മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരം ജാക്ക് ചാൾട്ടൺ അന്തരിച്ചു
text_fieldsലണ്ടൻ: 1966 ഫിഫ ലോകകിരീടത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച ചാൾട്ടൻ സഹോദരങ്ങളിൽ മുതിർന്നയാൾ ജാക്ക് ചാൾട്ടൻ ഓർമയായി. 85 വയസ്സായിരുന്നു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ബോബി മൂർ നയിച്ച ഇംഗ്ലീഷ് ടീമിെൻറ പ്രതിരോധ നിരയിലെ വൻമതിലായിരുന്നു ജാക്ക്. ക്യാപ്റ്റൻ ബോബി മൂർ ലെഫ്റ്റും, ജാക്ക് റൈറ്റും പ്രതിരോധത്തിൽ നിലയുറപ്പിച്ചതോടെ, ഫ്രാൻസ് ബെക്കൻബോവറിെൻറ ജർമനിക്കും യുസേബിയോയുടെ പോർച്ചുഗലിനുമെല്ലാം ഇംഗ്ലീഷ് വൻമതിൽ എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലായി മാറി. മൂന്ന് വയസ്സിന് താഴെയുള്ള സഹോദരൻ ബോബി ചാൾട്ടന് ടീമിെൻറ മധ്യനിരയുടെ കടിഞ്ഞാണായിരുന്നു.

1965 മുതൽ 70 വരെ അഞ്ചു വർഷം മാത്രമെ ഇംഗ്ലണ്ടിനായി കളിച്ചുള്ളൂവെങ്കിലും ലീഡ്സ് യുനൈറ്റഡിലാണ് ജാക്ക് ഫുട്ബാൾ ജീവിതം സമർപ്പിച്ചത്. 1952 മുതൽ 1973 വരെ ലീഡ്സിൽ കളിച്ച ഇംഗ്ലീഷുകാരുടെ സ്വന്തം ജാക്കി 629 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 70 ഗോളുകളും ക്ലബിനായി കുറിച്ചു. പ്രായത്തിൽ മുതിർന്നത് ജാക്കിയാണെങ്കിലും ദേശീയ ടീമിൽ ഇളയ സഹോദരനേക്കാൾ ജൂനിയറായിരുന്നു. 1958ൽ ബോബി ദേശീയ ടീമിലെത്തിയെങ്കിലും ഏഴ് വർഷത്തിനു ശേഷമാണ് ചേട്ടൻ ഇംഗ്ലീഷ് കുപ്പായമണിഞ്ഞത്. തൊട്ടടുത്ത വർഷം തന്നെ ലോകകപ്പ് ടീമിലും ഇടം നേടാനായി. 35 മത്സരങ്ങളിൽ ഇംഗ്ലീഷ് ജഴ്സിയണിഞ്ഞ് ആറ് ഗോളടിച്ചു.
ലോകകപ്പ് ഫൈനലിൽ ബെക്കൻബോവറുടെ പടിഞ്ഞാറൻ ജർമനിയെ 4-2 തോൽപിച്ചാണ് ഇംഗ്ലണ്ട് കിരീടമണിഞ്ഞത്. അധികസമയത്തേക്ക് നീണ്ട കളിയിൽ ജർമനിയുടെ മുന്നേറ്റങ്ങളെല്ലം തച്ചുടച്ചത് മൂറും ജാക്കിയും ചേർന്നായിരുന്നു. സജീവ ഫുട്ബാളിൽ നിന്നും വിരമിച്ചതിനു പിന്നാലെ 38ാം വയസ്സിൽ പരിശീലകവേഷമണിഞ്ഞു. മിഡിൽസ്ബ്രോ, ഷെഫീൽഡ് വെനസ്ഡേ, ന്യൂകാസിൽ യുനൈറ്റഡ് ക്ലബുകളുടെയും അയർലൻഡ് ദേശീയ ടീമിെൻറയും പരിശീലകനായി. പത്തു വർഷം ഐറിഷ് ടീമിെൻറ കോച്ചായിരുന്ന ജാക്കിയെ അയർലൻഡ് ഫുട്ബാളിലെ പരിഷ്കർത്താവായാണ് വിശേഷിപ്പിക്കുന്നത്. മരണസമയത്ത് പത്നി പാറ്റ് കെമ്പും മൂന്ന് മക്കളും അടുത്തുണ്ടായിരുന്നു.