സന്തോഷ് ട്രോഫി ഓർമകളിൽ പഴയകാല താരത്തിന് ആവേശത്തിരയിളക്കം
text_fieldsഅബ്ദുറഹിമാൻ നഹ
പരപ്പനങ്ങാടി: സന്തോഷ് ട്രോഫിയുടെ തിരയിളക്കം മലപ്പുറത്തുനിന്ന് ഉയരുമ്പോൾ ഒറ്റപ്പെടലിന്റെ ദുരിതം മറന്ന് അബ്ദുറഹിമാൻ നഹയുടെ മനസ്സിൽ ആവേശത്തിരയിളക്കം. സന്തോഷ് ട്രോഫി ടൂർണമെന്റിൽ രാജസ്ഥാെൻറ ലെയ്സൺ ഓഫിസറായും പഴയകാല സെവൻസ് ഫുട്ബാൾ പടക്കളത്തിലെ താരമായും ഫുട്ബാൾ ലോകത്ത് നിറഞ്ഞുനിന്ന പരപ്പനങ്ങാടി സ്വദേശി അബ്ദുറഹിമാൻ നഹക്ക് ഫുട്ബാൾ ജീവനും ജീവിതവുമാണ്.
മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്നാണ് കാൽപന്ത് പരിശീലനം നേടിയത്. സ്വാതന്ത്ര്യ സമര സേനാനിയും ബ്രിട്ടീഷ് വിരുദ്ധ കീഴരിയൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയുമായ പരപ്പനങ്ങാടിയിലെ ബോംബ് നഹ എന്ന മുഹമ്മദ് നഹയുടെ സീമന്ത പുത്രനാണ് അബ്ദുറഹിമാൻ നഹ.
86ന്റെ നിറവിലും ഫുട്ബാളെന്ന് കേട്ടാൽ നഹയുടെ എല്ലാ സങ്കടങ്ങളും പറന്നകലും. ഇപ്പോൾ ടൗണിലെ വാടകക്കെട്ടിടത്തിലെ ഒന്നാം നിലയിൽ ഒറ്റയാനായി ജീവിതം തള്ളിനീക്കുകയാണ്. പലയിടത്തായി ജോലിക്കായി അലഞ്ഞ യൗവന കാലത്തിനൊടുവിൽ ദുബൈയിലെത്തി. തൊഴിൽ അന്വേഷണ യാത്രക്കിടെ ചാവക്കാട്ടുകാരനായ മലയാളി ഹോട്ടലുടമ ഖാദർക്കയുടെ കടയുടെ മുന്നിലെത്തി. ഇതോടെ വീണ്ടും ഫുട്ബാളിലേക്ക് ഇറങ്ങാൻ പ്രോത്സാഹനമായി. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഫുട്ബാൾ പരിശീലിക്കുന്നത് നോക്കിനിന്നത് അബ്ദുറഹിമാൻ നഹക്ക് മുന്നിൽ പുതിയ ലോകം തുറന്നു. അങ്ങനെ ദുബൈ ഡിഫൻസിൽ മൂന്നു വർഷത്തിലേറെ ഫിസിക്കൽ പരിശീലന ഓഫിസറായി. ചില പാശ്ചാത്യ ഓഫിസർമാരുടെ വിവേചന പൂർണമായ ഇടപെടലുകളെ ചോദ്യം ചെയ്ത് പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ അബ്ദുറഹിമാൻ നഹ കളിയോടൊപ്പം തുടങ്ങിയ ബിസിനസുകളൊന്നും പച്ചപിടിച്ചില്ല.