കോട്ടയം ജില്ല അത്ലറ്റിക് മീറ്റ്: കപ്പടിച്ച് 'ദ്രോണാചാര്യരും' കുട്ടികളും, അൽഫോൻസ അക്കാദമിക്ക് രണ്ടാം സ്ഥാനം
text_fieldsകോട്ടയം ജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പൂഞ്ഞാർ തോമസ് മാഷ് അക്കാദമി ടീം അംഗങ്ങൾ
പാലാ: പാലാ നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ജില്ല അത്ലറ്റിക് മീറ്റിൽ പാലാ അൽഫോൻസ അക്കാദമിയെ അട്ടിമറിച്ച് ദ്രോണാചാര്യ കെ.പി. തോമസ് മാഷും കുട്ടികളും ഓവറോൾ ചാമ്പ്യൻഷിപ് നേടി. 47 സ്വർണം, 41 വെള്ളി, 37 വെങ്കലം എന്നിവയടക്കം 825 പോയൻറാണ് ചാമ്പ്യൻമാർക്കുള്ളത്.
32 സ്വർണം, 35 വെള്ളി, 30 വെങ്കലം എന്നിവയടക്കം 690 പോയൻറ് നേടിയ അൽഫോൻസ അക്കാദമി രണ്ടാം സ്ഥാനത്തുണ്ട്. 441 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് മൂന്നാം സ്ഥാനത്താണ്. 28 സ്വർണവും 20 െവള്ളിയും 18 വെങ്കലവുമാണ് മൂന്നാം സ്ഥാനക്കാരുടെ സമ്പാദ്യം. പുരുഷവിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജും വനിത വിഭാഗത്തിലും 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജും ചാമ്പ്യൻമാരായി. 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി എസ്.ബി കോളജിനാണ് കിരീടം.
മറ്റ് എല്ലാവിഭാഗങ്ങളിലും ഉജ്ജ്വല വിജയം നേടിയാണ് ദ്രോണാചാര്യ കെ.പി. തോമസ് മാഷ് സ്പോർട്സ് അക്കാദമി പൂഞ്ഞാർ ചാമ്പ്യൻമാരുടെ ചാമ്പ്യനായത്.
മേളയുടെ ആദ്യദിനം മുതൽ മിന്നുന്ന പ്രകടനമാണ് തോമസ് മാഷിെൻറ ശിഷ്യർ കാഴ്ചവെച്ചത്. ഡിസംബർ ഒമ്പതു മുതൽ 11വരെ നീണ്ട മത്സരങ്ങളിൽ 21 ടീമുകളാണ് പങ്കെടുത്തത്.