നമ്മൾ കാണുന്ന ‘LIVE’ ശരിക്കും ലൈവ് ആണോ ?സ്ക്രീനുകൾക്ക് പിന്നിലെ രഹസ്യവും സ്‌റ്റേഡിയം കാഴ്ചയും
text_fieldsകാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടക്കവേ കുൽദീപ് യാദവിന്റെ പന്തിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ജോൺ കാംബെൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി പുറത്താകുന്നു. സ്റ്റേഡിയത്തിലിരുന്ന ആരാധകർ ആർത്തുവിളിച്ചു!
എന്നാൽ, സ്റ്റേഡിയത്തിൽ വിക്കറ്റ് വീണതിന് ഏകദേശം 20 സെക്കൻഡുകൾ കഴിഞ്ഞാണ് സ്റ്റേഡിയത്തിലെ കാണികളിരുന്ന ഭാഗത്തെ ഒരു ടിവിയിൽ ആ ദൃശ്യം എത്തിയത്!
സ്റ്റേഡിയത്തിലിരുന്ന് താൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും ടിവിയിലെ തത്സമയ സംപ്രേഷണവും ഒത്തുനോക്കി അനുരാജ് എന്ന ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ടിവി സ്ക്രീനിൽ ‘LIVE’ എന്ന് തെളിഞ്ഞു കത്തുന്നുണ്ടെങ്കിലും നമ്മൾ കാണുന്നത് പൂർണമായും അപ്പപ്പോഴുള്ള ദൃശ്യങ്ങളല്ല എന്ന സത്യമാണ് 'കയ്യോടെ പിടികൂടിയത്'.
ലോകകപ്പ് ഫുട്ബാളിനിടെ ഗൾഫിലെ സുഹൃത്തുക്കളോട് "നിങ്ങൾക്ക് മത്സരം വൈകീട്ടല്ലേ ? ഞങ്ങടെയിവിടെ പാതിരാത്രിയാകും, അതുകൊണ്ട് ആരാ ജയിച്ചേന്ന് സ്റ്റാറ്റസ് ഒന്നും ഇടരുത്! സസ്പെൻസ് പൊളിക്കരുത്" എന്ന് തമാശയായി പറയാറുള്ളതാണ് ഓർമ വന്നത്.
സമയം വ്യത്യസ്തമാണെങ്കിലും, ഗ്രൗണ്ടിൽ പന്ത് ഉരുളുന്ന കൃത്യമായ സെക്കൻഡിൽ തന്നെയാണ് ലോകത്തെല്ലായിടത്തും കളി ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ അർധരാത്രിയാകുമ്പോൾ ഗൾഫിൽ വൈകുന്നേരമേ ആകുന്നുള്ളൂ എന്നതുകൊണ്ട് "അവർ ഭൂതകാലത്തിലും നമ്മൾ ഭാവിയിലുമാണ് ജീവിക്കുന്നത്" എന്ന് വേണമെങ്കിൽ തമാശയായി പറയാമെങ്കിലും, ലൈവ് സംപ്രേഷണം രണ്ടിടത്തും നടക്കുന്നത് ഒരേ സമയത്ത് തന്നെയാണ്! ടൈം ഡിലേ മാത്രമാണ് മാറുന്നത്.
സ്പോർട്സ് മത്സരങ്ങൾ മാത്രമല്ല, വാർത്തകളും അവാർഡ് നൈറ്റുകളും റിയാലിറ്റി ഷോകളും തുടങ്ങി നമ്മൾ ടിവിയിലും ഫോണിലും കാണുന്ന ഒരു ‘ലൈവ്’ പരിപാടിയും 100 ശതമാനം തത്സമയമാകണമെന്നില്ല! എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം? സ്ക്രീനുകൾക്ക് പിന്നിലെ ഡിജിറ്റൽ യാത്രാ വഴിയിലൂടെ ഒന്നുപോയി നോക്കാം.
