
ഒളിമ്പിക് ദീപശിഖ അണക്കാൻ വാട്ടർ പിസ്റ്റൾ പ്രയോഗം; ജപ്പാനിൽ വനിത അറസ്റ്റിൽ
text_fieldsടോകിയോ: ജപ്പാനിൽ ദിവസങ്ങൾ കഴിഞ്ഞ് തിരശ്ശീല ഉയരുന്ന ഒളിമ്പിക്സിന്റെ വിഞ്ജാപനമായി എത്തിയ ദീപശിഖ അണക്കാൻ ശ്രമം. ടോകിയോ നഗരത്തിൽ ദീപശിഖ പ്രയാണം നടക്കുന്നതിനിടെയാണ് വനിത എത്തി വാട്ടർ പിസ്റ്റൾ പ്രയോഗം നടത്തിയത്. അപകടമൊഴിവാക്കിയ സുരക്ഷ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തു.
ദീപശിഖ കാണാനെത്തിയ ആൾക്കൂട്ടത്തിനിടെ നിലയുറപ്പിച്ച 53 കാരി പതിയെ മുന്നോട്ടെത്തി പിസ്റ്റൾ എടുക്കുകയായിരുന്നു. അപകടം മണത്ത അധികൃതർ വെള്ളം ദീപശിഖയിലെത്താതിരിക്കാൻ മറച്ചുപിടിച്ച ശേഷം പിസ്റ്റൾ വലിച്ചുമാറ്റി ഇവരെ കസ്റ്റഡിയിലെടുത്തു. 'ഒളിമ്പിക്സിന് അവസാനം', 'ഒളിമ്പിക്സ് വേണ്ട, കായിക മത്സരങ്ങൾ അവസാനിപ്പിക്കൂ' എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രക്ഷോഭം.
കോവിഡ് രൂക്ഷമായ ടോക്കിയോ നഗരത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാണികളെ പ്രവേശിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഒളിമ്പിക്സ് അവസാനിപ്പിക്കാനാവശ്യപ്പെട്ടുള്ള ഒറ്റയാൾ പ്രക്ഷോഭം.