അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച താരങ്ങൾക്ക് കേരളത്തിന്റെ പാരിതോഷികം
text_fieldsതിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡല്‍നേടിയ മലയാളി കായിക താരങ്ങള്‍ക്ക് കേരളത്തിന്റെ അംഗീകാരമായുള്ള പാരിതോഷികം നൽകാൻ സർക്കാർ തീരുമാനിച്ചു. ലോങ്ജംപിൽ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിക്കും പാര അത്ലറ്റിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം പാരിതോഷികം നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. 12 വയസ്സിൽ താഴെയുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാന്ദ്രമോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4x400 മീറ്റർ മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതവും ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ലക്ഷം രൂപയാണ് 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ മലയാളി താരം ശ്രീശങ്കറിന് നൽകിയത്. കോമൺവെൽത്ത് ഫൈനലിൽ എത്തിയവർക്കും നിലവിലുള്ള മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്കുള്ള അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിലെ മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് മൂന്ന് ലക്ഷവും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരുലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകാനാകുക. ഈ തുക അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അമിത രാഷ്ട്രീയവത്കരണം ഒഴിവാക്കി കായിക മേഖലയെ കായിക സൗഹൃദമാക്കുക എന്നതാണ് സർക്കാറിന്റെ പ്രഖ്യാപിത നയമെന്നും ജനീഷ് കൂട്ടിച്ചേർത്തു. വിവിധ ദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് 2019 മുതലുള്ള പാരിതോഷികം കുടിശ്ശികയാണ്. മുൻ സർക്കാറിന്റെ കാലഘട്ടത്തിലുള്ള കുടിശ്ശക തീർക്കാനുള്ള തീവ്രയത്നത്തിലാണ് സർക്കാർ. ഇതിനായി ആദ്യ ഘട്ടമെന്ന നിലയിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ഏതാനും മാസങ്ങൾക്കകം നൽകാൻ നടപടി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