ഗ്രൗണ്ടിലോ സ്റ്റുഡിയോയിലോ സംഭവിക്കുന്ന ഒരു കാര്യം നിങ്ങളുടെ സ്ക്രീനിൽ എത്തും മുമ്പ് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ക്യാപ്ചർ & എൻകോഡിങ്: ഹൈ-ഫ്രെയിം-റേറ്റ് HD/4K ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രൊഡക്ഷൻ സംവിധാനത്തിലേക്ക് എത്തുന്നു. അവിടെ വീഡിയോ പ്രോസസ്സ് ചെയ്യുകയും സംപ്രേഷണത്തിന് അനുയോജ്യമായ ഫോർമാറ്റിൽ എൻകോഡ് ചെയ്യുകയും ചെയ്യുന്നു. H.264, HEVC തുടങ്ങിയ വീഡിയോ കോഡെക്കുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്.
സാറ്റലൈറ്റ് അപ് ലിങ്ക്&ഡൗൺ ലിങ്ക്: ചില ടെലിവിഷൻ സംപ്രേഷണങ്ങളിൽ സാറ്റലൈറ്റ് ലിങ്കുകളും ഉപയോഗിക്കുന്നു. ഭൂസ്ഥിര സാറ്റലൈറ്റുകൾ ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലാണെങ്കിലും, സാറ്റലൈറ്റ് ദൂരം മാത്രമല്ല ലൈവ് സംപ്രേഷണത്തിലെ താമസത്തിന് കാരണം. സിഗ്നൽ പ്രോസസ്സിങ്, എൻകോഡിങ്, നെറ്റ്‌വർക്ക്, വിതരണ സംവിധാനം തുടങ്ങിയ പല ഘട്ടങ്ങളും കാലതാമസത്തെ സ്വാധീനിക്കും.
പിസിആർ & പ്രൊഡക്ഷൻ കൺട്രോൾ റൂം: ഇവിടെവെച്ചാണ് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന് സംപ്രേഷണം ചെയ്യേണ്ടത് തിരഞ്ഞെടുക്കുന്നത്. ഗ്രാഫിക്സുകൾ, സ്കോർകാർഡുകൾ, റീപ്ലേകൾ തുടങ്ങിയവയും ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇതെല്ലാം പൂർത്തിയാക്കി സിഗ്നൽ ടെലിവിഷനിലേക്കോ ഒടിടി പ്ലാറ്റ്‌ഫോമിലേക്കോ എത്തുമ്പോഴേക്കും യഥാർഥ സംഭവ നിമിഷത്തിൽ ചെറിയൊരു കാലതാമസം വന്നിട്ടുണ്ടാകും.
മനഃപൂർവം വരുത്തുന്ന ‘ഡിലേ’യും സുരക്ഷാസംവിധാനങ്ങളും:
സാങ്കേതിക കാരണങ്ങൾ മാത്രമല്ല ഈ താമസത്തിന് കാരണം! ചില ലൈവ് പരിപാടികളിൽ സംപ്രേഷകർ deliberate broadcast delay ഉപയോഗിക്കാറുണ്ട്.മനഃപൂർവം കുറച്ചുസമയം വൈകിച്ച് ലൈവ് ദൃശ്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സംവിധാനം എന്നുപറയാം. അതായത് അപ്രതീക്ഷിതമായി അസഭ്യവാക്കുകളോ അപകടകരമായ ദൃശ്യങ്ങളോ അനാവശ്യ സംഭവങ്ങളോ ഉണ്ടായാൽ അവ നേരിട്ട് പ്രേക്ഷകരിലേക്ക് എത്തുന്നത് തടയാൻ ഈ ചെറിയ സമയവ്യത്യാസം സഹായിക്കും.
കായിക മത്സരങ്ങളിലും അവാർഡ് പരിപാടികളിലും ഇത്തരം സംവിധാനങ്ങൾ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം. ഒരു സംഭവമുണ്ടായാൽ ക്യാമറ മാറ്റാനോ ശബ്ദം മ്യൂട്ട് ചെയ്യാനോ ‘ബീപ്പ്’ നൽകാനോ ചില സെക്കൻഡുകൾ ലഭിക്കുന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
എന്നാൽ എല്ലാ ചാനലുകളും എല്ലാ പരിപാടികളിലും കൃത്യമായി 5 മുതൽ 10 സെക്കൻഡ് വരെ delay ഇടുന്നു എന്ന് പറയാൻ പറ്റില്ല. പരിപാടിയെയും ബ്രോഡ്കാസ്റ്ററെയും സാങ്കേതിക സംവിധാനത്തെയും ആശ്രയിച്ച് ഈ താമസം മാറാം.
