ആഞ്ഞുവീശി കേരളം, ഒഴിഞ്ഞുമാറി ഐ.ഒ.എ; അങ്കം മുറുകി
text_fieldsകോഴിക്കോട്: ദേശീയ ഗെയിംസിൽ മത്സര ഇനമായി ഉൾപ്പെടുത്തിയിരുന്ന കളരിപ്പയറ്റ് ഇക്കുറി പ്രദർശന ഇനമാക്കിയതിനെതിരെ ശക്തമായ നിലപാട് തുടർന്ന് കേരളം. മലയാളിയായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, കളരിപ്പയറ്റ് മത്സര ഇനമാക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചതിനെ അപലപിച്ച് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന് രംഗത്തെത്തി. ഇക്കാര്യത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ രേഖാമൂലം തന്നെ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുകൂല നീക്കമുണ്ടായിട്ടില്ല.
അകത്തും പുറത്തുമായി കളരി
2015ൽ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിലാണ് ആദ്യമായി കളരിപ്പയറ്റ് ഉൾപ്പെടുത്തുന്നത്. അന്നുമുതൽ പ്രദർശന ഇനമായിരുന്നു. 2023ൽ ഗോവയിൽ നടന്ന ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി. ഇതിലെ 22 വിഭാഗങ്ങളിലും മത്സരിച്ച കേരളം മെഡലുകൾ തൂത്തുവാരി. 19 സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് താരങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഈ മെഡൽവേട്ടയുടെ കരുത്തിൽ കേരളം അഞ്ചാം സ്ഥാനം നേടുകയുംചെയ്തു. എന്നാൽ, കളരിപ്പയറ്റ് മത്സര ഇനമാക്കുന്നതിനെതിരെ ചില കോണുകളിൽനിന്ന് വീണ്ടും എതിർപ്പ് ഉയർന്നതോടെ ഇത്തവണത്തെ ഉത്തരാഖണ്ഡ് ഗെയിംസിൽ കളരിപ്പയറ്റ്, യോഗാസനം, മല്ലകമ്പ്, റാഫ്റ്റിങ് എന്നിവ പ്രദർശന ഇനമാക്കി പ്രഖ്യാപിക്കുകയായിരുന്നു ഐ.ഒ.എ. ദിവസങ്ങൾക്കു മുമ്പ് യോഗാസനവും മല്ലകമ്പും വീണ്ടും മത്സര ഇനമാക്കിയെങ്കിലും കളരിപ്പയറ്റിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടായില്ല.
കോടതി പറഞ്ഞതിൽ അവ്യക്തത
കളരിപ്പയറ്റിനെ മത്സര ഇനമാക്കാൻ ഹരിയാന താരം ഹർഷിത യാദവ് ഡൽഹി ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി നൽകിയിരുന്നു. ഗോവ ഗെയിംസിൽ വാൾ-വാൾ, ചുവട് എന്നീ ഇനങ്ങളിലെ വെങ്കല മെഡൽ ജേതാവായിരുന്നു ഹർഷിത. കളരിപ്പയറ്റ് വീണ്ടും മത്സര ഇനമാക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നതോടെ കേരളം ആവേശത്തിലും ആശ്വാസത്തിലുമായിരുന്നു. പ്രദർശനത്തിനായി തയാറെടുക്കുന്ന താരങ്ങൾ മത്സരിച്ച് മെഡൽ കൊയ്യാമെന്ന പ്രതീക്ഷയിലേക്കും മാറി. എന്നാൽ, കോടതി വിധിയുടെ പകർപ്പ് ഹർഷിതക്കോ അഭിഭാഷകനോ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മത്സര ഇനമാക്കുന്നത് പരിഗണിച്ചുകൂടെയെന്നാണ് കോടതി പറഞ്ഞതെന്നും ചില കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. വിധിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഉഷയുടെ നിലപാട്.
