ഏഷ്യൻ ഗെയിംസ്; മിന്നും നേട്ടം സ്വന്തമാക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഇരുപതാമത് ഏഷ്യൻ ഗെയിംസ് ജപ്പാനിൽ സമാപിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ചു കുവൈത്ത്. മേളയിൽ കുവൈത്ത് കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും നാല് സ്വർണ്ണവും ഒരു വെള്ളിയും നാല് വെങ്കലവും അടക്കം ഒമ്പത് മെഡലുകൾ നേടുകയും ചെയ്തു.
ഷൂട്ടിംഗ്, കരാട്ടെ ഇനങ്ങളിൽ നിന്നാണ് നാല് സ്വർണ്ണ മെഡലുകളും ലഭിച്ചത്. അബ്ദുള്ള ഷബാൻ 60 കിലോയിൽ താഴെയുള്ളവരുടെ കരാട്ടെ വിഭാഗത്തിൽ കിരീടം നേടിയപ്പോൾ, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് അൽ മൂസവി, സൽമാൻ അൽ മൂസവി എന്നിവരടങ്ങുന്ന പുരുഷന്മാരുടെ കാറ്റ ടീമും സ്വർണ്ണം നേടി. ഷൂട്ടിംഗിൽ, തലാൽ അൽ റാഷെദി, ഖാലിദ് അൽ മുദാഫ്, അബ്ദുൾറഹ്മാൻ അൽ ഫൈഹാൻ എന്നിവരടങ്ങുന്ന പുരുഷന്മാരുടെ ട്രാപ്പ് ടീം സ്വർണം നേടി. ഖാലിദ് അൽ മുദാഫ് വ്യക്തിഗത ട്രാപ്പ് കിരീടവും സ്വന്തമാക്കി. പുരുഷന്മാരുടെ ടീം സ്കീറ്റ് ഇനത്തിൽ അബ്ദുള്ള അൽ റാഷിദി, മുഹമ്മദ് അൽ ദൈഹാനി, മുഹമ്മദ് അൽ അവാദ് എന്നിവർ വെള്ളി മെഡൽ നേടി.
വ്യക്തിഗത കാറ്റ വിഭാഗത്തിൽ മുഹമ്മദ് അൽ മൗസാവിക്കും, പുരുഷന്മാരുടെ ഡബിൾസ് ടെക്ബാൾ ഇനത്തിൽ ബാസെൽ അഹ്മദ് അബ്ദുൽവഹാബ് അൽ ഖത്താൻ സഖ്യത്തിനും, വനിതാ ട്രാപ്പ് ടീം ഇനത്തിൽ ഹാജർ അബ്ദുൽമാലിക്, സാറ അൽ ഹവ്വാൽ, ഷഹാദ് അൽ ഹവ്വാൽ എന്നിവരടങ്ങുന്ന സംഘത്തിനും വെങ്കല മെഡലുകൾ ലഭിച്ചു. വനിതകളുടെ വ്യക്തിഗത ട്രാപ്പ് വിഭാഗത്തിൽ അബ്ദുൽമാലിക് നാലാമത്തെ വെങ്കല മെഡലും സ്വന്തമാക്കി.
ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ്, ഫുട്‌ബാൾ, ഗോൾഫ്, മോഡേൺ പെന്റാത്‌ലൺ, ഫെൻസിംഗ്, ടെക്‌ബാൾ, സ്‌പോർട്ട് ക്ലൈംബിംഗ്, കരാട്ടെ, കുതിരസവാരി (ഷോ ജമ്പിംഗ്), സ്‌ക്വാഷ്, ജിയു-ജിറ്റ്‌സു, നീന്തൽ, ഹാൻഡ്‌ബാൾ, പാഡൽ, സെയിലിംഗ് എന്നിങ്ങനെ 16 കായിക ഇനങ്ങളിലായി 120 കായികതാരങ്ങളെ അണിനിരത്തിയാണ് കുവൈത്ത് ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തത്.
45 രാജ്യങ്ങളിൽ നിന്നായി 11,000 ത്തിലധികം കായികതാരങ്ങൾ 43 വ്യത്യസ്ത കായിക ഇനങ്ങളിലായി മേളയിൽ മാറ്റുരച്ചു.കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ജനറലും സംഘത്തലവനുമായ മുഹമ്മദ് അൽ ഖൽഫാൻ കുവൈത്ത് സംഘത്തിന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

