മലപ്പുറം ജില്ല അത്ലറ്റിക് മീറ്റ്: ആദ്യ ദിനം 10 മീറ്റ് റെക്കോഡുകള്‍ ഐഡിയല്‍ തുടക്കം
text_fieldsഅണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഷിംഷാദുൽ ഹഖ്
(പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ ജില്ല അത്ലറ്റിക് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ല ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ആദ്യ ദിവസം കടകശ്ശേരി ഐഡിയല്‍ സ്കൂളിെൻറ ഏകപക്ഷീയ മുന്നേറ്റം. 52 ഇനങ്ങൾ പൂര്‍ത്തിയായപ്പോള്‍ 305 പോയൻറാണ് ഇവരുടെ സമ്പാദ്യം. 100 പോയൻറുമായി ആലത്തിയൂര്‍ കെ.എച്ച്.എം. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തും 89 പോയേൻറാടെ കാവനൂര്‍ സ്പോര്‍ട്സ് അക്കാദമി മൂന്നാമതുമുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ 10 മീറ്റ് റെക്കോഡുകളാണ് താരങ്ങള്‍ കുറിച്ചത്.അണ്ടര്‍ 16 പെൺ ജാവലിന്‍ ത്രോയില്‍ കാവനൂര്‍ സ്പോര്‍ട്സ് അക്കാദമിയിലെ പി. വര്‍ഷ (25.08 മീറ്റര്‍), അണ്ടര്‍ 20 പെൺ 200 മീറ്റര്‍ ഓട്ടത്തില്‍ ഐഡിയലിലെ ലിഗ്ന (26.9 സെക്കൻഡ്), അണ്ടര്‍ 14 ആൺ ഷോട്ട്പുട്ടില്‍ ആലത്തിയൂര്‍ കെ.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ. അക്ഷയ് (11.69 മീറ്റര്‍), അണ്ടര്‍ ആൺ 16 ഷോട്ട്പുട്ടില്‍ ഐഡിയലിലെ കെ. അജിത്ത് (13.97 മീറ്റര്‍), അണ്ടര്‍ 16 ആൺ ജാവലിന്‍ ത്രോയില്‍ ആലത്തിയൂര്‍ കെ.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അശ്വിന് (45.95 മീറ്റര്‍), അണ്ടര്‍ 18 ആൺ 200 മീറ്റര്‍ ഓട്ടത്തില്‍ ഐഡിയലിലെ പി. മുഹമ്മദ് ഷാന്‍ (22.39 സെക്കൻഡ്), അണ്ടര്‍ 18 ആൺ ഹൈജംപില്‍ ഐഡിയലിലെ മുഹമ്മദ് മുഹ്സിന് (1.9 മീറ്റര്‍), അണ്ടര്‍ 18 ആൺ ജാവലിന്‍ ത്രോയില്‍ ഐഡിയൽ സ്കൂളിലെ ടി.സി. ആസിഫ് (45.59 മീറ്റര്‍), അണ്ടര്‍ ആൺ 20 ലോങ് ജമ്പില്‍ ഐഡിയലിലെ സി.കെ. മുഹമ്മദ് തസ്ലീം (7.02 മീറ്റര്‍), അണ്ടര്‍ 20 ആൺ ഹാമര്‍ ത്രോയില്‍ ആലത്തിയൂര്‍ കെ.എച്ച്.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷബീബ് (43.66 മീറ്റര്‍) എന്നിവരാണ് പുതിയ മീറ്റ് റെക്കോഡുകാർ. രണ്ടാം ദിനം രാവിലെ 6.30ന് നടത്ത മത്സരത്തോടെ ട്രാക്കുണരും.
കോവിഡ് ആശങ്കകളെയും തോൽപ്പിച്ചു
തേഞ്ഞിപ്പലം: കോവിഡ് ആശങ്കകളെയും പടിക്ക് പുറത്താക്കി നടക്കുന്ന ജില്ല അത്ലറ്റിക് മീറ്റ് വിജയകരമായി മുന്നോട്ട്. അത്ലറ്റിക് അസോസിയേഷന് എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് വി.പി. കാസിം പതാക ഉയര്‍ത്തിയതോടെ തുടക്കമായി. അണ്ടര്‍ 14, 16, 18, 20, 23, പുരുഷ, വനിത വിഭാഗങ്ങളിലാണു മത്സരങ്ങള്‍ പുരോഗമിക്കുന്നത്. 197 ഇനങ്ങളില്‍ 1,860 അത്ലറ്റുകളാണു മത്സര രംഗത്തുള്ളത്. ഇത്തവണ അണ്ടര്‍ 23 വിഭാഗം കൂടി ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടെന്നതാണ് പ്രത്യേകത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ 500ല്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു എന്നതും പ്രത്യേകതയാണ്. വിദ്യാലയങ്ങളും ക്ലബുകളുമുള്പ്പെടെ 40 ടീമുകളുണ്ട്. വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനം കേരള അത്ലറ്റിക് അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് ഡോ. അന്‍വര്‍ അമീന് ചേലാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മജീദ് ഐഡിയല്‍ അധ്യക്ഷത വഹിച്ചു. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഡോ. വി.പി. സക്കീര്‍ ഹുസൈന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. രവീന്ദ്രന്, ആഷിക് കൈനിക്കര, ഗഫൂര്‍ പി. ലില്ലീസ്, ഡോ. എം.ആർ. ദിനു, കെ.പി.എം. ഷക്കീര്‍ പെരിന്തല്‍മണ്ണ, ഷാഫി അമ്മായത്ത്, സൈഫ് സായിദ്, പ്രവീണ്‍ കുമാര്‍, അജയ് രാജ് എന്നിവര്‍ സംബന്ധിച്ചു.