ലോകകപ്പ് ഹോക്കി: ആസ്ട്രേലിയ ക്വാർട്ടറിൽ
text_fieldsPhoto Credit: PTI
റൂർക്കേല: മുൻ ജേതാക്കളായ ആസ്ട്രേലിയ ലോകകപ്പ് ഹോക്കിയിൽ പൂൾ ജേതാക്കളായി ക്വാർട്ടർ ഫൈനലിൽ. പൂൾ എയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9-2ന് തകർത്താണ് ആസ്ട്രേലിയയുടെ മുന്നേറ്റം. മലേഷ്യയും സ്പെയിനും തമ്മിലുള്ള ക്രോസ് ഓവർ മത്സരത്തിലെ വിജയികളാണ് ക്വാർട്ടറിലെ എതിരാളികൾ. സൂപ്പർ സ്റ്റാർ ഫോർവേഡ് ബ്ലെയ്ക് ഗോവേഴ്സ് ‘കുക്കാബുരാസി’നുവേണ്ടി നാലു ഗോൾ നേടി.
ഇതേ പൂളിലെ മറ്റൊരു മത്സരത്തിൽ അർജന്റീനയും ഫ്രാൻസും 5-5ന് നാടകീയമായ സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ക്രോസ് ഓവർ മത്സരം ജയിച്ചാൽ മാത്രമേ ക്വാർട്ടറിലെത്താനാകൂ. പൂൾ സിയിൽനിന്ന് നെതർലൻഡ്സും ഇന്ത്യ ഉൾപ്പെടുന്ന പൂൾ ഡിയിൽനിന്ന് ഇംഗ്ലണ്ടും നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തി. പൂൾ ഡിയിൽ രണ്ടാമതായ ഇന്ത്യ നാളെ ക്രോസ്ഓവർ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഈ മത്സരം ജയിച്ചാൽ ബെൽജിയമാകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.

