ഭൂഖണ്ഡകടാഹം: ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഇന്ത്യക്ക് ലബനീസ് ചാലഞ്ച്
text_fieldsകിരീടവുമായി ലബനീസ് കോച്ച് അലക്സാണ്ടർ ഐലിക്, ക്യാപ്റ്റൻ ഹസ്സൻ മാതൂക്, ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്, കോച്ച് ഇഗോർ സ്റ്റിമാക് എന്നിവർ
ഭുവനേശ്വർ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ കിരീടം തേടി ഇന്ത്യ ഞായറാഴ്ച കലിംഗ സ്റ്റേഡിയത്തിൽ ലബനാനെ നേരിടും. 2018ലെ ഉദ്ഘാടന എഡിഷനിൽ ജേതാക്കളായ ആതിഥേയർ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗ് റൗണ്ടിൽ തോൽവിയറിയാതെ ഫൈനലിലെത്തിയവരാണ് ഇന്ത്യയും ലബനാനും. സുനിൽ ഛേത്രിയും സംഘവും മൂന്നിൽ രണ്ടു മത്സരങ്ങളും ജയിച്ചെങ്കിൽ ലബനാന് ഒരെണ്ണം മാത്രമേ നേടാനായുള്ളൂ. ഇവരുടെ രണ്ടും ഇന്ത്യയുടെ ഒരു മത്സരവും സമനിലയിലായി. ലീഗിലെ അവസാന മത്സരത്തിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിലായി.
ആദ്യ കളിയിൽ മംഗോളിയക്കെതിരെ രണ്ടു ഗോൾ ജയം നേടിയ ഇന്ത്യ രണ്ടാമത്തേതിൽ ഫിഫ റാങ്കിങ്ങിൽ 164ലുള്ള വനുവാതുവിനെതിരെ ഒറ്റ ഗോളിന് കടന്നുകൂടുകയായിരുന്നു. ലബനാനെതിരെ ഗോളൊന്നും പിറന്നതുമില്ല. ആദ്യ ഇലവനിൽ പരീക്ഷണങ്ങളുടെ നാളുകളായിരുന്നു പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്. മംഗോളിയക്കെതിരായ കളിക്കുശേഷം വനുവാതുവിനെതിരെ ലൈനപ്പിൽ ഒമ്പതു മാറ്റങ്ങൾ വരുത്തി. ലബനാനുമായി ഫലം അപ്രസക്തമായ കളിയിൽ ഒരു പടികൂടി കടന്ന് 10 മാറ്റങ്ങൾ. ക്യാപ്റ്റനും സ്ട്രൈക്കറുമായ ഛേത്രിയെയും ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെയും ബെഞ്ചിലിരുത്തി. നായകന്റെ ആംബാൻഡ് ഡിഫൻഡർ സന്ദേശ് ജിങ്കാന് നൽകിയപ്പോൾ ഗോൾവലയിൽ കാവൽ നിന്നത് അമരീന്ദർ സിങ്.
പരിക്കുകൾ ടീമിനെ പ്രയാസത്തിലാക്കുന്നുണ്ടെന്ന് സമ്മതിച്ച സ്റ്റിമാക്, വ്യാഴാഴ്ച ലബനാനെതിരായ മത്സരത്തിൽ ഇന്ത്യ മോശമാക്കിയതായി കരുതുന്നില്ലെന്ന് വ്യക്തമാക്കി. മുന്നേറ്റത്തിൽ ഇഷാൻ പണ്ഡിതയുടെ അഭാവം വലിയ തിരിച്ചടി തന്നെയാണ്. ലബനാനുമായി കളിച്ചപ്പോൾ നാല് അവസരങ്ങൾ ലഭിച്ചു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നത്തെ തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടതുണ്ടെന്നും കരുതുന്നില്ല. പരിക്ക് ഭേദമായി വരുന്ന ആഷിഖ് കുരുണിയനെ 90 മിനിറ്റും കളിപ്പിക്കുക റിസ്കായിരുന്നു. സ്ട്രൈക്കർ റഹീം അലിക്കെതിരെ കാണികളിൽനിന്ന് വിമർശനം ഉയർന്നതിൽ വിഷമമുണ്ട്. സ്ട്രൈക്കർമാരിൽ വിശ്വാസമർപ്പിക്കുകയും അവരെ പിന്തുണക്കുകയും വേണമെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു.
സ്പാനിഷ് ക്ലബായ കാഡിസിൽ സ്റ്റിമാക്കിന്റെ സഹതാരമായിരുന്നു നിലവിലെ ലബനാൻ കോച്ച് അലക്സാണ്ടർ ഐലിക്. 2018ലെ ഇന്റർ കോണ്ടിനെന്റൽ കപ്പ് പ്രഥമ എഡിഷനിൽ കെനിയയെ 2-0ത്തിന് തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2019ൽ പക്ഷേ, ആതിഥേയർ നാലാം സ്ഥാനത്തായി. ഉത്തര കൊറിയയായിരുന്നു ജേതാക്കൾ. അതിനുശേഷം ഈ വർഷമാണ് മത്സരങ്ങൾ നടക്കുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കാർമികത്വത്തിൽ നടക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഓരോ തവണയും ഇന്ത്യയൊഴികെയുള്ള ടീമുകൾ വ്യത്യസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

