ഐ ലീഗ് ഗോകുലം ഇന്ന് ഡെംപോക്കെതിരെ
text_fieldsപനാജി: ഐ ലീഗിൽ ജയത്തുടർച്ച തേടി ഗോകുലം കേരള എഫ്.സി ചൊവ്വാഴ്ച കളത്തിൽ. ഫട്ടോർഡ സ്റ്റേഡിയത്തിൽ ആതിഥേയരായ ഡെംപോ എസ്.സിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഡൽഹി എഫ്.സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് ഇറങ്ങുന്നത്. ഗോൾ വരൾച്ചക്ക് ശേഷമായിരുന്നു ഡൽഹിക്കെതിരെ ആഞ്ഞടിച്ചത്.
സീസണിൽ ഏഴു മത്സരം പൂർത്തിയായപ്പോൾ രണ്ട് ജയം, നാലു സമനില, ഒരു തോൽവി എന്നിവ ഉൾപ്പെടെ 10 പോയന്റുമായി ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴ് മത്സരത്തിൽനിന്ന് പത്ത് പോയന്റ് നേടി ഡംപോ ഏഴാം സ്ഥാനത്തുമുണ്ട്.
‘അവസാന മത്സരത്തിലെ വിജയം ടീമിന് മികച്ച ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇതുവരെ ഉണ്ടായിരുന്ന ഗോൾക്ഷാമം മാറിയതോടെ ടീം മാനസികമായും കായികമായും ശക്തി ആർജിച്ചെടുത്തു. ഇന്നത്തെ മത്സരത്തിലും അത് പുറത്തെടുക്കാൻ കഴിയും’- മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി. ഇനിയുള്ള മത്സരത്തിൽ ജയിച്ച് കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗോകുലം പ്രവേശിച്ച് കഴിഞ്ഞു. ഫൈനൽ തേഡിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കളത്തിൽ കാണാനാകുമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.