
ദുബൈ: ഇടിയുടെ പൊടിപൂരമായ ജിയു ജിത്സു ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി താരം. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ശുഹൈബാണ് അബൂദബിയിൽ എത്തിയിരിക്കുന്നത്. ശുഹൈബിനെ കൂടാതെ ഒമ്പത് താരങ്ങൾകൂടി ഇന്ത്യയിൽനിന്നുണ്ട്.
ആയോധന കലകളിലെ പുതിയ ട്രെൻഡാണ് ജിയു ജിത്സു. റസ്ലിങ്, ജൂഡോ, കിക് ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങളിലെ ഇടിയെല്ലാം ഒറ്റ റിങ്ങിൽ എത്തുന്ന മത്സരമാണിത്. കൈയും കാലുമെല്ലാം ഉപയോഗിച്ച് എതിരാളിയെ ആക്രമിക്കാം. എല്ലാ രീതിയിലും എതിരാളിയെ ആക്രമിച്ച് കീഴ്പ്പെടുത്താവുന്ന ഈ മത്സരത്തിനായി അബൂദബിയിൽ വൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കിക് ബോക്സിങ്ങിൽനിന്നാണ് ശുഹൈബ് ജിയു ജിത്സുവിലേക്ക് എത്തിയത്. പരിശീലകൻ അബ്ദുൽ ലത്തീഫിന്റെ പ്രോത്സാഹനമാണ് ജിയു ജിത്സുവിലേക്ക് എത്തിച്ചത്. എന്നാൽ, കേരളത്തിൽ ഇതിന് വേണ്ടത്ര പ്രചാരണം കിട്ടുന്നില്ല. ജിയോ ജിത്സു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് ടീമിന്റെ പ്രവർത്തനം.
മുഹമ്മദ് ശുഹൈബ്
അബൂദബിയിൽ നടന്ന മൂന്ന് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളൂ എങ്കിലും ശുഹൈബ് അഭിമാനത്തോടെയാണ് മടങ്ങുന്നത്. യു.എ.ഇയിലെ ലോകോത്തര സൗകര്യം അടുത്തറിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി ശുഹൈബ് കരുതുന്നു. മൈനസ് 62 വിഭാഗത്തിലായിരുന്നു മത്സരം. ബഹ്റൈനിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ദേശീയ സ്വർണ മെഡൽ ജേതാവ് കൂടിയാണ്. ബംഗളൂരുവിൽ ഫിസിയോ ആൻഡ് സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ ശുഹൈബ് രണ്ടുവർഷമായി ഇന്ത്യൻ ടീമിൽ എത്തിയിട്ട്. സ്കൂളിൽ പഠിക്കുന്നകാലം മുതലേ ആയോധന കലയോട് ഇഷ്ടമുണ്ട്. ശുഹൈബിനൊപ്പം ഇഷ്ടവും വളർന്നപ്പോൾ അത് ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള വഴിതുറന്നു. കോഴിക്കോട് സ്വദേശി ഡാനി മാപ്പിളയും ഇന്ത്യൻ ടീമിലുണ്ട്. അനുജൻ മുഹമ്മദ് ആഷിഫും കിക്ക് ബോക്സിങ്ങിലെ വളരും താരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.