ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരത്തിന് കോഹ്‍ലിയുടെ സമ്മാനം
text_fieldsഅഡലെയ്ഡ്: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരം ലിറ്റൺ ദാസിന് സമ്മാനവുമായി ഇന്ത്യൻ താരം വിരാട് കോഹ്‍ലി. മത്സരത്തിന് ശേഷം തന്റെ ക്രിക്കറ്റ് ബാറ്റുകളില്‍ ഒന്ന് കോഹ്‍ലി താരത്തിന് കൈമാറുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി) ക്രിക്കറ്റ് ഓപറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സര ശേഷം ഞങ്ങൾ ഡൈനിങ് ഹാളിൽ ഇരിക്കുമ്പോൾ കോഹ്‍ലിയെത്തി ലിട്ടണിന് ബാറ്റ് കൈമാറുകയായിരുന്നെന്നും ഇത് താരത്തിന് ഏറെ ആവേശം പകർന്നെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 നിർണായക പോരാട്ടത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചത്. ഇടക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ലിറ്റൺ ദാസിന്റെ ബാറ്റിങ് ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 എന്ന ശക്തമായ നിലയിലായിരുന്നു. മഴ നിയമപ്രകാരം ബംഗ്ലാദേശ് 17 റൺസ് മുന്നിലായിരുന്നു. കളി മുടങ്ങിയിരുന്നെങ്കിൽ ബംഗ്ലാദേശിന് ജയം ഉറപ്പായിരുന്നു.
മഴ മാറിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറിൽ 151 ആക്കി പുതുക്കി. എന്നാൽ, നിശ്ചിത ഓവറിൽ 145 റൺസെടുക്കാനേ അവർക്കായുള്ളൂ. 21 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ലിറ്റൺ ദാസ് ഇന്ത്യയെ മുൾമുനയിൽ നിർത്തിയിരുന്നു. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 60 റണ്‍സ് നേടി നിൽക്കെ താരം കെ.എല്‍. രാഹുലിന്റെ ഏറിൽ നിർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. ലിറ്റൺ ദാസ് പുറത്തായതോടെയാണ് ഇന്ത്യ വിജയപ്രതീക്ഷയിലേക്ക് മടങ്ങിയെത്തിയത്. 64 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‍ലിയായിരുന്നു മത്സരത്തിലെ താരം.