ഏഷ്യൻ ഗെയിംസ്: ഹോക്കിയിൽ ഇന്ത്യ ഇറങ്ങുന്നു
text_fieldsനഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾ ഞായറാഴ്ച ആദ്യ പൂൾ മത്സരങ്ങൾക്ക് ഇറങ്ങുന്നു. വനിതകൾ പൂൾ ബി-യിൽ ഉസ്ബകിസ്താനെയും പുരുഷന്മാർ എ-യിൽ ഇന്തോനോഷ്യയെയും നേരിടും.
നിലവിലെ ചാമ്പ്യന്മാരായ പുരുഷ ടീം സ്വർണം നിലനിർത്താനും 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനുമുള്ള പോരാട്ടത്തിലാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർകൂടി ഉൾപ്പെടുന്നതാണ് പൂൾ എ. ലോകകപ്പിലെ നിരാശ മറക്കാൻ ഇന്ത്യക്ക് സ്വർണത്തുടർച്ച അനിവാര്യമാണ്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് അഞ്ചാം സ്ഥാനം നേടിയ വനിതാ ടീം ആ കളിമികവും ആത്മവിശ്വാസവും തുടരാനാണ് ആഗ്രഹിക്കുന്നത്. ഗ്രൂപ്: പൂൾ ബി-യിൽ ആതിഥേയരായ ജപ്പാൻ, തായ്ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവരാണ് മറ്റു ടീമുകൾ.
ടെക്ബാൾ: ക്വിൻസി സെമിയിൽ പുറത്ത്; ഇന്ന് വെങ്കല മത്സരങ്ങൾ
ആദ്യമായി ഉൾപ്പെടുത്തിയ ടെക്ബാളിൽ ചരിത്ര നേട്ടത്തിനരികെ വീണ് ഇന്ത്യൻ താരം ക്വിൻസി ഡിസൂസ. വനിത സിംഗ്ൾസ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഇമാ സുമയയോട് ക്വിൻസി 1-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഞായറാഴ്ച നടക്കുന്ന വെങ്കല മെഡലിനായുള്ള പ്ലേ-ഓഫ് മത്സരത്തിൽ ക്വിൻസി മാറ്റുരക്കും.
അനസ് ഇമ്രാൻ ബേഗുമൊത്ത് മിക്സഡ് ഡബ്ൾസ് വെങ്കല മെഡൽ മത്സരത്തിനും ക്വിൻസി യോഗ്യത നേടിയിട്ടുണ്ട്. റിപ്പേച്ചേജ് റൗണ്ടിൽ ഫിലിപ്പീൻസ് സഖ്യത്തെ 2-0ത്തിന് പരാജയപ്പെടുത്തി ഇവർ. ഗ്രൂപ് ഘട്ടത്തിൽ താൻ അട്ടിമറിച്ച ജപ്പാന്റെ യുയിന സകാമോട്ടോയെ ക്വിൻസി വീണ്ടും നേരിടും. മിക്സഡിൽ വിയറ്റ്നാമിന്റെ ജിയാൻഗി ട്രിൻ/ഹോവാങ് മിൻ ടാൻ ന്യൂയെൻ സഖ്യമാണ് എതിരാളികൾ.
ഷൂട്ടർമാർ ഉന്നംപിടിക്കുന്നു
ഇന്ത്യയുടെ 30 അംഗ ഷൂട്ടിങ് സംഘം ഏഷ്യൻ ഗെയിംസിൽ വൻ മെഡൽ കൊയ്ത്ത് ലക്ഷ്യമിട്ട് ഞായറാഴ്ച മുതൽ മത്സരരംഗത്തിറങ്ങുന്നു. കഴിഞ്ഞ ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ റെക്കോഡ് നേട്ടമായിരുന്ന 22 മെഡലുകൾ (ഏഴ് സ്വർണം, ഒമ്പത് വെള്ളി, ആറ് വെങ്കലം) ഇത്തവണ മറികടക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. രണ്ട് ഒളിമ്പിക് മെഡലുകൾ നേടി ചരിത്രം കുറിച്ച മനു ഭാക്കറാണ് പിസ്റ്റൾ, റൈഫിൾ ഇനങ്ങളിലെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

