റണ്ണൊഴുകുന്ന പിച്ചൊരുക്കി കാര്യവട്ടം സ്പോർട്സ് ഹബ്
text_fieldsതിരുവനന്തപുരം: ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്‍റി20 മത്സരത്തിനായി റണ്ണൊഴുകുന്ന പിച്ചൊരുക്കി കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയം. ബാറ്റര്‍മാരെ തുണക്കുന്നതാകും പിച്ചെന്ന് കെ.സി.എ ക്യൂറേറ്റര്‍ എ.എം ബിജു വ്യക്തമാക്കി. അതിനാൽ വാശിയേറിയ റൺസൊഴുകുന്ന മത്സരത്തിനാകും 28ന് സ്പോർട്സ്ഹബ് സാക്ഷ്യം വഹിക്കുക.
മത്സരത്തിനായി മൂന്നുപിച്ചുകളാണ് തയാറാകുന്നത്. പുതുതായി വെച്ചുപിടിപ്പിച്ച മൂന്നുമില്ലിമീറ്റര്‍ ഉയരത്തിലുള്ള ബര്‍മുഡാ ഗ്രാസ് നിറഞ്ഞ മൈതാനത്തും പന്ത് കുതിച്ചുപായും.
മുമ്പ് ഈ സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളുമായുള്ള മത്സരങ്ങളിലേതിന് സമാനമായ സൗകര്യങ്ങളിലേക്ക് പിച്ചും മൈതാനവും ഒരുക്കിയെടുക്കാൻ പ്രയാസപ്പെടേണ്ടിവന്നെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിച്ച് നിര്‍മാണത്തില്‍ 31വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബിജുവിന്‍റെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് മുതൽ നടത്തിയ കഠിനപ്രയത്നമാണ് ഇപ്പോൾ സ്റ്റേഡിയത്തെ പഴയ രീതിയിൽ എത്തിച്ചത്.
2019 ഡിസംബറിൽ വെസ്റ്റിൻഡീസുമായി നടന്ന മത്സരത്തിനു ശേഷം മറ്റൊരു അന്താരാഷ്ട്ര മത്സരത്തിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിനും ആർമി റിക്രൂട്ട്മെന്‍റിനുമെല്ലാമായി സ്റ്റേഡിയം വിട്ടുനൽകിയതോടെ ഔട്ട്ഫീൽഡ് മുഴുവൻ തകർന്നു.
പിച്ചുകൾ സുരക്ഷിതമായി മറച്ചുസൂക്ഷിച്ചതിനാൽ കാര്യമായ തകരാറുണ്ടായില്ല. കാടുപിടിച്ച് നശിച്ച അവസ്ഥയിൽ സ്റ്റേഡിയം മാറിയപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാർ ഉപേക്ഷിക്കാനൊരുങ്ങിയപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്നമാണ് കരിനിഴലിലായത്.
തുടർന്ന് മാധ്യമങ്ങളുടെ ഉൾപ്പെടെ ഇടപെടലിനെ തുടർന്ന് കെ.സി.എ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും പിന്നീട് കായികമന്ത്രി വി. അബ്ദുറഹ്മാന്‍റെ ഇടപെടലിനെയൊക്കെ തുടർന്ന് സ്റ്റേഡിയങ്ങൾ കായികേതര ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കില്ലെന്ന ഉത്തരവും പുറത്തിറങ്ങി.
അതിനു ശേഷമാണ് കെ.സി.എ വീണ്ടും ഇടപെട്ട് സ്റ്റേഡിയത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത്. ഈ മത്സരത്തോടെ അതു പഴയനിലയിലേക്ക് എത്തും.
ദക്ഷിണാഫ്രിക്കൻ ടീം ദുബൈയിൽനിന്നും ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തും. ഹൈദരാബാദിൽ ഞായറാഴ്ച നടക്കുന്ന ആസ്ട്രേലിയയുമായുള്ള അവസാന ഏകദിനത്തിൽ പങ്കെടുത്തശേഷം നാളെ വൈകീട്ട് നാലരയോടെ ഇന്ത്യൻ ടീമും എത്തും.