ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന്
text_fieldsന്യൂഡൽഹി: ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കളമൊരുങ്ങുന്നു. ബി.സി.സി.ഐ പുറത്തുവിട്ട കരട് മത്സര ക്രമപ്രകാരം ഒക്ടോബർ 15ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ലീഗ് പോരാട്ടം. കരട് മത്സര ക്രമം ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്തിമ ഫിക്സ്ചർ തയാറാക്കുക. സുരക്ഷാകാരണങ്ങളാൽ അഹ്മദാബാദിൽ കളിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ അഞ്ചിന് അഹ്മദാബാദിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഉദ്ഘാടന മത്സരത്തിനിറങ്ങും. എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. 11ന് ഡൽഹിയിൽ അഫ്ഗാനിസ്താനും 15ന് അഹ്മദാബാദിൽ പാകിസ്താനും 19ന് പുണെയിൽ ബംഗ്ലാദേശും 22ന് ധർമശാലയിൽ ന്യൂസിലൻഡും 29ന് ലഖ്നോയിൽ ഇംഗ്ലണ്ടും നവംബർ അഞ്ചിന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയും ആതിഥേയരുടെ എതിരാളികളായെത്തുന്ന രീതിയിലാണ് നിലവിലെ ഫിക്സ്ചർ. നവംബർ രണ്ടിന് മുംബൈയിലും 11ന് ബംഗളൂരുവിലും ഇന്ത്യക്ക് കളിയുണ്ട്. യോഗ്യത മത്സരങ്ങൾ പൂർത്തിയാവാത്തതിനാൽ ഇതിലെ എതിരാളികളെ അറിയാനിരിക്കുന്നതേയുള്ളൂ.