ടിവിയും ഒടിടിയും: അയൽപക്കത്തെ നിലവിളി രഹസ്യവും!
ലൈവ് മത്സരം നടക്കുമ്പോൾ അയൽപക്കത്തെ വീട്ടിൽ നിന്ന് സിക്സറിന്റെ ആർപ്പുവിളി കേട്ട് കുറച്ച് സെക്കൻഡുകൾ കഴിഞ്ഞായിരിക്കും നിങ്ങളുടെ ഫോണിൽ ആ സിക്സർ കാണുന്നത്. ഇതിന് കാരണം പ്രക്ഷേപണ രീതികളിലെ വ്യത്യാസമാണ്.
ടെലിവിഷൻ സംപ്രേഷണവും ഒടിടി സ്ട്രീമിങ്ങും ഒരേ രീതിയിലല്ല പ്രവർത്തിക്കുന്നത്. ഒടിടി ആപ്പുകളിൽ HLS, DASH തുടങ്ങിയ സ്ട്രീമിങ് സാങ്കേതികവിദ്യകൾ വഴി വീഡിയോ ചെറിയ സെഗ്മെന്റുകളായി വിതരണം ചെയ്യുന്നു. ലാഗ് ഇല്ലാതെയും, ഫോൺ ഹാംഗ് ആകാതെയും, ഇന്റർനെറ്റ് സ്പീഡിന് അനുസരിച്ച് തടസ്സമില്ലാതെ വീഡിയോ കാണാൻ സഹായിക്കുന്ന വിദ്യകളാണ് HLS-ഉം DASH-ഉം.
ഇന്റർനെറ്റ് വേഗതയിൽ ചെറിയ മാറ്റങ്ങളുണ്ടായാലും വീഡിയോ തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ പ്ലെയർ ചില ഡാറ്റ മുൻകൂട്ടി ശേഖരിച്ചുവയ്ക്കും. ഇതാണ് ബഫറിങ്. അതായത് ലാഗ് ഇല്ലാതെ വീഡിയോ പ്ലേ ആകാൻ വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുന്നത് കൊണ്ടാണ് ഒടിടിയിൽ ടിവിയേക്കാൾ കുറച്ച് സെക്കൻഡുകൾ വൈകി ദൃശ്യങ്ങൾ എത്തുന്നതെന്ന്. ഇപ്പോ പിടികിട്ടിക്കാണുമെന്ന് കരുതുന്നു.
എന്നാൽ 20 മുതൽ 25 സെക്കൻഡ് വരെ എന്നത് എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ബാധകമായ സ്ഥിരം കണക്കല്ല. പ്ലാറ്റ്‌ഫോം, സ്ട്രീമിങ് സാങ്കേതികവിദ്യ, നെറ്റ്‌വർക്ക് എന്നിവ അനുസരിച്ച് ലേറ്റൻസി മാറും. നിങ്ങൾ ഫോണിൽ "ഹലോ" എന്ന് പറയുമ്പോൾ, അപ്പുറത്തുള്ളയാൾ അത് കേൾക്കാൻ എടുക്കുന്ന ആ ചെറിയ ഒരു സെക്കൻഡിന്റെ താമസമാണ് ലേറ്റൻസി. (ഇത് കൂടിയാൽ സംസാരിക്കാൻ ബുദ്ധിമുട്ടാകും). സ്റ്റേഡിയത്തിൽ സിക്സർ അടിക്കുന്ന അതേ നിമിഷത്തിൽ നിന്ന് എത്ര സെക്കൻഡ് വൈകിയാണോ നിങ്ങളുടെ ഫോണിൽ അത് കാണിക്കുന്നത്, ആ സമയവ്യത്യാസമാണ് സ്ട്രീമിംഗ് ലേറ്റൻസി. ഇത് കുറയ്ക്കാൻ ഇന്ന് LL-HLS, LL-DASH, CMAF തുടങ്ങിയ low-latency സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്.