മല്ലകമ്പും യോഗയും തുടരുമ്പോൾ
യോഗാസനവും മല്ലകമ്പും 2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിലാണ് ആദ്യമായി ഉൾപ്പെടുത്തിയത്. രണ്ട് ഇനങ്ങളിലും കേരളത്തിന് പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല ഒന്നോ രണ്ടോ സംസ്ഥാനങ്ങളുടെ മാത്രം കുത്തകയുമാണ്. ആയോധനകലയും ജിംനാസ്റ്റിക്സും ഒത്തുചേരുന്ന കായിക ഇനമായ മല്ലകമ്പിന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മാത്രമാണ് കാര്യമായ വേരോട്ടം. കഴിഞ്ഞതവണ മല്ലകമ്പിലും യോഗയിലുമായി മഹാരാഷ്ട്ര നേടിയത് 14 മെഡലുകളാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സമ്മർദത്തിന് വഴങ്ങി മല്ലകമ്പും യോഗയും ഇക്കുറിയും മത്സര ഇനമാക്കിയപ്പോൾ ‘കേരളത്തിന്റെ മാത്രം’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കളരിപ്പയറ്റിനെ തഴഞ്ഞിരിക്കുന്നത്. ഡിസംബർ 29നും 30നുമായി ഹരിദ്വാറിലാണ് കളരിപ്പയറ്റ് പ്രദർശനം. 220 താരങ്ങളുടെ പട്ടിക കേരളം തയാറാക്കിയിട്ടുണ്ട്. ഇവർ പരിശീലനം തുടരുകയാണ്.
നടത്തവും പുറത്ത്
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കാത്തതിൽ പ്രതിഷേധം കൊഴുക്കവെ നടത്ത മത്സരവും ഒഴിവാക്കി. അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഒളിമ്പിക്സിലടക്കം ഇന്ത്യയെ പ്രതിനിധാനംചെയ്ത് താരങ്ങൾ നടത്ത മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒഴിവാക്കിയത് സംബന്ധിച്ച അറിയിപ്പിൽ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞതവണ ഗോവയിൽ 20 കി.മീ. ആൺ, പെൺ വിഭാഗങ്ങളിൽ മത്സരം നടന്നിരുന്നു. ഇതിൽ കേരളത്തിൽനിന്നടക്കം താരങ്ങൾ പങ്കെടുത്തു. ഇക്കുറി കേരളത്തിൽനിന്ന് ആരും യോഗ്യത നേടിയിട്ടില്ല.
കളരിപ്പയറ്റ് ഉൾപ്പെടുത്താനാവില്ല -ഉഷ
ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കി ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. മത്സര ഇനമാക്കണമെന്ന ഡൽഹി ഹൈകോടതി വിധിയെക്കുറിച്ച് അറിയില്ല. ഒരുക്കങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഇനി ഉൾപ്പെടുത്തുക പ്രയാസമാണെന്നും അവർ പറഞ്ഞു. പ്രാദേശിക പ്രാധാന്യമുള്ളവ ഒഴിവാക്കി ദേശീയ ഗെയിംസിൽ ഒളിമ്പിക്സ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യാഡ് ഇനങ്ങളിൽ മത്സരം മതിയെന്ന പുതിയ നിലപാടും ഉഷ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഷയുടെ നിലപാട് അമ്പരപ്പിച്ചു -മന്ത്രി
കളരിപ്പയറ്റ് മത്സര ഇനമാക്കാന്‍ തയാറാകാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. ഇനങ്ങള്‍ തീരുമാനിക്കുന്നത് ഐ.ഒ.എ ആണ്. മലയാളിയായ പി.ടി. ഉഷ അധ്യക്ഷയായിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒഴിവാക്കലുണ്ടായത് അമ്പരപ്പിച്ചു. ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐ.ഒ.എക്കും കത്തെഴുതിയിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല. പ്രോത്സാഹിപ്പിക്കേണ്ടയാൾ തന്നെ ഗൂഢതാൽപര്യം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആവശ്യത്തോട് ഉഷ നേരത്തേ തന്നെ മുഖംതിരിച്ചതായി പരാതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിഗണിച്ചില്ല -കെ.ഒ.എ
കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. രാജീവ്. കെ.ഒ.എ പ്രസിഡന്റ് ഡൽഹിയിലെത്തി കേന്ദ്ര കായികമന്ത്രിക്കും ഐ.ഒ.എക്കും കത്ത് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇന്ന് തിരുവനന്തപുരത്ത് വെച്ച് ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷയോട് നേരിട്ട് വീണ്ടും ആവശ്യമുന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

