ഇടിക്കൂട്ടിൽ ഇടുക്കിയുടെ താരങ്ങളായി ഐറിനും നിമിഷയും
text_fieldsഐറിൻ, നിമിഷ
പീരുമേട്: കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിയുടെ താരങ്ങളായി മാറിയിരിക്കുകയാണ് കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥിനികളായ നിമിഷയും ഐറിനും. ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായാണ് ഇവർ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചത്.
പ്ലസ് 70 കിലോഗ്രാം മത്സരത്തിൽ റിങ് റൗണ്ടിൽ എതിരാളികളെ നേരിട്ടുള്ള കിക്കുകൾക്ക് വീഴ്ത്തിയാണ് നിമിഷ സ്വർണം കൊയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 12 പേർ പങ്കെടുത്ത മത്സരത്തിൽ നിമിഷ മൂന്ന് കളികളിലും എതിരാളികളുടെ മേൽ എകപക്ഷീയമായ ആധിപത്യം നിലനിർത്തി. 2021ൽ കോഴിക്കോട്ടും 2022ൽ കൊല്ലത്തും നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും നിമിഷ സ്വർണം കരസ്ഥമാക്കിയിരുന്നു.
കണയങ്കവയൽ അജുവിന്റെയും മിനിയുടെയും മകളായ നിമിഷ ബി.എസ്സി (മാത്സ് മൂന്നാം വർഷ വിദ്യാർഥിനിയാണ്). ഹാർഡ് ഹോം വിത്ത് വെപ്പൺ മത്സരത്തിലാണ് ഐറിന്റെ സ്വർണനേട്ടം. കൊല്ലത്ത് നടന്ന സംസ്ഥാന ഗെയിംസിലും ഐറിൻ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. പ്ലസ് 45 കിലോഗ്രാം മത്സരത്തിലും ഐറിൻ പങ്കെടുത്തിരുന്നു.
എന്നാൽ, മെഡൽ പട്ടികയിൽ ഇടംപിടിക്കാനുള്ള അവസാന റൗണ്ടിൽ പുറത്തായി. കുമളി ഇലഞ്ഞിയിൽ ജോസഫിന്റെയും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നോളിയുടെയും മകളായ ഐറിൻ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിനിയാണ്. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവായ റെയ്സ് എം. സജിയുടെ ശിക്ഷണത്തിൽ പരിശീലനം തുടരാനാണ് ഇരുവരുടെയും തീരുമാനം.