ലാഗ് മുതലാക്കുന്ന ‘ബെറ്റിങ്’ തട്ടിപ്പുകൾ:
തത്സമയ സംപ്രേഷണത്തിലെ ഈ സമയവ്യത്യാസത്തിന് മറ്റൊരു ഗൗരവമുള്ള വശവുമുണ്ട്. സ്റ്റേഡിയത്തിലിരിക്കുന്ന ഒരാൾക്ക് മൈതാനത്ത് സംഭവിക്കുന്നത് നേരിട്ട് കാണാം. എന്നാൽ ടിവിയിലോ ഒടിടിയിലോ മത്സരം കാണുന്ന ഒരാൾക്ക് അതേ സംഭവം കുറച്ച് സെക്കൻഡുകൾ വൈകിയാണ് ലഭിക്കുന്നത്.
ഈ വിവരവ്യത്യാസം സ്പോർട്സ് ബെറ്റിങ്ങിൽ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട രീതികളെയാണ് ‘Pitch-Siding’ അല്ലെങ്കിൽ ചില കായിക ഇനങ്ങളിൽ ‘Court-Siding’ എന്ന് വിളിക്കുന്നത്. മത്സരം നടക്കുന്ന സ്ഥലത്തുള്ള ഒരാൾ മൈതാനത്ത് സംഭവിക്കുന്ന കാര്യങ്ങൾ സാധാരണ പ്രേക്ഷകരേക്കാൾ നേരത്തെ മനസ്സിലാക്കുന്നു. ഈ വിവരങ്ങൾ ആശയവിനിമയ സംവിധാനങ്ങൾ വഴി പുറത്തുള്ള ആളുകൾക്ക് വേഗത്തിൽ കൈമാറി betting market-ൽ മാറ്റം വരുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന രീതി.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ കായികസംഘടനകളും മത്സര സംഘാടകരും സ്റ്റേഡിയങ്ങളിലെ നിരീക്ഷണവും, പ്രവേശന നിയന്ത്രണവും, സെക്യൂരിറ്റി സംവിധാനം കൂട്ടുകയും വഴി നിയമവിരുദ്ധ ചൂതാട്ടം നടക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കാറുണ്ട്.
ഭാവിയിൽ ഈ ലാഗ് ഒഴിവാക്കാൻ കഴിയുമോ?
സാങ്കേതികവിദ്യ വികസിക്കുന്നതോടെ ലൈവ് സ്ട്രീമിങ് കൂടുതൽ വേഗത്തിലാകുകയാണ്. പഴയ രീതിയിലുള്ള സ്ട്രീമിങ് സംവിധാനങ്ങളിൽ ആവശ്യമായിരുന്ന വലിയ ബഫർ കുറച്ച്, വീഡിയോയുടെ ചെറിയ ഭാഗങ്ങൾ തന്നെ വേഗത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സാങ്കേതികവിദ്യകൾ ഇന്ന് കൂടുതൽ പ്രാധാന്യം നേടുന്നു.
live stream-നും യഥാർത്ഥ സംഭവത്തിനും ഇടയിലെ സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. എങ്കിലും പൂർണമായും ‘ സീറോ ഡിലേ’ എന്നത് സാധാരണ ലൈവ് ബ്രോഡ്കാസ്റ്റിൽ എളുപ്പമുള്ള കാര്യമല്ല. ക്യാമറയിൽ ദൃശ്യം പതിയുന്നതുമുതൽ അത് പ്രോസസ്സ് ചെയ്ത് വിവിധ വിതരണ ശൃംഖലകളിലൂടെ നിങ്ങളുടെ സ്ക്രീനിലെത്തുന്നതുവരെ നിരവധി ഘട്ടങ്ങളുണ്ട്.
സുരക്ഷയ്ക്കായി ചില പരിപാടികളിൽ deliberate broadcast delay ഉപയോഗിക്കുന്നതും തുടർന്നേക്കാം. എന്നു വെച്ച് നിങ്ങൾ കാണുന്നത് റെക്കോർഡ് ചെയ്ത ദൃശ്യമൊന്നുമല്ല. യഥാർഥത്തിൽ നടക്കുന്നത് തന്നെയാണ് നിങ്ങളുടെ സ്‌ക്രീനിലും എത്തുന്നത്. പക്ഷേ നിങ്ങളുടെ സ്ക്രീനിലെത്തുന്ന ചിത്രം ആ സംഭവത്തിന്റെ അതേ നിമിഷമാകണമെന്നില്ല എന്നുമാത്രം.
