കേരള സ്കൂൾ ഗെയിംസ്: ഹാൻഡ്ബാളിൽ തൃശൂരിന്റെ ആധിപത്യം
text_fieldsകൊല്ലം: കേരള സ്കൂൾ ഗെയിംസ് ഹാൻഡ് ബാൾ മത്സരങ്ങളിൽ സർവാധിപത്യം തൃശൂരിന്. എല്ലാ വിഭാഗങ്ങളിലും വ്യക്തമായ മുൻതൂക്കത്തോടെ സ്വർണം കൊയ്തു. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെയും തകർത്തു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ മറികടന്നപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപിച്ചു. ജൂനിയർ ആൺകുട്ടികളിൽ പാലക്കാടിനെ തോൽപിച്ച് കൊല്ലവും പെൺകുട്ടികളിൽ കൊല്ലത്തെ തോൽപിച്ച് പാലക്കാടും മൂന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ആലപ്പുഴയെ മറികടന്ന കോഴിക്കോടിനും കോട്ടയത്തെ തോൽപിച്ച കണ്ണൂരിനുമാണ് യാഥാക്രമം ആൺ, പെൺ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം.
ബേസ് ബാൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മലപ്പുറത്തിനാണ് ആധിപത്യം. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തെയും തോൽപിച്ച് മലപ്പുറം സ്വർണം നേടി.
ഹോക്കിയിൽ കൊല്ലവും പത്തനംതിട്ടയും
സീനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ കൊല്ലം ജില്ലക്ക് സ്വർണം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പാലക്കാടിനെ തോൽപിച്ചു. തൃശൂർ മൂന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരം നടന്ന പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് പത്തനംതിട്ട സ്വർണത്തിൽ മുത്തമിട്ടു. കോഴിക്കോടിനെ തകർത്ത് എറണാകുളം വെങ്കലം നേടി.

