കൊച്ചിയിലെ ഫാൻ പാർക്കിലും ഐ.പി.എൽ വൈബ്
text_fieldsകലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിത്തിലെ ഫാൻ പാർക്കിൽ സൺ റൈസേഴ്സ് ഹൈദരാബാദ്-രാജസ്ഥാൻ റോയൽസ് മത്സരം കാണാനെത്തിയവർ ഫോട്ടോ:ബൈജു കൊടുവള്ളി
കൊച്ചി: ഐ.പി.എൽ 18ാം സീസണിന്റെ ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി അർധ സെഞ്ചുറി നേടി ബംഗളൂരുവിനെ വിജയത്തിലേക്ക് നയിക്കുമ്പോൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മാത്രമല്ല, കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ആർ.സി.ബി ആരാധകർ ആഘോഷത്തിലാറാടി. ബി.സി.സി.ഐയാണ് ക്രിക്കറ്റ് ആരാധകർക്ക് സ്റ്റേഡിയത്തിൽ പോകാതെതന്നെ അതേ ആവേശത്തോടെ കളി കാണാനുള്ള അവസരം കലൂർ സ്റ്റേഡിയത്തിലൊരുക്കിയ ഫാൻ പാർക്കിലൂടെ സമ്മാനിച്ചത്.
ശനിയാഴ്ച ഉദ്ഘാടനമത്സരവും ഞായാറാഴ്ച ഉച്ചക്കും വൈകീട്ടുമായി നടന്ന രാജസ്ഥാൻ-ഹൈദരാബാദ്, ചെന്നൈ-മുംബൈ മത്സരങ്ങളും ഫാൻ പാർക്കിൽ പ്രദർശിപ്പിച്ചു. കളികാണാൻ വലിയ സ്ക്രീനും ഇടവേളകളിൽ പാട്ടും ഡി.ജെയും ഒക്കെയായി അസ്സൽ സ്റ്റേഡിയം പ്രതീതി തന്നെയാണ് നൂറുകണക്കിന് ആരാധകർക്ക് ലഭിച്ചത്.
തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പ്രതിമകൾക്കൊപ്പം സെൽഫി എടുക്കാനുള്ള സെൽഫി പോയന്റും ഫോട്ടോ ബൂത്തും ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കിയിരുന്നു. ഇതിനുപുറമെ ടീമിന്റെ നിറങ്ങൾ മുഖത്ത് വരക്കാനുള്ള ഫേസ് പെയിന്റ് സോണുകളും നെറ്റ്സിൽ ബാറ്റ് ചെയ്യാനായി വെർച്വൽ ബാറ്റിങ് സോണും ഫാൻ പാർക്കിന്റെ മാറ്റുകൂട്ടി.
മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് കളിക്കാനായി ഗെയിം സോൺ, ഫുഡ് കോർട്ട്, സൗജന്യമായി വെള്ളം അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സൗജന്യമായി രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന കൂപ്പണിൽനിന്ന് കളിയുടെ അവസാനം നറുക്കെടുക്കുന്ന ആളുകൾക്ക് ടീമുകളുടെ ഒറിജിനൽ ജഴ്സിയും ലഭിച്ചു.
ശനിയാഴ്ച നഗരത്തിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം വലിയ സ്ക്രീനിന്റെ മധ്യഭാഗത്തുണ്ടായ സാങ്കേതിക തകരാർ കളി ആസ്വദിക്കുന്നതിന്റെ മാറ്റുകുറച്ചു. ഇതുമൂലം പലരും തിരിച്ചുപോവുകയായിരുന്നു. എന്നാൽ, ഞായറാഴ്ച പ്രശ്നം പരിഹരിച്ചതും അവധിദിനമായതും ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കി.
ഉച്ചകഴിഞ്ഞ് തുടങ്ങിയ ഹൈദരാബാദ്-രാജസ്ഥാൻ മത്സരത്തിൽ ചൂട് കാരണം തുടക്കത്തിൽ ആളുകൾ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ തിരക്കേറി. രാത്രി നടന്ന മുംബൈ-ചെന്നൈ ‘എൽ ക്ലാസികോ’ കാണാനും നൂറുകണക്കിന്ആരാധകരാണ് പാർക്കിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.