പ്രതീക്ഷയോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കുവൈത്ത്
text_fieldsയാക്കൂബ് അൽ യൂഹ മുദാവി അൽ ഷമ്മരി ഇബ്രാഹിം അൽ ദാഫിരി
കുവൈത്ത് സിറ്റി: ഹംഗേറിയൻ തലസ്ഥാനമായ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി കുവൈത്ത് ടീം യാത്രതിരിച്ചു. ദേശീയ ചാമ്പ്യന്മാരായ യാക്കൂബ് അൽ യൂഹ, മുദാവി അൽ ഷമ്മരി, ഇബ്രാഹിം അൽ ദാഫിരി എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് പ്രതീക്ഷ. തുർക്കിയയിൽ കഠിന പരിശീലന ക്യാമ്പിനുശേഷമാണ് താരങ്ങൾ ഹംഗറിയിലേക്ക് തിരിച്ചതെന്ന് ടീമിന്റെ ജനറൽ ട്രഷറർ ഹുസൈൻ അബ്ദുല്ല പറഞ്ഞു.
110 മീറ്റർ ഹർഡ്ൽസിൽ യാക്കൂബ് അൽ യൂഹ കുവൈത്തിനെ പ്രതിനിധീകരിക്കും. 100 മീറ്റർ ഓട്ടത്തിൽ മുദാവി അൽ ഷമ്മരിയും 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരിയും രംഗത്തിറങ്ങും. ഈ മാസം 19 മുതൽ 27 വരെയാണ് ലോക ചാമ്പ്യൻഷിപ്. 20ന് ആദ്യ യോഗ്യതമത്സരങ്ങൾ നടക്കും.
30കാരനായ യാക്കൂബ് മുഹമ്മദ് അൽ യൂഹ 2017 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിലെത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. 2014, 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയിട്ടുണ്ട്. 2019ൽ ദോഹയിൽ സ്ഥാപിച്ച 13.35 ആണ് 110 മീറ്റർ ഹർഡ്ൽസിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. നിലവിലെ ദേശീയ റെക്കോഡാണിത്.
ഇൻഡോർ, ഔട്ട്ഡോർ 100 മീറ്ററിലും 200 മീറ്ററിലും ദേശീയ റെക്കോഡുകളുള്ള കുവൈത്ത് താരമാണ് 25കാരിയായ മുദാവി അൽ ഷമ്മരി. 2020 സമ്മർ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ വനിതകളുടെ 100 മീറ്ററിൽ മത്സരിച്ച് ആദ്യ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. അടുത്തിടെ നടന്ന ബെൽജിയം രാജ്യാന്തര അത്ലറ്റിക്സ് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരി സ്വർണം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

