ഫുട്ബാൾ സ്വർണം തേടി പുതുനിരയുമായി കേരളം
text_fieldsകേരള പരിശീലകൻ ഷഫീഖ് ഹസൻ
കേരളത്തിന്റെ മത്സരങ്ങൾ
ഗ്രൂപ് ബി
ജനു. 30 Vs മണിപ്പൂർ
ഫെബ്രു. 1 Vs ഡൽഹി
ഫെബ്രു. 3 Vs സർവിസസ്
കോഴിക്കോട്: കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ദേശീയ ഗെയിംസ് ഫുട്ബാൾ സ്വർണ സ്വപ്നങ്ങളിലേക്ക് യുവതാരങ്ങളുമായി കേരളം. അനിശ്ചിതത്വത്തിനൊടുവിൽ തെരഞ്ഞെടുത്ത 22 പേരുമായി ചൊവ്വാഴ്ച കല്പറ്റ എം.ജി. ജിനചന്ദ്രന് ജില്ല സ്റ്റേഡിയത്തില്‍ ടീം പരിശീലനം ആരംഭിക്കും.
ഈയിടെ ഹൈദരാബാദിൽ സമാപിച്ച സന്തോഷ് ട്രോഫി ഫുട്ബാളിൽ റണ്ണറപ്പായ സംഘത്തിലെ ഒരാൾക്കുപോലും അവസരം നൽകാതെയാണ് ദേശീയ ഗെയിംസ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ഷഫീഖ് ഹസനാണ് പരിശീലകൻ.
31 പേരുടെ പട്ടിക തയാറാക്കി ജനുവരി ഏഴിന് കല്പറ്റയിൽ ക്യാമ്പ് തുടങ്ങിയിരുന്നു. ആദ്യ ഘട്ടം എത്തിയതാവട്ടെ 19 പേർ. ഇതിലൊരാള്‍ പിന്നീട് ക്യാമ്പ് വിട്ടതോടെ 18 ആയി ചുരുങ്ങി. തുടർന്ന് 12 പേരുടെകൂടി പട്ടിക പുറത്തിറക്കിയെങ്കിലും അഞ്ചുപേരേ എത്തിയുള്ളൂ. 15 പേരെ ഉൾപ്പെടുത്തിയുള്ള മൂന്നാം പട്ടികയും ചേർത്താണ് 22 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ക്യാപ്റ്റൻ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സീനിയർ ഫുട്ബാളിലെ പ്രകടനം കണക്കിലെടുത്താണ് ദേശീയ ഗെയിംസ് ക്യാമ്പിലേക്ക് താരങ്ങളെ വിളിച്ചത്. നിലവിലെ സംഘത്തിലെ ഡിഫൻഡർ അജയ് അലക്സും മിഡ്ഫീൽഡർ ബിജേഷ് ടി. ബാലനും മാത്രമാണ് സന്തോഷ് ട്രോഫി കളിച്ചവർ. അജയ് 2022ലെ ചാമ്പ്യൻ ടീമിൽ അംഗമായിരുന്നു. ബിജേഷ് ദക്ഷിണ മേഖല യോഗ്യത റൗണ്ടിലും ഇറങ്ങി.
സൂപ്പര്‍ ലീഗ് കേരളയിൽ കളിച്ച മൂന്നും കേരള പൊലീസിലെ നാലും ഗോകുലം കേരളയിലെ മൂന്നും പേർ സംഘത്തിലുണ്ട്. കേരള പൊലീസിലെ കെ. അഭിനവാണ് ഒന്നാം ഗോൾ കീപ്പർ. സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകനായിരുന്നു ഷഫീഖ് ഹസൻ. 27 വരെ പരിശീലനം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത ദിവസങ്ങളിൽ വയനാട് യുനൈറ്റഡ്, ഗോകുലം കേരള റിസർവ് ടീം തുടങ്ങിയവരുമായി പരിശീലന മത്സരങ്ങളുണ്ട്. 30ന് ഹൽദ്വാനി സ്പോർട്സ് കോംപ്ലക്സിൽ മണ്ണിപ്പൂരിനെതിരെയാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ പോരാട്ടം. ഈ സാഹചര്യത്തിൽ മിക്കവാറും 27ന് ടീമിന് ഉത്തരാഖണ്ഡിലേക്ക് തിരിക്കേണ്ടിവരും. 1997ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ പിറ്റേവർഷം ഗോവയിൽ വെങ്കലമായിരുന്നു
കേരള സ്ക്വാഡ്
റിസ്വാൻ, പി. ആദില്‍, സി. മുഹമ്മദ് ഇഖ്ബാല്‍, കെ. മഹേഷ്, യു. ജ്യോതിഷ്, ബിബിന്‍ ബോബന്, സി. സച്ചിന് സുനില്‍, കെ. അഭിനവ്, ബബ്ലി സിവരി ഗിരീഷ്, സി. ജേക്കബ്, എസ്. ഗിരീഷ്, കെ. ജിദ്ദു, സി. സല്മാന് ഫാരിസ്, എസ്. സന്ദീപ്, എസ്. സെബാസ്റ്റ്യന്‍, എസ്. ഷിനു, യാഷിന് മാലിക്, പി.പി. മുഹമ്മദ് ഷാദില്‍, അജയ് അലക്സ്, ടി.വി. അല്‍കേഷ് രാജ്, ബിജേഷ് ടി. ബാലന്, ടി.എന്‍. അഫ്നാസ്, പരിശീലകൻ: ഷഫീഖ് ഹസന്, സഹപരിശീലകൻ: കെ. ഷസിന് ചന്ദ്രന്, ഗോൾ കീപ്പിങ് കോച്ച്: എല്‍ദോ പോള്‍, മാനേജര്‍: ബി.എച്ച്. രാജീവ്, ഫിസിയോ: യു. മുഹമ്മദ് അദീബ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.