Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightന്യായീകരണങ്ങൾ നിർത്തു,...

ന്യായീകരണങ്ങൾ നിർത്തു, ഉത്തരവാദിത്തം ഏറ്റെടുക്കൂ; ലോകകപ്പ് തോൽവിയിൽ ആഞ്ഞടിച്ച് ശ്രീജേഷ്

text_fields
bookmark_border
ന്യായീകരണങ്ങൾ നിർത്തു, ഉത്തരവാദിത്തം ഏറ്റെടുക്കൂ; ലോകകപ്പ് തോൽവിയിൽ ആഞ്ഞടിച്ച് ശ്രീജേഷ്
cancel

ന്യൂഡൽഹി: നെതർലൻഡ്‌സിൽ നടക്കുന്ന ഹോക്കി ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റനും ഇതിഹാസ ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷ്. ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്റിനെ കേവലം ഒരു 'റിഹേഴ്സൽ' ആയി കാണരുതെന്നും, തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും രണ്ട് തവണ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് കൂടിയായ ശ്രീജേഷ് ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പരാജയങ്ങൾക്ക് പിന്നാലെ 'പഠനാനുഭവം', 'നല്ല ഹോക്കി കളിച്ചു' തുടങ്ങിയ പതിവ് ന്യായീകരണങ്ങൾ നിരത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. "നമ്മൾ വെറുതെ ഹോക്കി കളിക്കാൻ അറിയാവുന്ന ഒരു ടീമിനെയാണോ വാർത്തെടുക്കുന്നത്, അതോ ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ വിജയിക്കാൻ പ്രാപ്തിയുള്ള ഒരു ടീമിനെയോ? ലോകകപ്പ് എന്നത് ഭാവിയിലെ മറ്റൊരു ടൂർണമെന്റിനുള്ള റിഹേഴ്സലല്ല. അതൊരു ലോകകപ്പ് തന്നെയാണ്. ആരാണ് ഇതിലെ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നത്? പരാജയത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? എല്ലാറ്റിലുമുപരി, ആർക്കെങ്കിലും ഇതിൽ യഥാർഥത്തിൽ എന്തെങ്കിലും ആശങ്കയുണ്ടോ?" - ശ്രീജേഷ് ചോദിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെയും ലോസ് ആഞ്ചൽസ് ഒളിമ്പിക്സിനെയും ചൂണ്ടിക്കാട്ടി ലോകകപ്പിലെ വീഴ്ചകൾ മൂടിവെക്കാൻ ഹോക്കി ഇന്ത്യ ശ്രമിക്കരുതെന്നും അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകന് അവധി അനുവദിച്ച നടപടിയെയും ശ്രീജേഷ് നിശിതമായി വിമർശിച്ചു. സുപ്രധാന ടൂർണമെന്റിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകളിൽ പരിശീലകൻ ഒപ്പമില്ലാതെ ഒരു ടീം എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. പരിശീലകനില്ലാതിരുന്നിട്ടും തങ്ങളുടെ സർവശക്തിയുമെടുത്ത് പോരാടിയ വനിതാ താരങ്ങളെ ശ്രീജേഷ് അഭിനന്ദിച്ചു. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ആ പെൺകുട്ടികൾക്ക് മാത്രമാണെന്നും അതിൽ അധികൃതർക്ക് യാതൊരു പങ്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

രണ്ടാം ഘട്ടത്തിലെ നിർണായക മത്സരത്തിൽ അർജന്റീനയോട് 5-3ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പുരുഷ ടീം ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായത്. നേരത്തെ നെതർലൻഡ്‌സിനോടും (3-1) ടീം പരാജയം രുചിച്ചിരുന്നു. അതേസമയം, ലോകകപ്പിൽ മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ വനിതാ ടീമിന് നേരിയ വ്യത്യാസത്തിലാണ് സെമി ഫൈനൽ സാധ്യതകൾ നഷ്ടമായത്. ചൈന, ഇംഗ്ലണ്ട് എന്നിവരെ സമനിലയിൽ തളച്ചും ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടും മുന്നേറിയ വനിതാ ടീം, നെതർലൻഡ്‌സിനോട് തോൽക്കുകയും ഓസ്ട്രേലിയയോട് സമനില വഴങ്ങുകയും ചെയ്തതോടെയാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey indiasportspr sreejeshhockeyHockey World Cup
News Summary - PR Sreejesh Slams Hockey India Over World Cup Performance
Next Story