ജഴ്സിയെങ്കിലും നൽകുമോ?, സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം ടീം. ഡിസംബർ രണ്ട് മുതൽ തിരുവനന്തപുരത്താണ് ഈ വർഷത്തെ കായികമേള നടക്കുന്നത്. സാധാരണ ജില്ലയിൽനിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയവർ മലപ്പുറത്തിന്റെ ജഴ്സിയണിഞ്ഞാണ് പങ്കെടുക്കാറുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ഇക്കുറി കായികമേള നടക്കുന്നത്. ഇതോടെയാണ് ഒരുക്കത്തിലും പാളിച്ചകൾ വന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടക്കുന്ന പരേഡിൽ മലപ്പുറത്തിന്റെ പേരുള്ള ജഴ്സിയില്ലാത്ത സാഹചര്യത്തിൽ അതത് സ്ഥാപനങ്ങളുടെ പേരുള്ള ജഴ്സി ധരിച്ചായിരിക്കും താരങ്ങൾ അണിനിരക്കുക. മുൻവർഷങ്ങളിൽ ജില്ല പഞ്ചായത്താണ് ജഴ്സി നൽകിയിരുന്നത്.
കൂടാതെ, ഇവർക്ക് പോയിവരുന്നതിന് ആവശ്യമായ യാത്രച്ചെലവും ലഭ്യമാക്കാറുണ്ട്. ഇതും ഇക്കുറി ലഭിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. അതത് ടീമുകൾ സ്വന്തം ചെലവിലാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇത്തവണ 191 പേരാണ് ജില്ലയെ പ്രതിനിധാനംചെയ്ത് കായികമേളയിൽ പങ്കെടുക്കുന്നത്. 102 ആൺകുട്ടികളും 89 പെൺകുട്ടികളും. സബ് ജൂനിയർ വിഭാഗത്തിൽ 46, ജൂനിയർ വിഭാഗത്തിൽ 73, സീനിയർ വിഭാഗത്തിൽ 72 പേരും. സാധാരണ സംസ്ഥാനതലത്തിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ജില്ലയാണ് മലപ്പുറം.