ക്യാമറ, പ്രൊഡക്ഷൻ, എൻകോഡിങ്, ട്രാൻസ്മിഷൻ, നെറ്റ്‌വർക്ക്, ബഫറിങ് തുടങ്ങി നിരവധി ഘട്ടങ്ങൾ കടന്നാണ് ആ ദൃശ്യം നിങ്ങളുടെ മുന്നിലെത്തുന്നത്. അതിനാലാണ് ചിലപ്പോൾ സ്റ്റേഡിയത്തിലെ ആർപ്പുവിളി ആദ്യം കേൾക്കുന്നതും, അതിന് ശേഷം നിങ്ങളുടെ സ്ക്രീനിൽ സിക്സർ കാണുന്നതും!
സ്റ്റേഡിയത്തിലെ ക്യാമറക്കണ്ണുകൾ:
സ്റ്റേഡിയത്തിൽ ഇരുന്ന് തൽസമയ ക്രിക്കറ്റ് മത്സരം കാണുമ്പോൾ നമ്മുടെ കണ്ണ് പന്തിലും ബാറ്ററിലും മാത്രമായിരിക്കും. എന്നാൽ ചുറ്റും നടക്കുന്ന മറ്റൊരു വലിയ ‘കളി’ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ടിവിയിൽ മത്സരം കാണിക്കുന്നതിനായി ഗ്രൗണ്ടിന് ചുറ്റും പല ഭാഗങ്ങളിലായി നിരവധി ക്യാമറകൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ടാകും.
ഒരു വലിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ 25 മുതൽ 35 വരെ ക്യാമറ പൊസിഷനുകൾ ഉണ്ടാകാം. മത്സരത്തിന്റെ പ്രാധാന്യവും സംപ്രേഷണത്തിന്റെ രീതിയും അനുസരിച്ച് ഈ എണ്ണം മാറുകയും ചെയ്യും.
പന്ത് പിന്തുടരുന്ന പ്രധാന ക്യാമറയ്ക്ക് പുറമെ, ബൗളറെയും ബാറ്ററെയും കാണിക്കുന്ന ക്യാമറകൾ, വിക്കറ്റ് വീഴുന്ന നിമിഷങ്ങൾ പകർത്തുന്ന ക്യാമറകൾ, ഗാലറിയിലെ ആരാധകരെ കാണിക്കുന്ന ക്യാമറകൾ, കളിക്കാരുടെ പ്രതികരണങ്ങൾ പകർത്തുന്ന ക്യാമറകൾ തുടങ്ങി പലതും ഗ്രൗണ്ടിന് ചുറ്റും ഉണ്ടാകും.
പന്ത് ബാറ്റിൽ തട്ടിയോ, എഡ്ജ് ഉണ്ടായോ, ക്യാച്ച് നിലത്തുതൊട്ടോ തുടങ്ങിയ കാര്യങ്ങൾ പിന്നീട് വ്യക്തമായി പരിശോധിക്കാൻ സൂപ്പർ സ്ലോ-മോഷൻ ക്യാമറകളും ഉപയോഗിക്കുന്നു. സാധാരണ ക്യാമറയേക്കാൾ വളരെ വേഗത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നതിനാൽ ഒരു സെക്കൻഡിനുള്ളിലെ ചെറിയ ചലനങ്ങൾ പോലും പിന്നീട് പതുക്കെ കാണാൻ സാധിക്കും.
പിന്നെ നമ്മൾ ടിവിയിൽ പലപ്പോഴും കാണുന്ന സ്പൈഡർ ക്യാം. സ്റ്റേഡിയത്തിന് മുകളിൽ കെട്ടിയിരിക്കുന്ന കേബിളുകളിലൂടെ സഞ്ചരിക്കുന്ന ഈ ക്യാമറയാണ് പിച്ചിന് മുകളിൽ നിന്നുള്ള വ്യത്യസ്ത ദൃശ്യങ്ങൾ നൽകുന്നത്.
