കളി ഇനി വേറെ ലെവൽ
text_fieldsടൂറിസവുമായി ക്രിക്കറ്റിനെ കോര്‍ത്തിണക്കി വിനോദസഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുക വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ‘ക്രിക്കറ്റ് ടൂറിസ’ത്തിലൂടെ ലക്ഷ്യംവെക്കുന്നത്
ഇരുപത്തിരണ്ടുവാര പിച്ചിലെ തീപാറും പോരാട്ടങ്ങളെ സാക്ഷിയാക്കി നവകേരള സൃഷ്ടിക്കായി പുതിയൊരു വാതിൽ തുറന്നിടുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) കേരള പതിപ്പായ കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ). കേവലം കളത്തിലെ പ്രകടനങ്ങള്‍ക്കപ്പുറം, ക്രിക്കറ്റിനെ സാംസ്കാരിക അനുഭവമാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ സാമ്പത്തിക, തൊഴിൽ, കായിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുതകുന്ന കർമപദ്ധതികളുമായാണ് കെ.സി.എൽ രണ്ടാം സീസണിന് ആഗസ്റ്റ് 21ന് തലസ്ഥാനത്ത് ടോസ് വീഴുക. ടൂറിസവുമായി ക്രിക്കറ്റിനെ കോര്‍ത്തിണക്കി വിദേശ ആഭ്യന്തര വിനോദസഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുക വഴി പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് ‘ക്രിക്കറ്റ് ടൂറിസ’ത്തിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യംവെക്കുന്നത്. സംസ്ഥാനത്തിന് പുതിയൊരു അനുഭവമാകാൻ പോകുന്ന ക്രിക്കറ്റ് ടൂറിസത്തെക്കുറിച്ച് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ സംസാരിക്കുന്നു.
കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ
വിനോദസഞ്ചാരവും കേരള ക്രിക്കറ്റും
വിനോദത്തിനപ്പുറം ക്രിക്കറ്റ് വലിയൊരു വ്യവസായം കൂടിയാണ്. നിർഭാഗ്യവശാൽ വ്യവസായ സാധ്യതയെ പ്രയോജനപ്പെടുത്താൻ നാളിതുവരെ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൗണ്ടുകളുടെയും ഹോട്ടലടക്കമുള്ള അനുബന്ധ സൗകര്യങ്ങളുടെയും അഭാവമായിരുന്നു അത്തരം അവസരങ്ങളിൽ നിന്ന് നമ്മെ പിന്നോട്ടടിച്ചത്. എന്നാൽ, ഇന്ന് സാഹചര്യം മാറി. ഇനിമുതൽ കെ.സി.എയുടെ ലക്ഷ്യം ക്രിക്കറ്റിനെ ഗ്രൗണ്ടില്‍ മാത്രം ഒതുക്കുകയല്ല, മറിച്ച് അതൊരു സമ്പൂര്‍ണ അനുഭവമാക്കി മാറ്റുകയാണ്. രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ‘വണ്‍-സ്റ്റോപ്പ് ഡെസ്റ്റിനേഷ’നാക്കി കേരളം മാറണം. അതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് കേരള ക്രിക്കറ്റ് ലീഗ്. അന്താരാഷ്ട്ര മത്സരമായാലും കെ.സി.എല്‍ ആയാലും ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് ഇവിടെ കാണാന്‍ സാധിക്കുമെന്ന ഉറപ്പ് ക്രിക്കറ്റ് പ്രേമികള്‍ക്ക് നൽകാൻ സാധിച്ചാൽ തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാന്‍ വടക്കൻ കേരളം മുതൽ തലസ്ഥാനത്തേക്ക് ഒഴുകിയെത്തും. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. കെ.സി.എൽ കഴിഞ്ഞാലുടൻ രഞ്ജി മത്സരങ്ങൾക്ക് തലസ്ഥാനം വേദിയാകും. കെ.സി.എല്ലിനുശേഷം വനിതാ ക്രിക്കറ്റ് ലോകകപ്പും ജനുവരി 31ന് ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരവും വരുന്നുണ്ട്. ഏപ്രിലിൽ ഇന്ത്യയുടെ ഏകദിന മത്സരവും കാര്യവട്ടത്ത് അരങ്ങേറും. ഇത്തരത്തിൽ ക്രിക്കറ്റും ടൂറിസവും ഒരുമിച്ച് വളരുന്ന സമ്പൂര്‍ണ ഇക്കോസിസ്റ്റമാണ് കെ.സി.എ ലക്ഷ്യമിടുന്നത്.
