ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബാത്രയെ തദ്സ്ഥാനത്തുനിന്ന് നീക്കി ഡൽഹി ഹൈകോടതി. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗമെന്ന നിലയിലാണ് ബാത്ര ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
ആജീവനാന്ത അംഗത്വം ദേശീയ കായിക ചട്ട ലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, ഹോക്കി ഇന്ത്യയുടെ ദൈനംദിന പ്രവർത്തനങ്ങൾ മൂന്നംഗ കാര്യനിർവഹണ സമിതിയെ ഏൽപിക്കുകയും ചെയ്തു. ഐ.ഒ.എ വൈസ് പ്രസിഡന്റ് അനിൽ ഖന്നക്ക് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ ചുമതലയും നൽകി.
ബാത്രയെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗമാക്കിയതിനെ എതിർത്ത് മുൻ ദേശീയ താരം അസ് ലം ഷേർഖാൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.