എന്നാൽ ഇത്രയും ക്യാമറകൾ ഒരേ സമയം പകർത്തുന്ന ദൃശ്യങ്ങളിൽ ഏതാണ് നമ്മൾ ടിവിയിൽ കാണുന്നത്?
അത് തീരുമാനിക്കാൻ സ്റ്റേഡിയത്തിലെ സംപ്രേഷണ സംഘത്തിന് മുന്നിൽ ഒരേസമയം നിരവധി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉണ്ടാകും. പന്ത് എറിയുമ്പോൾ ഒരു ക്യാമറ, ബാറ്റിൽ തട്ടുമ്പോൾ മറ്റൊന്ന്, ക്യാച്ച് എടുക്കുമ്പോൾ മറ്റൊന്ന് എന്നിങ്ങനെ ആവശ്യമായ സമയത്ത് ശരിയായ ദൃശ്യം തിരഞ്ഞെടുക്കുന്നത് പ്രൊഡക്ഷൻ സംഘമാണ്.
ഒരു ക്യാച്ച് കഴിഞ്ഞാൽ നമ്മൾ ടിവിയിൽ ആദ്യം കാണുന്നത് ഒരു ക്യാമറയിലെ ദൃശ്യമായിരിക്കാം. അതിന് പിന്നാലെ മറ്റൊരു ക്യാമറയിൽ നിന്നുള്ള സ്ലോ-മോഷൻ റീപ്ലേയും എത്തും. ഗാലറിയിലെ ആരാധകരുടെ പ്രതികരണം പോലും ഇതിനിടയിൽ കാണാം.
അതായത്, ടിവിയിൽ നമ്മൾ കാണുന്ന മത്സരം ഗ്രൗണ്ടിൽ നടക്കുന്ന അതേ കാഴ്ചയുടെ ഒരു പകർപ്പ് മാത്രമല്ല. ഒരേ നിമിഷം പല ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത്, ക്രമപ്പെടുത്തി, റീപ്ലേകളും ഗ്രാഫിക്സുകളും ചേർത്താണ് നമ്മളിലേക്ക് എത്തിക്കുന്നത്.
സ്റ്റേഡിയത്തിൽ ഇരിക്കുന്നവർക്ക് മുന്നിൽ ഒരു മത്സരം നടക്കുമ്പോൾ, അതേ സമയം ഗ്രൗണ്ടിന് ചുറ്റും മറ്റൊരു വലിയ ‘ക്യാമറ കളിയും’ നടക്കുന്നുണ്ടെന്ന് ചുരുക്കത്തിൽ പറയാം. ഒരു സിനിമ കാണും പോലെയുള്ള തുടർച്ച കൃത്യമായി നമുക്ക് അനുഭവവേദ്യമാക്കാൻ എത്രയധികം സാങ്കേതിക വിദഗ്ദരാണ് പണിയെടുക്കുന്നത്.
അപ്പോ അടുത്ത തവണ അപ്പുറത്തെ വീട്ടിലെ ടിവിയിൽ ലൈവ് മാച്ച് കണ്ടവരുടെ നിലവിളി ഉയരുമ്പോൾ 'അയ്യോ എന്റെ ഫോണിൽ ഇത് കണ്ടില്ലല്ലോ' എന്ന് വിചാരിച്ച് വിഷമിക്കേണ്ട. ആ 'കുറച്ച് സെക്കൻഡുകളുടെ താമസം' സാങ്കേതികവിദ്യ നമ്മൾക്ക് തടസ്സമില്ലാതെ കളി എത്തിച്ചുതരാൻ എടുക്കുന്ന ഒരു ചെറിയ ബ്രേക്ക് മാത്രമാണ്. എന്നാപ്പിന്നെ ഇനി ഹാപ്പിയായി സ്ട്രീം ചെയ്യാം!എല്ലാവരും ഗോ ടൂ യുവർ ക്ലാസസ്. കാര്യങ്ങളൊക്കെ പിടികിട്ടിയ സ്ഥിതിക്ക് ഇനി എല്ലാവരും പിരിഞ്ഞു പോണം. ഇതൊന്നും മന്ത്രമല്ല, മായയല്ല, കൺകെട്ടുമല്ല!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

