‘പോരാടി ജയിച്ചുവരൂ..’
text_fieldsലോകകപ്പിന് പുറപ്പെടുന്ന ഇറാൻ ടീമിനെ യാത്രയയക്കാൻ തെഹ്റാനിലെ ഇൻക്വിലാബ് ചത്വരത്തിൽ ഒത്തു ചേർന്നവർ
തെഹ്റാൻ: മരണം വിതച്ച് പറന്നെത്തിയ ഇസ്രായേലിന്റെയും അമേരിക്കയുടെയും ബോംബർ വിമാനങ്ങളെയും തീതുപ്പിയ മിസൈലുകളെയും തോൽപിച്ച ഇറാനികൾ തെഹ്റാനിലെ വിപ്ലവ ചത്വരത്തിൽ ഒരിക്കൽ കൂടി ഒന്നിച്ചു. ശത്രുക്കളുടെ പോർവിളിക്കിടയിലും കൂസലില്ലാതെ തെരുവിലിറങ്ങിയവർ ഇത്തവണ തങ്ങളുടെ പ്രിയപ്പെട്ട കാൽപന്തു സംഘത്തിന് യാത്രയയപ്പു നൽകാനായിരുന്നു തെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. മൂന്നാഴ്ചക്കപ്പുറം അമേരിക്കൻ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പിൽ പന്തുതട്ടാനായി പുറപ്പെടുന്ന ഇറാൻ ഫുട്ബാൾ സംഘത്തെ അവർ വിജയാശംസകളോടെ യാത്രയയച്ചു. ഇനിയും അവസാനിക്കാത്ത യുദ്ധത്തിന്റെ പിരിമുറുക്കങ്ങൾക്കിടയിലാണ്, ശത്രുവിന്റെ മണ്ണിലേക്ക് സ്വന്തം മണ്ണിന്റെ പോരാട്ടങ്ങളുടെ പ്രതീകവുമായി ഇറാൻ പുറപ്പെടുന്നത്. ചരിത്ര നിമിഷങ്ങൾക്ക് ഏറെ സാക്ഷ്യം വഹിച്ച ഇൻക്വിലാബ് സ്ക്വയറിൽ, പതിനായിരങ്ങൾ ഒത്തുചേർന്നപ്പോൾ, രാജ്യത്തെയും ടീമിനെയും പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളും ആശംസകളും വലിയ മുഴക്കത്തോടെ പെയ്തിറങ്ങിയ രാവ്. യുദ്ധം നിലനിൽക്കെ, അമേരിക്കൻ മണ്ണിലേക്ക് കളിക്കാനില്ലെന്ന് ഇറാൻ ഒരു ഘട്ടത്തിൽ പ്രഖ്യാപിച്ചു. ഇറാന് സുരക്ഷയൊരുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചതോടെ കാൽപന്ത് മേളയും യുദ്ധപിരിമുറക്കത്തിലായി. എന്നാൽ, ഫിഫ ഇടപെടലോടെ ഇരുപക്ഷത്തെയും മഞ്ഞുരുകുകയും, അമേരിക്കൻ മണ്ണിൽ തന്നെ ഇറാന്റെ കളികൾക്ക് അവസരമൊരുങ്ങുകയുമായിരുന്നു.
രാജ്യത്തെ ജനങ്ങളുടെയും, യുദ്ധത്തിൽ പൊരുതുന്ന സൈനികരുടെയും, പരമോന്നത നേതാവിന്റെയും പ്രതിനിധികളായി ഇറാൻ ടീം ലോകകപ്പിൽ പോരാടുമെന്നായിരുന്നു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ മേധാവി മെഹ്ദി താജിന്റെ വാക്കുകൾ.
ഇറാന്റെ ലോകകപ്പ് കിറ്റും കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ പുറത്തിറക്കി. തെഹ്റാനിൽ നിന്നും തുർക്കിയയിലേക്കാണ് ടീം പറന്നത്. അവിടെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ശേഷം, ജൂൺ രണ്ടാം വാരം അമേരിക്കയിലേക്ക് പറക്കും. മേയ് 29ന് ഗാംബിയക്കെതിരെ അൻതാലിയയിൽ ടീമിന് സൗഹൃദ മത്സരമുണ്ട്. ഗ്രൂപ് ‘ജി’യിൽ ജൂൺ 15ന് ന്യൂസിലൻഡിനെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം. 21ന് ബെൽജിയത്തെയും 26ന് ഈജിപ്തിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