കെ.സി.എല്ലും ക്രിക്കറ്റ് പാക്കേജുകളും
ഓണക്കാലത്തടക്കം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കെ.സി.എൽ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരെയും കുടുംബങ്ങളെയും കൂടുതൽ ദിവസവും തലസ്ഥാനത്ത് പിടിച്ചുനിർത്തുന്ന തരത്തിലുള്ള വിനോദ പരിപാടികളാണ് സ്റ്റേഡിയത്തിന് പുറത്ത് ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കെ.സി.എൽ നടക്കുന്ന ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രത്യേക നിരക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍, റസ്റ്റാറന്റ് ഉടമകളുമായി ചർച്ച നടത്തിവരുകയാണ്.
ക്രിക്കറ്റ് മത്സരങ്ങള്‍ ടൂറിസം സീസണുകളില്‍ നടത്താൻ സാധിച്ചാല്‍, കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. മത്സര ടിക്കറ്റിനൊപ്പം ഹോട്ടല്‍ താമസം, കായല്‍ യാത്ര, മറ്റ് വിനോദങ്ങള്‍ എന്നിവ ചേര്‍ത്ത് ആകര്‍ഷകമായ ‘ക്രിക്കറ്റ് പാക്കേജുകള്‍’ നല്കാന് ട്രാവല്‍ ഏജന്‍സികള്‍ക്ക് കഴിയും. വരും വർഷങ്ങളിൽ മറ്റു ജില്ലകളിലേക്കുകൂടി കെ.സി.എല്ലിന്റെ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കാൻ ആലോചനയുണ്ട്. അങ്ങനെവരുമ്പോൾ കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മുന്നേറ്റത്തിനും പദ്ധതി ഊർജം പകരും.
കെ.സി.എല്ലിന്റെ ആദ്യ സീസണിൽ ഒന്നിനും സമയമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഒരുമാസം കൊണ്ടാണ് ഫ്രാഞ്ചൈസികളെ നിശ്ചയിച്ചതും താരലേലം നടത്തിയതും മത്സരങ്ങൾ സംഘടിപ്പിച്ചതും. എന്നിട്ടും ടൂർണമെന്റിന് വലിയ പ്രശംസയാണ് ബി.സി.സി.ഐയിൽനിന്ന് ലഭിച്ചത്. ബി.സി.സി.ഐ കഴിഞ്ഞ വർഷം നടന്ന ആഭ്യന്തര ലീഗുകളിൽ രാജ്യത്തെ തന്നെ നമ്പർ വൺ ലീഗായി മാറാൻ ആദ്യ സീസണ് കഴിഞ്ഞു. അതോടൊപ്പം ആദ്യ സീസണിൽ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ 40 കോടി രൂപയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും ആറു ഫ്രാഞ്ചൈസി ടീം ഉടമകളും കൂടി നിക്ഷേപിച്ചത്. ഹോട്ടലുകൾ, ടാക്സികൾ, കാറ്ററിങ് സർവിസുകൾ, മീഡിയ ഏജൻസികൾ, പ്രിന്റിങ് പ്രസുകൾ, ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകൾക്ക് കെ.സി.എൽ ഗുണം ചെയ്തു. എഴുന്നൂറിലധികം നേരിട്ടുള്ള ജോലികളും 2500ൽ അധികം പരോക്ഷ ഉപജീവന മാർഗങ്ങളും ആദ്യ സീസണിലൂടെ സൃഷ്ടിക്കാനായി. മീഡിയ, ഇവന്റ് മാനേജ്മെന്റ് ഭാഗങ്ങളിലും 40 ശതമാനവും സ്ത്രീകളായിരുന്നുവെന്നത് സ്ത്രീശാക്തീകരണത്തിൽ കെ.സി.എല്ലിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്.
