ഓർമകളിൽ ഒളിമങ്ങാതെ ഒളിമ്പിക് ഗോളും ഗോൾഡൻ ഗോളിെൻറ സുവർണ നിമിഷവും
text_fieldsസന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം, നിൽക്കുന്നവരിൽ വലത്തേ അറ്റത്ത് ജസീർ
മലപ്പുറം: ജസീർ കാരണത്തിന് രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അരീക്കോട് തെരട്ടമ്മൽ സ്വദേശി കൂടിയാവുമ്പോൾ ഫുട്ബാൾതന്നെ ജീവിതം. തുടർച്ചയായ ആറ് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിെൻറ പ്രതിരോധം കാത്തു ജസീർ.
2009-10ലെ കൊൽക്കത്ത സന്തോഷ് ട്രോഫിയിൽ ടീമിനെ നയിച്ചത് മറ്റൊരു ചരിത്രം. 2004-05ൽ ഡൽഹി വേദിയായ തെൻറ അരങ്ങേറ്റ ചാമ്പ്യൻഷിപ്പാണ് ജസീറിെൻറ മനസ്സിലിന്നും ആരവങ്ങൾ മുഴക്കുന്നത്. രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യലബ്ദിക്ക് ശേഷമെത്തുന്ന ആദ്യ സന്തോഷ് ട്രോഫി. മാധ്യമങ്ങളും അത് വലിയ തോതിൽ ആഘോഷമാക്കി. കപ്പും കൊണ്ടാണ് എസ്. ഇഗ്നേഷ്യസ് നയിച്ച കേരളം മടങ്ങിയത്.
സർവിസസിനെതിരായ സെമി ഫൈനലിൻറെ 28ാം മിനിറ്റിൽ പാലക്കാട്ടുകാരൻ അബ്ദുൽ നൗഷാദ് നേടിയ ഒളിമ്പിക് ഗോൾ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം. കോർണർ കിക്ക് തൊടുത്ത നൗഷാദ് പന്ത് വലിയിലെത്തിച്ചു. മണിപ്പൂരിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചെത്തിയ പഞ്ചാബുമായായിരുന്നു കിരീടപ്പോരാട്ടം. ആദ്യ പകുതിയിൽ കേരളം ഒരു ഗോൾ മുന്നിലായിരുന്നു.
നിശ്ചിത സമയം അവസാനിക്കുമ്പോൾ പക്ഷേ, 2-2. എക്സ്ട്രാ ടൈമിൻറെ 17ാം മിനിറ്റിലാണ് അത് സംഭവിച്ചത്. നൗഷാദ് പാരിയുടെ ലോങ് പാസിൽ ക്യാപ്റ്റൻ ഇഗ്നേഷ്യസിെൻറ ഗോൾഡൻ ഗോൾ പിറന്നു. ഈ രണ്ട് മത്സരങ്ങളും കിരീട നേട്ടവുമാണ് തെൻറ പ്രഥമ സന്തോഷ് ട്രോഫിയെ ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റുന്നതെന്ന് ജസീർ പറയുന്നു. തുടർന്ന് കൊച്ചി, ഗുഡ്ഗാവ്, ശ്രീനഗർ, ചെന്നൈ, കൊൽക്കത്ത നഗരങ്ങൾ ആതിഥ്യമരുളിയ ചാമ്പ്യൻഷിപ്പുകളിൽ കളിച്ച് ജസീർ ഡബിൾ ഹാട്രിക് തികച്ചു. സെൻറർ ബാക്കോ വിങ് ബാക്കോ ആയിരുന്നു. കേരളം നേടിയ ഏക അണ്ടർ 21 ദേശീയ ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിച്ചയാളാണ് ജസീർ. 1996ൽ 21ാം വയസ്സിൽ കെ.എസ്.ഇ.ബിയിൽ നിയമനം ലഭിച്ചു. 12 കൊല്ലം ഡിപ്പാർട്ട്മെൻറിനുവേണ്ടി കളിച്ചു.
തെരട്ടമ്മൽ നാഷനൽ സ്പോർട്സ് ക്ലബിലൂടെയായിരുന്നു തുടക്കം. പ്രീ ഡിഗ്രി കാലത്ത് മമ്പാട് എം.ഇ.എസ് കോളജ് ടീമിൽ അംഗം. നിലവിൽ കെ.എസ്.ഇ.ബി കൊണ്ടോട്ടി ഡിവിഷൻ ഓഫിസിൽ സൂപ്രണ്ടാണ് കാരണത്ത് അബ്ദുറസാഖ്-മറിയക്കുട്ടി ദമ്പതികളുടെ മകനായ ജസീർ. ഭാര്യ: ജംഷീന. മക്കൾ: ബൈസൂൻ, എഫ്ഫൻ. ഇഷ്ടടീമായ ജർമനിയുടെ താരം എഫ്ഫൻബർഗിനോടുള്ള പ്രിയമാണ് മകെൻറ പേരിന് പിന്നിൽ.