ഒളിമ്പിക്സ്: ഇല്ലാത്ത കാണികൾക്കായി കോടികൾ ചെലവിട്ട് ജപ്പാൻ
text_fieldsടോക്യോ: കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിെവച്ചപ്പോൾ തന്നെ ആതിഥേയരായ ജപ്പാന് കോടികൾ നഷ്ടം സംഭവിച്ചതാണ്. എല്ലാ ഒരുക്കവും പൂർത്തീകരിച്ചതിനു പിന്നാലെയാണ് ലോകം തന്നെ ലോക്ഡൗണിൽ അടച്ചുപൂട്ടേണ്ടിവന്നത്. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ തന്നെ ഒളിമ്പിക്സ് ബാധിച്ചേക്കാമെന്ന വിലയിരുത്തലുകൾ പുറത്തുവന്നതിനിടെയാണ്, ഇത്തവണ വിദേശ കാണികൾ വേണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചത്. തീരുമാനം ഒളിമ്പിക്സിൽനിന്നുള്ള വരുമാനത്തിൽ രാജ്യത്തിന് കാര്യമായ ഇടിവുണ്ടാക്കും. കോവിഡ് ബാധയേറ്റവരെ കണ്ടെത്താൻ കോടികൾ മുടക്കി പ്രത്യേക മൊബൈൽ ട്രാക്കിങ് േസാഫ്റ്റ്വെയർ അടക്കം ജപ്പാൻ വികസിപ്പിച്ചിരുന്നു.
കാണികൾ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ഇതിനായി ചെലവഴിച്ച തുകയെല്ലാം വെറുതെയായി. ഇല്ലാത്ത കാണികൾക്കായി 67 മില്യൺ ഡോളറാണ് (ഏകദേശം 485 കോടി) ചെലവഴിച്ചത്.
നിപ്പോൺ ടെലിഗ്രാഫ് ആൻഡ് ടെലിഫോൺ കോർപറേഷനായിരുന്നു സോഫ്റ്റ്വെയറിെൻറ ചുമതല. ലോകത്തിലെ സുപ്രധാന ഭാഷകളിലെല്ലാം സേവനം ലഭ്യമായ സോഫ്റ്റ്വെയർ രണ്ടു മാസത്തിനുള്ളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഐ.ഒ.സിയുടെ കാണിവിലക്ക് വന്നത്.