കെ.സി.എല്ലും താരങ്ങളും
ഐ.പി.എൽ പോലുള്ള ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ അവസരം ലഭിക്കാതെവരുന്ന കഴിവുള്ള താരങ്ങൾക്ക് തങ്ങളുടെ പ്രതിഭ രാജ്യത്തിനുമുന്നിൽ തെളിയിക്കാനും മികച്ച വരുമാനം നേടാനുമുള്ള സുവർണാവസരമാണ് കേരള ക്രിക്കറ്റ് ലീഗ്. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന വിഘ്നേഷ് പുത്തൂർ തന്നെയാണ് ഇക്കാര്യത്തിൽ ഉദാഹരണം. ആദ്യ സീസണിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്ന വിഘ്നേഷിന്റെ പ്രകടനമാണ് മുംബൈ ഇന്ത്യൻസിലേക്കുള്ള അവസരം തുറന്നുകൊടുത്തത്. വിഘ്നേഷിനെപ്പോലെ ഏദൻ ആപ്പിൾ ടോം, ഷറഫുദ്ദീൻ, ഷോൺ റോജർ അങ്ങനെ ഒരുപിടി യുവതാരങ്ങൾ ആദ്യ സീസണോടെ ഐ.പി.എൽ ടീമുകളുടെ കണ്ണിലുടക്കിയിട്ടുണ്ട്.
ഇത്തവണയും ഐ.പി.എൽ ടീമുകളുടെ ടാലറ്റ് സ്കൗട്ട് അംഗങ്ങൾ കെ.സി.എൽ കാണാൻ എത്തുന്നു എന്നത് കളിക്കാർക്ക് ഐ.പി.എൽ ടീമുകളിൽ എത്താൻ വലിയ സാധ്യതയാണ് നൽകുന്നത്. ഇതിന് പുറമെ ലക്ഷങ്ങൾ നൽകി താരങ്ങളെ ടീമിലെത്തിക്കുന്ന ലേലം കളിക്കാർക്ക് സാമ്പത്തിക ഭദ്രത നൽകും. ക്രിക്കറ്റിനെ മുഴുവൻ സമയ പ്രഫഷനാക്കി തിരഞ്ഞെടുക്കാൻ യുവതലമുറക്ക് ആത്മവിശ്വാസവും നൽകുകയാണ് കെ.സി.എൽ. ഓരോ ഫ്രാഞ്ചൈസിയും സ്വന്തമായി സപ്പോർട്ട് സ്റ്റാഫിനെ നിയമിക്കുന്നതോടെ പരിശീലകർ, ഫിസിയോ തെറപ്പിസ്റ്റുകൾ, മെന്റർമാർ തുടങ്ങിയവർക്കും വലിയ തൊഴിൽ സാധ്യതകൾ കെ.സി.എൽ തുറന്നിടും.
ഗ്രീൻഫീൽഡ് സ്റ്റേഡിയം
വനിതാ ക്രിക്കറ്റ് ഒപ്പത്തിനൊപ്പം
പുരുഷന്മാരുടെ ലീഗ് മത്സരത്തിനൊപ്പം വനിതാ ക്രിക്കറ്റിനും കെ.സി.എ തുല്യ പ്രാധാന്യമാണ് നൽകുന്നത്. ഒന്നോ രണ്ടോ സീസണുകൾക്കുള്ളിൽ വനിതാ കെ.സി.എൽ ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് ഈ സീസണിൽ വനിതാ ലീഗിനായി പ്രത്യേക ഭാഗ്യചിഹ്നം പുറത്തിറക്കിയത്. കഴിഞ്ഞ സീസണിൽ മൂന്ന് വനിതാ അമ്പയർമാർ മത്സരങ്ങൾ നിയന്ത്രിച്ചതും ഈ രംഗത്തേക്കുള്ള കെ.സി.എയുടെ ചുവടുവെപ്പായിരുന്നു.
ജനപ്രിയ ലീഗാവാൻ കെ.സി.എൽ
ഇനിയുള്ള കെ.സി.എൽ സീസണുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുക, കളിക്കാർക്ക് മികച്ച പ്രതിഫലം നൽകുക തുടങ്ങിയ കാര്യങ്ങൾ പരിഗണനയിലാണ്. നിലവിൽ താരലേലത്തിൽ ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാൻ കഴിയുന്ന തുക 50 ലക്ഷം രൂപയായിരുന്നു. ഇത് ഉയർത്താനുള്ള നടപടികളും സ്വീകരിക്കും. കൂടുതൽ മികച്ച താരങ്ങളെ വാർത്തെടുക്കാനും അവർക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കെ.സി.എല്ലിൽ നിന്നുള്ള വരുമാനം വിനിയോഗിക്കുന്ന കാര്യവും ചർച്ച ചെയ്യും.
ആദ്യ സീസണിൽനിന്ന് വ്യത്യസ്തമായി ലീഗിന്റെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംപ്രേഷണ അവകാശത്തിലും വലിയ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിട്ടുള്ളത്. സീസണിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. ഇതോടൊപ്പം പ്രമുഖ സ്പോർട്സ് ശൃംഖലയായ സ്റ്റാർ സ്പോർട്സിലും, ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും മത്സരങ്ങൾ ലഭ്യമാക്കും. മത്സരം നേരിട്ട് കാണുന്നതിനായി സെലിബ്രിറ്റികൾ, ദേശീയ ക്രിക്കറ്റ് താരങ്ങൾ, ഐ.പി.എൽ ഫ്രാഞ്ചൈസി ടീം മാനേജ്മെന്റ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി എത്തിക്കും.
ജില്ലതലങ്ങളിലും സമാനമായ ലീഗുകൾ സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്താനുള്ള കാര്യവും പരിഗണനയിലുണ്ട്. രണ്ടാം സീസണിനുശേഷം വിശദമായ ചർച്ചയിലൂടെ കർമപദ്ധതികൾക്ക് രൂപം നൽകും. ഇതിലൂടെ അഞ്ചുവർഷം കൊണ്ട് കെ.സി.എല്ലിനെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശക്തവും ജനപ്രിയവുമായ ലീഗാക്കി മാറ്റാൻ സാധിക്കും.
ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ
കാസർകോട്, വയനാട്, കണ്ണൂർ, മലപ്പുറം, ഇടുക്കി അടക്കമുള്ള ജില്ലകളിൽ കെ.സി.എക്ക് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉണ്ട്. ഇതിന് പുറമെ പാലക്കാട് സ്പോര്‍ട്സ് ഹബ് നിർമിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാര്‍ ഒപ്പുവെച്ചു. സെന്റ് സേവിയേഴ്സ് കോളജിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാർ 17 വർഷത്തേക്കുകൂടി പുതുക്കി ഒപ്പുവെച്ചു.
ഇതോടെ, തിരുവനന്തപുരത്തെ സെന്റ്സേവ്യേഴ്സ്-കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പും വികസനവും ഉൾപ്പെടെയുള്ള മൊത്തം കരാർ കാലയളവ് 33 വർഷമായി ഉയർന്നു. കോട്ടയം സി.എം.എസ് കോളജുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. മൂന്നാറും ക്രിക്കറ്റ് സ്റ്റേഡിയം വരും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കൊല്ലം എഴുകോണിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഉദ്ദേശിക്കുന്നത്. നെടുമ്പാശ്ശേരിയിൽ സ്വന്തമായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ പദ്ധതിയുണ്ടെങ്കിലും കണ്ടെത്തിയ സ്ഥലത്തിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
കെ.സി.എല്ലിലെ സഞ്ജു സാംസൺ
സഞ്ജു ലീഗിന്റെ പ്രധാന ഘടകം തന്നെയാണ്. കൂടാതെ ഇന്ന് രഞ്ജി ട്രോഫിയിൽ രാജ്യത്തെ രണ്ടാം നമ്പർ ടീമാണ് കേരളം. ദേശീയ സെലക്ടർമാരൊക്കെ ടീമിൽ നോട്ടമിട്ടു കഴിഞ്ഞു. അതിനുള്ള തെളിവല്ലേ ദക്ഷിണമേഖല ദുലീപ് ട്രോഫി ടീമിൽ അഞ്ച് മലയാളി താരങ്ങൾ ഇടംപിടിച്ചത്. ഇത് ചരിത്രമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെന്നത് കേരള ക്രിക്കറ്റിന് ലഭിച്ച അംഗീകാരമാണ്. കേരള ക്രിക്കറ്റ് വളരാൻ തുടങ്ങിയിട്ടേയുള്ളൂ. കാത്തിരിക്കാം.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

